Sorry, you need to enable JavaScript to visit this website.
Monday , July   06, 2020
Monday , July   06, 2020

പരിപാവനം, നീതിപീഠത്തിന്റെ നിഷ്പക്ഷത


ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നവംബർ 17 ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും വിരമിച്ചു. 18 ന് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്യത്തെ പരമോന്നത കോടതിയിലെ ഈ മാറ്റത്തിൽ അസാധാരണത്വം ഒന്നും തന്നെയില്ല. 
സ്ഥാനം ഒഴിയുന്ന ചീഫ് ജസ്റ്റിസിന്റെ സ്ഥാനത്ത് തൊട്ടുതാഴെയുള്ള മുതിർന്ന ജഡ്ജി നിയമിക്കപ്പെടുന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ പിന്തുടർന്നുവരുന്ന കീഴ്‌വഴക്കമാണ്. സ്വതന്ത്ര ഇന്ത്യയുടെ ജുഡീഷ്യറിയുടെ ചരിത്രത്തിൽ സീനിയോറിറ്റി ക്രമം മറികടന്ന് ചീഫ് ജസ്റ്റിസിനെ നിയമിച്ച രണ്ട് സംഭവങ്ങളേ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. 1973 ൽ ജസ്റ്റിസ് എ.എൻ. റേയുടെ നിയമനവും 1977 ൽ ജസ്റ്റിസ് എം.എച്ച്. ബെയ്ഗിന്റെ നിയമനവും മാത്രമാണ് അവ. എന്നാൽ ജസ്റ്റിസ് ഗൊഗോയിയുടെ വിരമിക്കലും ജസ്റ്റിസ് ബോബ്‌ഡെയുടെ സത്യപ്രതിജ്ഞയും ചർച്ചാവിഷയമാകുന്നത് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ്. സമീപകാലത്ത് പരമോന്നത കോടതിയിൽ നിന്നും വിവിധ വിഷയങ്ങളിലുണ്ടായ വിധികൾ ജുഡീഷ്യറിയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും സംബന്ധിച്ച് നിയമ വൃത്തങ്ങളിലടക്കം സംശയങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് ഗൊഗോയിയുടെ പല വിധികളെ സംബന്ധിച്ചും ഭരണപരമായ തീരുമാനങ്ങളെ സംബന്ധിച്ചും അവഗണിക്കാനാവാത്ത പല ചോദ്യങ്ങളും ഉയർന്നുവന്നിരുന്നു. 
അതിനു മുമ്പ് വിരമിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കാലയളവിലും വിവാദങ്ങൾ ഉയർന്നിരുന്നു. പരമോന്നത കോടതിയിലെ നാല് ജഡ്ജിമാർ കോടതി വിട്ടിറങ്ങി പത്രസമ്മേളനം നടത്താനിടയായ സാഹചര്യവും വിസ്മരിക്കാനാവില്ല. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെ ഉയർന്ന ലൈംഗിക ആരോപണവും അതിൽ നടന്ന 'ആഭ്യന്തര അന്വേഷണ'വും തീർപ്പും ശക്തമായ വിമർശനങ്ങൾ ഉയർത്തി.
മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അഖിൽ ഖുറേഷി ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് കണ്ടെത്തിയിട്ടും അദ്ദേഹത്തെ ത്രിപുര ഹൈക്കോടതിയിലേക്ക് മാറ്റി നിയമിച്ചതും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന തഹിൽ രമാനിയുടെ രാജിയിൽ കലാശിച്ച സ്ഥലംമാറ്റ നടപടിയും പരമോന്നത കോടതിയുടെ ഭരണ നിർവഹണ രംഗത്തെ സുതാര്യത ഇല്ലായ്മയായാണ് പൊതുസമൂഹം വിലയിരുത്തിയത്. 
