വളാഞ്ചേരി- കോടികളുടെ ജി.എസ്.ടി തട്ടിപ്പു നടത്തിയ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. പൊന്നാനി തൃക്കാവ് പറമ്പത്താഴത്ത് റാഷിദ് റഫീഖ് (30), കറുകതുരുത്തി വളവിൽ അമ്പലത്ത് വീട്ടിൽ ഫൈസൽ നാസർ (24) എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിലും, ബിനാമിയായും രജിസ്ട്രേഷൻ നടത്തി കോടികളുടെ ജി.എസ്.ടി തട്ടിപ്പാണ് ഇവർ നടത്തിയത്. വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി.മനോഹരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ കച്ചവടം നടത്തിയതായി കൃത്രിമ രേഖ നിർമിച്ചാണ് ഇരുവരും പണം തട്ടിയത്. കോടികളുടെ അടക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജ രേഖകൾ നൽകി ജി.എസ്.ടിയിൽ നിന്ന് അഞ്ചു ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇൻപുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്. കൊട്ടടക്കയും തേങ്ങയും കയറ്റുമതി ചെയ്യുന്ന കമ്പനിയെന്ന് സ്വയം പരിചയപ്പെടുത്തിയാണ് നിക്ഷേപകരെ സമീപിച്ചിരുന്നത്. ജി.എസ്.ടി അക്കൗണ്ട് നിർമിക്കുന്നതും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികൾ തന്നെയായിരുന്നു. വളാഞ്ചേരി എടയൂർ സ്വദേശികളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തു വന്നത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി.മനോഹരൻ, എസ്.ഐമാരായ കെ.ആർ.രഞ്ജിത്ത്, അബൂബക്കർ സിദ്ദീഖ്, എ.എസ്.ഐമാരായ വി.ആർ.സത്യൻ, ജി.അനിൽകുമാർ, എസ്.സി.പി.ഒമാരായ എം.ജെറീഷ്, പി.വി.സുനിൽദേവ്, ഹോംഗാർഡ് ഷാജി എന്നിവരുമുണ്ടായിരുന്നു.