ന്യൂദല്‍ഹി- രണ്ടു വര്‍ഷമായി ജര്‍മന്‍ എയര്‍ലൈന്‍സ് ക്യാപ്റ്റനായി ആള്‍മാറാട്ടം നടത്തിയ ആള്‍ ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ അറസ്റ്റിലായി. വസന്ത് കുഞ്ചില്‍ താമസിക്കുന്ന രാജന്‍ മഹ്ബൂബാനി (48) എന്നയാളാണ് എയര്‍പോര്‍ട്ടില്‍ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫ് പിടിയിലായത്. എയര്‍ ഏഷ്യ വിമാനത്തില്‍ കയറാന്‍ പോകുന്നതിനിടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലാകുമ്പോള്‍ ഇയാള്‍ പൈലറ്റിന്റെ യൂണിഫോമാണ് ധരിച്ചിരുന്നത്. വ്യാജ തിരിച്ചറിയല്‍ രേഖകളും ഇതിനായി ഉണ്ടാക്കിയിരുന്നു. വിമാനത്തിന്റെ കോക്പിറ്റിനുള്ളില്‍ നിന്നുള്ള ഇയാളുടെ വീഡിയോകള്‍ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്തതായും പോലീസ് കണ്ടെത്തി.
നേരത്തെ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പിന്നീട് സ്വന്തമായി കമ്പനി തുടങ്ങി പരിശീലനം നല്‍കിയിരുന്നതായി ഐ.ജി.ഐ എയര്‍പോര്‍ട്ട് ഡി.സി.പി സഞ്ജയ് ഭാട്ടിയ പറഞ്ഞു.
ലുഫ്താന്‍സ എയര്‍ലൈന്‍സിലെ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സംശയം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പൈലറ്റ് യൂണിഫോം ധരിച്ച ഇയാള്‍ ഫോട്ടോകള്‍ക്കു പുറമെ വീഡിയോകളും ഷൂട്ട് ചെയ്തിരുന്നു. പലതവണ വിവിധ സ്ഥലങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.