Sorry, you need to enable JavaScript to visit this website.

യുഎന്നില്‍ ഫലസ്തീനെ അനുകൂലിച്ച് ഇന്ത്യയുടെ വോട്ട്; യുഎസും ഇസ്രാഈലും എതിര്‍ത്തു

ന്യൂയോര്‍ക്ക്- ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തെ പിന്തുണച്ച് യുഎന്‍ പൊതുസഭയിയില്‍ ഇന്ത്യ വോട്ടു ചെയ്തു. ഇന്ത്യ ഉള്‍പ്പെടെ 165 രാജ്യങ്ങള്‍ ഇതു സംബന്ധിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ യുഎസ്, ഇസ്രാഈല്‍, നൗറു, മൈക്രോനേഷ്യ, മാര്‍ഷല്‍ ഐലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഓസ്‌ട്രേലിയ, ഗ്വാട്ടിമാല, റുവാണ്ട ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഈജിപ്ത്, ഉത്തര കൊറിയ, നിക്കരാഗ്വ, സിംബാബ്വെ, ഫലസ്തീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രമേയം കൊണ്ടു വന്നത്. നവംബര്‍ 19നായിരുന്നു വോട്ടെടുപ്പ്.

ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രാഈല്‍ അധിനിവേശത്തെ സംബന്ധിച്ച നയത്തില്‍ യുഎസ് മാറ്റം വരുത്തിയതിനു പിന്നാലെയാണ് ഈ പ്രമേയം വോട്ടെടുപ്പിനു വന്നത്. വെസ്റ്റ്ബാങ്കിലെ ഇസ്രാഈല്‍ കുടിയേറ്റത്തെ അധിനിവേശമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് അമേരിക്കയുടെ പുതിയ നിലപാട്. ഫലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് തള്ളിയാണ് അമേരിക്ക് ഇസ്രാഈലിനെ ന്യായീകരിക്കുന്ന ഈ നയം സ്വീകരിച്ചത്. വെസ്റ്റ് ബാങ്കിലെ ഇസ്രാഈല്‍ കുടിയേറ്റം നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

നാലു പതിറ്റാണ്ടായി തുടര്‍ന്നു വന്ന നയത്തില്‍ നിന്നുള്ള പിന്മാറ്റമാണിത്. 1967ലെ യുദ്ധത്തിനു ശേഷം വെസ്റ്റ് ബാങ്ക് കൈയേറി ഇസ്രാഈല്‍ കോളനികള്‍ സ്ഥാപിച്ചത് ജനീവ കരാറിന്റെ ലംഘനമായാണ് യുഎസ് അടക്കം അന്താരാഷ്ട്ര സമൂഹം കണക്കാക്കുന്നത്.
 

Latest News