Sorry, you need to enable JavaScript to visit this website.

കശ്മീര്‍ പൂര്‍ണ ശാന്തമെന്ന് അമിത് ഷാ; ഇന്റര്‍നെറ്റ് ഉടന്‍ പുനഃസ്ഥാപിക്കും

ന്യൂദല്‍ഹി-ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. താഴ്‌വരയില്‍ സാഹചര്യം പൂര്‍ണ ശാന്തമാണ്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഉടന്‍ പുനസ്ഥാപിക്കുമെന്നും രാജ്യസഭയില്‍ അമിത്ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരില്‍ ഒരാള്‍ പോലും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ പോലും കശ്മീരില്‍ വലിയ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന പ്രവചനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഇക്കാലയളവില്‍ ഒരാള്‍ പോലും പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടില്ല എന്ന കാര്യം അറിയിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. പോലീസിനുനേരെ കല്ലെറിയുന്ന സംഭവങ്ങളും കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കല്ലേറുണ്ടായ 802 സംഭവങ്ങളുണ്ടായപ്പോള്‍ ഈ വര്‍ഷം ഇത് 544 ആയി കുറഞ്ഞിട്ടുണ്ടെന്ന് അമിത്ഷാ പറഞ്ഞു.
കശ്മീരില്‍ ഇന്റര്‍നെറ്റ് എന്നു പുനസ്ഥാപിക്കും എന്ന പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ ചോദ്യത്തിന് മറുപടി നല്‍കിയപ്പോഴാണ് അമിത്ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുന്ന കാര്യം പ്രാദേശിക ഭരണമാണ് തീരുമാനിക്കുന്നത്. കശ്മീര്‍ മേഖലയില്‍ ഇപ്പോഴും പാക്കിസ്ഥാന്റെ ഇടപെടലുകള്‍ നടക്കുന്നുണ്ട്. അതിനാല്‍, സുരക്ഷ കരുതലുകളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക ഭരണകൂടം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അമിത്ഷാ പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളില്‍  എതിര്‍ക്കാന്‍ ഗുലാം നബി ആസാദിനെ വെല്ലുവിളിക്കുകയാണെന്നും അമിത്ഷാ പറഞ്ഞു. ഈ വിഷയത്തില്‍ ഇനിയും ഒരു മണിക്കൂര്‍ കൂടി വേണമെങ്കില്‍ സംസാരിക്കാന്‍ തയാറാണെന്നും അമിത് ഷാ പറഞ്ഞു.
    കശ്മീരില്‍ സ്‌കൂളുകളും കോളജുകളും തുറന്നെങ്കിലും വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വരാതിരിക്കുകയാണെന്ന് ഗുലാംനബി ആരോപിച്ചു. കുട്ടികള്‍ സ്‌കൂളില്‍ നിന്ന് സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തുമെന്ന ഉറപ്പില്ല. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീഷണിയുടെ പേരില്‍ എത്രകാലം താഴ്‌വരയില്‍ അനിശ്ചിതത്വം ഇങ്ങനെ തുടരും. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീഷണി കാലങ്ങളായുള്ളതാണ്. പുതിയതായി ഉണ്ടായതല്ല. എന്നാല്‍, ഇപ്പോള്‍ എന്തിനാണ് ഇന്റര്‍നെറ്റ് സംവിധാനം വിഛേദിക്കുന്നത് ഉള്‍പ്പടെയുള്ള കിരാത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നുമാണ് ഗുലാം നബി ചോദിച്ചത്.
ലാന്‍ഡ് ലൈന്‍ ഫോണ്‍ ബന്ധം പുനഃസ്ഥാപിച്ചു. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം, അരി എന്നിവ സുലഭമായിത്തുടങ്ങി. 22 ലക്ഷം മെട്രിക് ടണ്‍ ആപ്പിള്‍ ഇത്തവണ ഉത്പാദിപ്പിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.  എല്ലാ ദിനപത്രങ്ങളും ടി.വി ചാനലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കശ്മീരില്‍ പത്രവിതരണത്തിനും തടസങ്ങളില്ല. കശ്മീരില്‍ മൊത്തത്തില്‍ സമാധാന സാഹചര്യമാണുള്ളതെന്നും അമിത്ഷാ വ്യക്തമാക്കി.

 

Latest News