മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ സിങ് എംപി പ്രതിരോധ മന്ത്രാലയം സമിതിയില്‍ അംഗം

ന്യൂദല്‍ഹി- ഹിന്ദുത്വ തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞ മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ബിജെപി എംപിയുമായി പ്രജ്ഞ സിങ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയത്തിന്റെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്  അധ്യക്ഷനായ പാര്‍ലമെന്ററി കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റിയിലെ 21 അംഗങ്ങളില്‍ ഒരാളാണ് പ്രജ്ഞ. പ്രതിപക്ഷ നേതാക്കളായ ശരത് പവാര്‍, ഫാറൂഖ് അബ്ദുല്ല എന്നിവരും ഉള്‍പ്പെടുന്ന സമിതിയാണിത്.

പ്രജ്ഞയെ ഈ സുപ്രധാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ദൗര്‍ഭാഗ്യകരമെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ബിജെപിയുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രി പി സി ശര്‍മ ആരോപിച്ചു. വിവാദ പ്രസ്താവനകള്‍ നടത്തിയതിന് പ്രജ്ഞയ്‌ക്കെതിരെ നടപടി എടുക്കുമെന്ന് മോഡിജി പറഞ്ഞിരുന്നു. വേറേയും പല ആരോപണങ്ങളും അവര്‍ക്കെതിരെ ഉണ്ട്. ഇങ്ങനെ ഒരാളെ സുപ്രധാന സമിതിയില്‍ ഉള്‍പ്പെടുത്തിയത് ദൗര്‍ഭാഗ്യകരമാണ്- ശര്‍മ പറഞ്ഞു. 

മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രജ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായാണ് അവര്‍ക്ക് ബിജെപി അംഗത്വം നല്‍കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിങിനെ ഭോപാലില്‍ പരാജയപ്പെടുത്തിയാണ് പ്രജ്ഞ എംപിയായത്. പൊതു രംഗത്ത് സജീവമായതോടെ വിവാദമായ നിരവധി പ്രസ്താവനകളിലൂടെ കോളിളക്കമുണ്ടാക്കിയ പ്രജ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഗാന്ധിയെ വെടിവച്ചു കൊന്ന ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്നു വിശേഷിപ്പിച്ചത്.
 

Latest News