പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം -കെ.സുരേന്ദ്രന്‍

കോഴിക്കോട്- മുസ്‌ലിം തീവ്രവാദം സംബന്ധിച്ച് സി.പി.എം നിലപാട് തികഞ്ഞ ഇരട്ടത്താപ്പും ആത്മാര്‍ഥതയില്ലാത്തതുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോടവാശ്യപ്പെടാന്‍ തയാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
 പാര്‍ട്ടി സഖാക്കള്‍ യു.എ.പി.എ കേസുകളില്‍ കുടുങ്ങിയപ്പോള്‍ ജനരോഷം മറികടക്കാനുള്ള അടവു നയം മാത്രമാണ് ഈ മലക്കം മറിച്ചിലെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സംസ്ഥാനത്ത് മുസ്‌ലിം തീവ്രവാദികളും സി.പി.എമ്മും പ്രവര്‍ത്തിക്കുന്നത് ഇരട്ട പെറ്റ മക്കളെ പോലെയാണ്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തേത്. തീവ്രവാദ സംഘടനകളെ എന്നും കൈയയച്ച് സഹായിച്ചിട്ടുള്ളവരാണ് സി.പി.എമ്മുകാര്‍. തീവ്രവാദ കേസുകള്‍ അട്ടിമറിച്ച സര്‍ക്കാരാണ് ഇന്നുള്ളത്. കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ പഞ്ചായത്ത് ഭരണം സി.പി.എമ്മും എസ്.ഡി.പി.ഐയും ചേര്‍ന്നാണ് നടത്തുന്നത്. എസ്.ഡി.പി.ഐയുമായുള്ള രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ച് ഭരണം ഒഴിയാന്‍ സി.പി.എം തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കോന്നിയിലും വട്ടിയൂര്‍ക്കാവിലും സി.പി.എമ്മും എസ്.ഡി.പി.ഐയും ധാരണയിലായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റ് നടക്കുന്നത് കേരളത്തിലാണ്. അത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലാണെന്നും അദ്ദേഹം ആരോപിച്ചു.
 യു.എ.പി.എ കേസുകളിലെ പ്രതികളെ കാണാന്‍ ആദ്യം ഓടിയെത്തിയത് ഇപ്പോള്‍ പ്രസ്താവനയിറക്കിയ പി.മോഹനനും മന്ത്രി തോമസ് ഐസക്കുമടക്കം സി.പി.എം നേതാക്കളായിരുന്നുവെന്നും മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് സി.പി.എമ്മാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

Latest News