ഐ.ഡിയിലെ അക്ഷരത്തെറ്റ് വ്യാജ പോലീസുകാരനെ അകത്താക്കി

അഹമ്മദാബാദ്- തിരിച്ചറിയല്‍ കാര്‍ഡിലെ അക്ഷരത്തെറ്റ് വ്യാജ പോലീസ് ഓഫീസറെ അകത്താക്കി. അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ഉദ്യോഗസ്ഥന്‍ ചമഞ്ഞ 39 കാരന്‍ നാതു ദേശായിയെ ഗുജറാത്തിലെ വഡജ് പോലീസാണ് അറസ്റ്റ് ചെയ്തത്.
ട്രാഫിക് പോലീസാണ് ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡിലെ അക്ഷരപ്പിശക് പോലീസിനെ അറിയിച്ചത്. അകം കാണാത്തവിധം സ്റ്റിക്കര്‍ ഒട്ടിച്ച കാര്‍ ഓടിക്കുകയായിരുന്ന ഇയാളെ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ അഖിലേഷ് തിവാരി കാര്‍ നിര്‍ത്തി പരിശോധിക്കുകയായിരുന്നു. താന്‍ എ.സി.ബി ഉദ്യോഗസ്ഥനാണെന്നും ഉടന്‍ പോകാന്‍ അനുവദിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. അക്ഷരത്തെറ്റിനു പുറമെ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ സാദാ വേഷത്തിലായതും സംശയത്തിനിടയാക്കി. ഉടന്‍തന്നെ എ.സി.ബിയില്‍ ഫോണ്‍വഴി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു ഉദ്യോഗസ്ഥനില്ലെന്ന വിവരം ലഭിച്ചു. വഡജ് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്ത് കൃത്രിമ രേഖ ചമച്ചതിനും തട്ടിപ്പിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

 

Latest News