Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭീകരതക്കെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന് ഇന്ത്യ; സാങ്കേതിക വിദ്യകള്‍ വലിയ വെല്ലുവിളി

യുനൈറ്റഡ് നേഷന്‍സ്- ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ വിട്ടുവീഴ്ചയോ ഇരട്ടത്താപ്പോ പാടില്ലെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയില്‍ ആവശ്യപ്പെട്ടു.  യു.എന്‍ ഭീകരവാദ ഗ്രൂപ്പുകളില്‍ പെടുത്തിയ ലശ്കറെ തയ്യിബയുടേയും ജെയ്‌ശെ മുഹമ്മദിന്റേയും നേതൃത്വത്തിലുള്ള  ഭീകര ശൃംഖല  അതിര്‍ത്തി കടന്നുള്ള ധനസഹായത്തിലൂടെയും പ്രചാരണത്തിലൂടെയും ആഗോള ഭീഷണി ഉയര്‍ത്തുകയാണെന്നും മേഖലയെ അസ്ഥിരപ്പെടുത്തുകയാണെന്നും ഇന്ത്യയുടെ പ്രതിനിധി ചൂണ്ടിക്കാട്ടി.
ഇവയുടെ പരസ്പര ബന്ധത്തിലും സ്വഭാവത്തിലും വ്യത്യാസപ്പെടാമെങ്കിലും  നിയമവിരുദ്ധമായ ആക്രമണത്തിലൂടെ  ഭരണത്തെയും വികസനത്തെയും സാമൂഹിക ഐക്യത്തെയും ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് യു.എന്നിലെ  ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
ഐക്യരാഷ്ട്രസഭയും ഷാങ്ഹായ് സഹകരണ സംഘടനയും(എസ്‌സിഒ) സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനവും സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും സംഘടിത ആക്രമണങ്ങളില്‍നിന്ന് ഭീകര വാദികളെ തടയുന്നതിനും മയക്കുമരുന്ന് കടത്തലിലൂടെയുള്ള ധനസഹായം തടയുന്നതിനുമുള്ള മാര്‍ഗങ്ങളാണ് യോഗം ആരാഞ്ഞത്. ഭീകര കുറ്റകൃത്യ കൂട്ടുകെട്ട് ആഗോള ഭീഷണിയാണെന്നും  അവയുടെ രൂപങ്ങള്‍ അനുദിനം മാറ്റപ്പെടുകയാണെന്നും സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഈ ഭീഷണിയെ ചെറുക്കുന്നതിന് പുതിയ പ്രവണതകള്‍ക്കനുസരിച്ച് സാങ്കേതികവിദ്യകളിലൂടെ അന്താരാഷ്ട്ര സമൂഹം മുന്നേറേണ്ടതുണ്ടെന്ന് അക്ബറുദ്ദീന്‍ പറഞ്ഞു. ഇരട്ടത്താപ്പ് ഒഴിവാക്കി ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ വിജയിക്കാനാവുകയുള്ളൂ. വിര്‍ച്വല്‍ കറന്‍സികള്‍, എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയം, കൃത്രിമബുദ്ധി എന്നിവയുള്‍പ്പെടെയുള്ള നവീന സാങ്കേതികവിദ്യകള്‍ ഭീകരകൂട്ടുകെട്ട് ഉപയോഗിക്കുന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.
ഐ.എസ്, അല്‍ശബാബ്, അല്‍ഖാഇദ, ബോക്കോ ഹറാം, ലശ്കറെ തയ്യിബ,  ജെയ്‌ശെ മുഹമ്മദ് എന്നിവ അതിര്‍ത്തി കടന്നുള്ള സാമ്പത്തിക സഹായം, പ്രചാരണം, റിക്രൂട്ട്‌മെന്റ് എന്നിവയിലൂടെ മൊത്തം മേഖലകളെ അസ്ഥിരപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ധനസമാഹരണത്തിനായി തീവ്രവാദ സംഘടനകള്‍ മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നുണ്ട്.  മയക്കുമരുന്ന് കടത്ത്, ആയുധ ഇടപാട്, കൊള്ളയടിച്ച പുരാതന വസ്തുക്കള്‍ വില്‍ക്കുക, കള്ളപ്പണം വെളുപ്പിക്കല്‍  എന്നിവയിലൂടെ അനധികൃത ധനസഹായം നല്‍കാന്‍ ക്രിമിനല്‍ സംഘങ്ങള്‍ തീവ്രവാദികളുമായി കൈകോര്‍ക്കുകയും ചെയ്യുന്നു. സാഹചര്യങ്ങളനുസരിച്ച് ഈ ഗ്രൂപ്പുകള്‍ക്ക് ഒന്നിച്ചുനില്‍ക്കാനും സഹകരിക്കാനും ഒത്തുചേരാനും കഴിയുന്നു- അക്ബറുദ്ദീന്‍ പറഞ്ഞു.
ദക്ഷിണേഷ്യയിലെ തീവ്രവാദ ശൃംഖലകള്‍ക്ക് ധനസഹായം നല്‍കാന്‍ ഉപയോഗിക്കുന്ന മയക്കുമരുന്ന് കടത്ത് അദ്ദേഹം  ഉദാഹരണമായി ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാനിലെ ഓപിയം കടത്തിന്റെ വരുമാനം ഭീകരവാദ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന്  യുഎന്‍ ഡ്രഗ്‌സ് ആന്റ് ക്രൈം ഓഫീസ് (യുഎന്‍ഡിസി) നടത്തിയ സര്‍വേ വ്യക്തമാക്കുന്നുണ്ട്.
ആയുധങ്ങള്‍ വാങ്ങാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്  ഈ പണം ഭീകരര്‍ ഉപയോഗിക്കുന്നതെന്നും സയ്യിദ് അക്ബറുദ്ദീന്‍ ചൂണ്ടിക്കാട്ടി.

 

Latest News