Sorry, you need to enable JavaScript to visit this website.

ദമാമില്‍ പ്രവാചകന്‍ വിശ്രമിച്ചുവെന്ന് കരുതുന്ന തടാകം; ഐനുസ്സാറ ഡോക്യുമെന്ററി ശ്രദ്ധേയമായി

ആസാർ ടി.വി ഡയരക്ടർ അബ്ദുറഹ്മാൻ അറക്കൽ സ്‌ക്രിപ്റ്റ് റൈറ്റർ അബ്ദുൽ മജീദ് വാഫി സംവിധായകൻ ആശിഖ് ചേലേമ്പ്ര, ക്യാമറാമാൻ മഹ്ഷൂഖ് പ്രൊമോട്ടർ അബൂ യാസീൻ എന്നിവർ കരകൗശല വിദഗ്ധൻ മൻസൂർ മദനിയോടും സംഘത്തോടുമൊപ്പം.

ദമാം- സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളുടെ ഇസ്‌ലാമിക ചരിത്രം അനാവരണം ചെയ്യുന്ന ആസാർ ടി.വിയുടെ അഞ്ചാമത്തെ എപ്പിസോഡ് ശ്രദ്ധേയമായി. ദമാമിൽ മുഹമ്മദ് നബി (സ) വിശ്രമിച്ചുവെന്ന് കരുതപ്പെടുന്ന തടാകമായ ഐനുസ്സാറയെ കുറിച്ചുള്ളതാണ് ഈ ചരിത്ര ഡോക്യുമെന്ററി.


അക്ഷരലോകത്ത് കേട്ടുപരിചയിച്ച അറിവുകൾക്ക് ദൃശ്യ ചാരുത പകരുന്ന ആസാർ ടി.വിയാണ് നിർമാതാക്കൾ. കഴിഞ്ഞ ജൂലൈ 4 നാണ് ആസാർ ടി.വി തുടക്കം കുറിച്ചത്. കിംഗ് ഫഹദ് പ്രെടോളിയം യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് സ്റ്റഡീസ് ആൻഡ് ലാംഗ്വേജസ് വിഭാഗം തലവൻ ഡോ. അബ്ദുറഹ്മാൻ അൽ ഹൗസാവിയാണ് ചരിത്ര ഗവേഷണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ആസാർ ചരിത്ര പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചത്.

അഞ്ചു മാസങ്ങൾക്കകം കറാമത്തികളുടെ കഅബാ, അലാഉൽ ഹള്‌റമി (റ) ചരിത്രം, ദാരീൻ അറേബ്യയിലെ ഒരിന്ത്യൻ തുരുത്ത്, ജാറുദിയ്യ എണ്ണപ്പാടങ്ങൾക്കിടയിലെ പച്ചത്തുരുത്ത് തുടങ്ങിയ വിഷയങ്ങൾ പഠന വിധേയമാക്കി. പ്രവാചകന്‍ (സ) സന്ദർശിച്ചതായി ഹദീസുകളിൽ വന്ന സാറ തടാകത്തെ കുറിച്ചുള്ള വിവരണമാണ് പുതിയ എപ്പിസോഡിലുള്ളത്. ചരിത്ര ഗവേഷകരുടേയും പണ്ഡിതന്മാരുടേയും പ്രസ്താവനകൾ ഉദ്ധരിച്ച് ദമ്മാമിലെ അവാമിയക്കടുത്തുള്ള സാറാ തടാകത്തിലാവാം പ്രവാചകന്‍ സന്ദർശനം നടത്തിയതെന്ന് ഡോക്യുമെന്ററി പറയുന്നു.


അറബ് ചക്രവർത്തിമാരുടെ പ്രതാപത്തിന്റെയും  ആഢ്യത്വത്തിന്റേയും പ്രതീകമായ കുളിപ്പുരകളിലൊന്നായ ഹമ്മാം അബൂ ലൂസ, ഖത്വീഫിയൻ ജനതയുടെ ഗ്രാമീണവും നൈസർഗികവുമായ കരകൗശല വിദഗ്ധൻ മൻസൂർ മദനിയുമായുള്ള സംഭാഷണം ഈന്തപ്പനയോലകളിൽനിന്നും കണ്ണഞ്ചിപ്പിക്കുന്ന കരവിരുതുകൾ എന്നിവ ഈ ഡോക്യുമെന്ററിയെ കൂടുതൽ ഹൃദ്യവും മനോഹരവുമാക്കുന്നു.

ഇസ്‌ലാമിക ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ കൂടുതൽ പ്രദേശങ്ങളുടെ ചരിത്രങ്ങൾ ദൃശ്യവൽക്കരിക്കാനുള്ള ശ്രമത്തിലാണ് ആസാർ ടി.വിയെന്ന് ഡയരക്ടർ അബ്ദുറഹ്മാൻ അറക്കൽ പറഞ്ഞു.

 

 

Latest News