Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ് കേസില്‍ മൂന്ന് കക്ഷികള്‍ കൂടി പുനഃപരിശോധനാ ഹരജി നല്‍കും

ന്യൂദല്‍ഹി-ബാബരി മസ്ജിദ്- അയോധ്യാ തര്‍ക്കഭൂമി കേസില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ മൂന്ന് മുസ്ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹരജികള്‍ നല്‍കും.

ഹാജി മഹ്ബൂബ്, മൗലാന ഹിസ്ബുല്ല, കേസിലെ ആദ്യകക്ഷികളില്‍ ഒരാളായ ഹാജി അബ്ദുള്‍ അഹമ്മദിന്റെ മക്കളായ ഹാജി അസദ് അഹമ്മദ് ഹഫീസ് റിസ് വാന്‍  എന്നിവരാണ് പുനഃപരിശോധനാ ഹരജി നല്‍കാന്‍ തീരുമാനിച്ചത്.

ഹാജി അസദ് അഹമ്മദും ഹഫീസ് റിസ് വാനും ഒറ്റക്കക്ഷിയായാണ് കോടതിയെ സമീപിക്കുക. ഇവര്‍ അടുത്ത ദിവസം തന്നെ ഹരജി സമര്‍പ്പിക്കുമെന്നാണ് സൂചന.

തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുത്ത ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനാ ഹരജികള്‍ നല്‍കാന്‍ ഇതിനകം ഏഴു മുസ്ലിം കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, കേസിലെ പ്രധാന കക്ഷികളില്‍ പെടുന്ന സുന്നി വഖഫ് ബോര്‍ഡില്‍ പുനഃപരിശോധനാ ഹരജി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം തുടരുകയാണ്.
26ന് ലഖ്‌നൗവില്‍ ചേരുന്ന സുന്നി വഖഫ് ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

1949 ഡിസംബറിലാണ് ബാബരി മസ്ജിദിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ സ്ഥാപിച്ചത്. 1991ല്‍ പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തര്‍ക്കഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു കൊടുത്തു കൊണ്ടുള്ള വിധി യുക്തിസഹമല്ലെന്നാണ് പുനഃപരിശോധനാ ഹരജി നല്‍കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

 

Latest News