അയോധ്യ ഭൂമിതർക്ക കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി കശ്മീരിലെ മനുഷ്യാവകാശ പൗരാവകാശ പ്രശ്‌നങ്ങളോട് അവലംബിച്ച സമീപനം, ദേശീയ പൗരത്വ രജിസ്റ്റർ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പൊതുവേദിയിൽ നടത്തിയ അഭിപ്രായ പ്രകടനം, റഫാൽ ഇടപാട് സംബന്ധിച്ച കേസിലെ വിധി, ശബരിമല പുനഃപരിശോധനാ ഹരജി വിശാല ഭരണഘടന ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ് തുടങ്ങിയവ രാജ്യത്തെ പരമോന്നത കോടതിയുടെ പാരമ്പര്യമായി ചിരപ്രതിഷ്ഠ നേടുമെന്ന ആശങ്കയും അസ്ഥാനത്തല്ല. സുപ്രീം കോടതിയുടെ വിധികളും ഭരണ നടപടികളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന പല വൃത്തങ്ങളും ഇന്ത്യൻ ജുഡീഷ്യറിയുടെ മൗലിക സ്വഭാവത്തിൽ മാറ്റം വരുന്നതായാണ് വിലയിരുത്തുന്നത്.
ഭരണഘടനക്കും സാർവത്രിക നീതിന്യായ മാനദണ്ഡങ്ങൾക്കും ഉപരി വിശ്വാസങ്ങളെ, അതും യുക്തിഭദ്രമായ അടിത്തറ ഇല്ലാത്തവയെ, പ്രതിഷ്ഠിക്കുന്നത് ജനാധിപത്യ മതേതതര മൂല്യങ്ങൾക്ക് ക്ഷതമേൽപിക്കുന്നവയാണന്ന അഭിപ്രായം നിയമ വൃത്തങ്ങളിൽ പോലും ശക്തമാണ്. സുപ്രീം കോടതിയും രാജ്യത്തെ ജുഡീഷ്യറിയും നിഷ്പക്ഷവും സ്വതന്ത്രവുമായി നിലനിൽക്കേണ്ടത് ജനാധിപത്യ മതേതര റിപ്പബ്ലിക് എന്ന നിലയിൽ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണ്. ഉന്നത നീതിപീഠം ഒരു കാരണവശാലും ജനങ്ങൾക്കു മുന്നിൽ സംശയത്തിന്റെ നിഴലിൽ ആയിക്കൂടാ. ജുഡീഷ്യറിയെ സംശയാതീതമായി നിലനിർത്താൻ ന്യായാധിപർക്കും ഭരണകൂടത്തിനും പൊതുജനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തം ഉണ്ട്.
ജസ്റ്റിസ് ബോബ്‌ഡെയെ ഇന്ത്യയുടെ നിയുക്ത ചീഫ് ജസ്റ്റിസായി നിർദേശിക്കപ്പട്ട ഒക്ടോബർ 29 ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര അദ്ദേഹത്തെ സന്ദർശിക്കുകയും പൂച്ചെണ്ട് സമ്മാനിക്കുകയും ഉണ്ടായി. ഭരണകൂടവും ഉന്നത നീതിപീഠവും തമ്മിലുള്ള ചങ്ങാത്തം സ്പഷ്ടമാക്കുന്ന നടപടിയായാണ് അത് വ്യാഖ്യാനിക്കപ്പെട്ടത്. 
ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ അപൂർവ സംഭവങ്ങളിൽ ഒന്നായിരുന്നു അത്. പരമോന്നത കോടതിയുടെ മേൽ പക്ഷപാതിത്വത്തിന്റെയും അസ്വാതന്ത്ര്യത്തിന്റെയും സംശയം ഉയരാതെ ഭരണഘടന വിഭാവനം ചെയ്യുന്ന വിധം ജുഡീഷ്യറിയെ സംരക്ഷിച്ചു നിലനിർത്തുക പുതിയ ചീഫ് ജസ്റ്റിസിന്റെ ഉത്തരവാദിത്തമാണ്.

 

Latest News