കണ്ണൂര്‍- ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിക്ക് ഇത് ചരിത്ര മുഹൂര്‍ത്തം. സൈനിക സേവന മികവിനുള്ള പ്രസിഡണ്ട്‌സ് കളേഴ്‌സ് ബഹുമതി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അക്കാദമിക്ക് സമ്മാനിച്ചു.
വരാനിരിക്കുന്നത് വിവര സാങ്കേതികതയുടെ കാലമാണെന്നും ഇതിനനുസൃതമായി സേനകള്‍ പരിശീലനത്തിലടക്കം ആവശ്യമായ മാറ്റം വരുത്തണമെന്നും രാഷ്ട്രപതി ഉദ്‌ബോധിച്ചു. നാവിക അക്കാദമിയിലെ അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും ലോകോത്തര നിലവാരത്തിലുള്ളതാണ്. അതുകൊണ്ടു തന്നെ ഇവിടെ നിന്നും പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ രാജ്യത്തിന്റെ സേനയ്ക്ക് മുതല്‍ക്കൂട്ടാവും എന്ന് ഉറപ്പാണ്. രാജ്യത്തിന്റെ പതാക ഒരിക്കലും താഴെ പോകാന്‍ അനുവദിക്കരുത്. രാജ്യം വിവിധ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍ സേനാ വിഭാഗങ്ങള്‍ ജാഗ്രതയോടെ ഇരിക്കേണ്ടത് അനിവാര്യമാണ്. മികച്ച സേവനത്തിനുള്ള ഈ പുരസ്‌കാരം മുന്നോട്ടുള്ള പ്രയാണത്തില്‍ ഊര്‍ജമാകട്ടെയെന്നും സര്‍വ സൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതി ആശംസിച്ചു.
നാവിക അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്ന പ്രൗഢ ഗംഭീര ചടങ്ങിലായിരുന്നു പുരസ്‌കാര സമര്‍പ്പണം. രാവിലെ 7 ന് പരേഡോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ എത്തി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, നാവിക സേനാ മേധാവി അഡ്മിറല്‍ കരംവീര്‍ സിംഗ്, ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്‌ല, ഏഴിമല നാവിക അക്കാദമി കമാന്‍ഡന്‍ഡ് വൈസ് അഡ്മിറല്‍ ദിനേഷ്‌കുമാര്‍ ത്രിപാഠി തുടങ്ങിയവര്‍ സംബന്ധിച്ചു. രാഷ്ട്രപതി വേദിയില്‍ എത്തിയപ്പോള്‍ ആദര സൂചകമായി 21 ആചാര വെടികള്‍ മുഴങ്ങി. തുടര്‍ന്ന് നാവിക സേനാ മേധാവിക്കൊപ്പം തുറന്ന വാഹനത്തില്‍ രാഷ്ട്രപതി പരേഡ് പരിശോധിച്ചു.
തുടര്‍ന്ന്, കാഡറ്റുകളായ മനീഷ് ചൗധരി, സഞ്ജയ് ശര്‍മ എന്നിവര്‍ പ്രസിഡണ്ട്‌സ് കളര്‍ ഫഌഗ് പ്രധാന വേദിക്ക് മുന്നിലായി സ്ഥാപിച്ചു. അശോക സ്തംഭം ആലേഖനം ചെയ്ത 7 അടി നീളമുള്ളതായിരുന്നു ഈ ഫഌഗ്. തുടര്‍ന്ന് ഹിന്ദു, ക്രിസ്ത്യന്‍, ഇസ്‌ലാം, സിക്ക് മതപുരോഹിതര്‍ പ്രത്യേകം പ്രാര്‍ഥന നടത്തി. സര്‍വമത പ്രാര്‍ഥനക്കു ശേഷം കാഡറ്റ് സുശീല്‍ സിംഗ്, രാഷ്ട്രപതിയില്‍ നിന്നും പ്രസിഡണ്ട് കളര്‍ ഏറ്റുവാങ്ങി. അഞ്ചു പതിറ്റാണ്ടുകള്‍ നീണ്ട ഇന്ത്യന്‍ നാവിക അക്കാദമിയുടെ ചരിത്രത്തില്‍ സുവര്‍ണ നിമിഷമായി ഈ ചടങ്ങ്. തുടര്‍ന്ന് 24 പ്ലാറ്റൂണുകള്‍ അണി നിരന്ന പരേഡിനെ രാഷ്ട്രപതി അഭിവാദ്യം ചെയ്തു.