Sorry, you need to enable JavaScript to visit this website.

യോഗ്യതാ നിർണയ പരീക്ഷക്ക് സജ്ജരാവുക

മൂന്നാം ക്ലാസും ഗുസ്തിയും കഴിഞ്ഞിട്ടായാലും സൗദിയിലെത്തിയാൽ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കാമെന്ന പഴയകാല കാഴ്ചപ്പാട് മാറാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഇനിയും അവശേഷിക്കുന്നുവെങ്കിൽ അതു മാറ്റേണ്ടത് അനിവാര്യമായിരിക്കുന്നു. ഒരു യോഗ്യതയുമില്ലാത്തവരെ  വേണ്ടുവോളം സൗദി അറേബ്യ ഇക്കാലമത്രയും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ  ഇനി അതുണ്ടാവില്ലെന്നാണ് തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ കാണിക്കുന്നത്. വിദേശത്ത് ജോലി തേടാൻ ആഗ്രഹിക്കുന്നവർ തൊഴിൽ നൈപുണ്യം നേടുക മാത്രമല്ല, അതു പരീക്ഷ എഴുതി തെളിയിക്കുക കൂടി വേണ്ടിവരും. സൗദിയിലെത്തുന്ന തൊഴിലാളികളിൽ അധികപേരും ഇന്ത്യക്കാരും അതിൽ നല്ല ശതമാനവും മലയാളികളുമാണ്. എന്നാൽ ഇനി മുതൽ  ഏതു തൊഴിലിനെത്തുന്നയാളാണെങ്കിലും അതിൽ പ്രാവീണ്യവും മതിയായ യോഗ്യതയും  ഉണ്ടോ എന്നു പരിശോധിച്ചു മത്രമായിരിക്കും വിസ അനുവദിക്കുക. ഇതിനായി ഡിസംബർ മുതൽ പരീക്ഷകൾ നടത്താൻ സൗദി തൊഴിൽ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. പരീക്ഷക്കായി തെരഞ്ഞെടുത്തിട്ടുള്ള ഭാഷകളിൽ ഇന്ത്യക്കു വേണ്ടി ഹിന്ദി മാത്രമാണുള്ളതെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാവും. ഇംഗ്ലീഷിലും പരീക്ഷ എഴുതാമെങ്കിലും മലയാളികളായ അവിദഗ്ധ തൊഴിലാളിൽ അധികപേരും ഇംഗ്ലീഷും ഹിന്ദിയും അറിയാത്തവരാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടുകയോ, ഉദ്യോഗാർഥികൾക്ക് ആ രീതിയിൽ പരിശീലനം നൽകി പരീക്ഷക്കു സജ്ജമാക്കുകകയോ ചെയ്തില്ലെങ്കിൽ മലയാളി പ്രാതിനിധ്യമാവും നഷ്ടപ്പെടുക. 
ഇപ്പോൾ സാദാ തൊഴിലാളി (ആമിൽ) വിസയിലാണ് അധിക പേരും സൗദിയിലുള്ളത്. ആമിൽ പ്രൊഫഷനിലുള്ള വിസകൾ നിർത്തലാക്കുന്നുവെന്ന പ്രചാരണം മന്ത്രാലയം നിഷേധിച്ചിട്ടുണ്ടെങ്കിലും തൊഴിലുകൾ തരംതിരിക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നീക്കം ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് തൊഴിലിന് അനുസൃതമായി യോഗ്യതാ പരീക്ഷ പാസാകണമെന്ന നിബന്ധന വെച്ചിട്ടുള്ളത്. ഇതിനായി പ്രൊഫഷനൽ എക്‌സാമിനേഷൻ പരീക്ഷാ പദ്ധതി സർക്കാർ തയാറാക്കിക്കഴിഞ്ഞു. സർക്കാർ പദ്ധതികൾക്കു കീഴിൽ ജോലി ചെയ്യുന്നവർക്കും ഇനി വരുന്നവർക്കും പ്രൊഫഷനൽ പരീക്ഷാ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നത് നിർബന്ധമാക്കിയ സാഹചര്യത്തിൽ നിലവിൽ ഉള്ളവരും യോഗ്യതാ നിർണയ പരീക്ഷ എഴുതേണ്ടി വരും. ഇതിനായി സൗദി അറേബ്യക്കുള്ളിലോ വിദേശത്തോ പരീക്ഷക്ക് സൗകര്യമൊരുക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്. പരമാവധി മൂന്നു അവസരമാവും നൽകുക. സൗദി അറേബ്യക്കകത്തു നടത്തുന്ന തൊഴിൽ പരീക്ഷക്ക് 400 റിയാൽ മുതൽ 500 റിയാൽ വരെയും വിദേശങ്ങളിൽ വെച്ചുള്ള പരീക്ഷക്ക് 150 റിയാൽ മുതൽ 200 റിയാൽ വരെ ഫീസും നിശ്ചയിച്ചിട്ടുണ്ട്.  
