വാരാണസി- സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്‌ലിം അധ്യാപകനെ നിയമിച്ചതിനെതിരെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ചയായി നടത്തി വരുന്ന സമരത്തിന് മറുപടിയായി വിദ്യാര്‍ത്ഥികളുടെ തന്നെ കൂറ്റന്‍ പ്രകടനം. സംസ്‌കൃത അധ്യാപികനായി നിയമിക്കപെട്ട ഡോ. ഫിറോസ് ഖാന് പിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥികള്‍ റാലി നടത്തി. ഫിറോസ് ഖാനെതിരെ നടക്കുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്നും അദ്ദേഹത്തെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ബുധനാഴ്ച വൈകുന്നേരം നിരവധി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. യൂണിവേഴ്‌സിറ്റിയുടെ മുഖ്യ കവാടമായ ലങ്ക ഗേറ്റില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഞങ്ങള്‍ ഡോ. ഫിറോസ് ഖാനൊപ്പമുണ്ട് എന്നെഴുതിയ ബാനറുമായാണ് പ്രകടനം നടത്തിയത്.
യൂണിവേഴ്‌സിറ്റിയിലെ സംസ്‌കൃത് വിദ്യ ധര്‍മ വിജ്ഞാന്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായി നവംബര്‍ അഞ്ചിനാണ് ഫിറോസ് ഖാനെ നിയമിച്ചത്. എന്നാല്‍ ഈ വകുപ്പിലെ വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി വിസിയുടെ കാര്യാലയത്തിനു മുന്നില്‍ സമരം ആരംഭിക്കുകയായിരുന്നു. സംസ്‌കൃതം പഠിപ്പിക്കുന്ന ഈ പ്രത്യേക വകുപ്പില്‍ ഹിന്ദുവല്ലാത്ത അധ്യാപകനെ വേണ്ടെന്ന് ആവശ്യപ്പെട്ടാണ് സമരം. ഫിറോസ് ഖാന്റെ നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെടുന്നു.
Read Also I സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്‌ലിം അധ്യാപകന്‍ വേണ്ട; ബനാറസില്‍ വിദ്യാര്‍ത്ഥികളുടെ വര്‍ഗീയ സമരം തുടരുന്നു
എന്നാല്‍ ഫിറോസ് ഖാന് എല്ലാ യോഗ്യതകളും ഉണ്ടെന്നും നിയമനം നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് റദ്ദാക്കില്ലെന്നുമാണ് യൂണിവേഴ്‌സിറ്റി നിലപാട്. ഇന്ത്യയിലെ പ്രമുഖ സംസ്‌കൃത പണ്ഡിതനായ പ്രൊഫസര്‍ രാധാവല്ലഭ് ത്രിപാഠി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സമിതിയാണ് ഫിറോസ് ഖാനെ തിരഞ്ഞെടുത്തത്. സംസ്‌കൃത അധ്യാപനത്തിന്റെ പരമ്പരാഗതി രീതിയില്‍ പരിശീലനം ലഭിച്ച മികച്ച അധ്യാപകനാണ് ഫിറോസ് ഖാനെന്ന് ത്രിപാഠി പറഞ്ഞു. കുത്സിത താല്‍പര്യക്കാരാണ് അദ്ദേഹത്തിനെതിരെ സമരം നടത്തുന്നതെന്നും ്അദ്ദേഹം പറഞ്ഞു.