ഇവിടെ ജോലി ചെയ്യുന്നവർക്ക് നിശ്ചിത തൊഴിലുകളിൽ നൈപുണ്യവും പരിജ്ഞാനവുമുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് പരീക്ഷ കൊണ്ട് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതൽ തൊഴിലാളികൾ എത്തുന്ന ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ യോഗ്യതാ നിർണയ പരീക്ഷ ബാധകമാക്കിയിട്ടുള്ളത്. സൗദിയിൽ ഏറ്റവും കൂടുതൽ തൊഴിലാളികളുള്ളത് ഇന്ത്യക്കാരാണെന്നതിനാൽ ഇന്ത്യക്കാണ് പ്രഥമ പരിഗണന. രണ്ടാം ഘട്ടത്തിൽ ഫിലിപ്പൈൻസും മൂന്നും നാലും ഘട്ടങ്ങളിൽ ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്ത്, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സൗദിയിലേക്ക് തൊഴിൽ തേടുന്നവരിൽ 95 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നുള്ളവരായതിനാലാണ് ആദ്യഘട്ടത്തിൽ ഈ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഭാവിയിൽ സൗദിയിൽ ജോലി ചെയ്യുന്നതിനും പ്രൊഫഷൻ മാറ്റത്തിനും പുതിയ വർക്ക് പെർമിറ്റിനും വർക്ക് പെർമിറ്റ് പുതുക്കുന്നതിനും അടിസ്ഥാന വ്യവസ്ഥയായി യോഗത്യാ നിർണയ പരീക്ഷ നിർബന്ധമാക്കും. 
അറബി, ഹിന്ദി, തഗാലോഗ്, ഇംഗ്ലീഷ്, ഉർദു എന്നീ അഞ്ചു ഭാഷകളിൽ പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. തിയറി, പ്രാക്ടിക്കൽ പരീക്ഷകളായിരിക്കും ഉണ്ടാവുക. ഇതിനായി സൗദിക്കകത്ത് എട്ടു കേന്ദ്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്. തുടർന്ന് ഉദ്യോഗാർഥികൾ സൗദിയിലേക്കു വരുന്നതിനു മുൻപു തന്നെ അതതു രാജ്യങ്ങളിൽ പരീക്ഷ എഴുതി യോഗ്യത നിർണയിക്കുന്നതിനുള്ള നടപടികളും ഉണ്ടാവും. ആറു മാസത്തിനുള്ളിൽ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാ പ്രക്രിയകൾ ക്യാമറകൾ വഴി നിരീക്ഷിക്കുന്നതിനും സൂക്ഷ്മ പരിശോധന നടത്തുന്നതിന് ആറു സർക്കാർ വകുപ്പുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയിൽ പരാജയപ്പെടുന്ന തൊഴിലാളികളെ നിലനിർത്തുന്നതിന് ആഗ്രഹിക്കുന്ന കമ്പനികളെ അവർ നൽകുന്ന കത്തുകളുടെ അടിസ്ഥാനത്തിൽ നിലനിർത്തുമെങ്കിലും സർക്കാർ പദ്ധതികളിൽ ഇവരെ ജോലി ചെയ്യാൻ അനുവദിക്കില്ല. മറ്റു കമ്പനികളിലേക്ക് മാറണമെന്നുണ്ടെങ്കിലും പരീക്ഷ പാസാകേണ്ടിവരും. 
തൊഴിൽ നിയമങ്ങളിലെ ഈ മാറ്റം മുന്നിൽ കണ്ടുകൊണ്ട് അതിനനുസൃതമായി ഉദ്യോഗാർഥികളെ വാർത്തെടുക്കാനുള്ള ശ്രമം കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാവണം. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും നടത്തുന്ന പരീക്ഷ മലയാളികളായ ഉദ്യോഗാർഥികളും എഴുതേണ്ടി വരുമെന്നതിനാൽ ഇത് പലരെയും പ്രതികൂലമായി ബാധിച്ചേക്കും. 
ഇതു കണക്കിലെടുത്ത് സംസ്ഥാന സർക്കാറും പ്രവാസി സംഘടനകളും ഭാഷാ പരിജ്ഞാനവും യോഗ്യതാ നിർണയ പരീക്ഷ വിജയിക്കുന്നതിനുള്ള പരിശീലനവും ഉദ്യോഗാർഥികൾക്ക് നൽകാൻ തയാറാവണം.  അതല്ലെങ്കിൽ മലയാളികളായ ഉദ്യോഗാർഥികൾ പിൻതള്ളപ്പെട്ടു പോകാനിടയാവും. 
ഓരോ രാജ്യത്തെയും നിയമങ്ങൾക്കനുസരിച്ച പരിശീലനവും ബോധവൽക്കരണവും നൽകിയാൽ മാത്രമേ, വിദേശ തൊഴിലിടങ്ങളിലെ കേരളത്തിന്റെ സ്വാധീനം നിലനിർത്താൻ കഴിയൂ. 

Latest News