Sorry, you need to enable JavaScript to visit this website.

എസ്.ഡി.പി.ഐ ഒന്നുമല്ലാതായി; സഹായിച്ചിരുന്നത് സി.പി.എം-അബ്ദുറഹിമാൻ കല്ലായി  

ജിദ്ദ- കേരളത്തിൽ തീവ്രവാദ ആശയക്കാരായ സംഘടനകൾക്ക് പിന്തുണയും പ്രോത്സാഹനവും ലഭിച്ചത് സി.പി.എമ്മിൽനിന്നാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി. സൗദി പര്യടനത്തിനെത്തിയ അദ്ദേഹം മലയാളം ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു.

മാവോവാദികളുടെ സമീപനം അപകടം പിടിച്ചതാണ്. അതിനേക്കാൾ കുഴപ്പം പിടിച്ചതാണ് ഇതിനെ നേരിടാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടി. തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ച പാരമ്പര്യമാണ് കേരളത്തിലെ സി.പി.എമ്മിന് എപ്പോഴും. അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ തീവ്രവാദ ആശയക്കാരൻ അബ്ദുൽ നാസർ മഅ്ദനിയായിരുന്നു. അദ്ദേഹത്തിന്റെ  പാർട്ടിയെ തുടക്കം മുതൽ നഖശിഖാന്തം എതിർക്കുകയെന്നതായിരുന്നു ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ ലൈൻ. അതേസമയം, സി.പി.എം ലീഗിന്റെ ഇ.ടി. മുഹമ്മദ് ബഷീറിനെ പൊന്നാനി പാർലമെന്റ് സീറ്റിൽ തോൽപിക്കാൻ മഅ്ദനിയുടെ പി.ഡി.പിയുമായി കൈകോർക്കുകയാണ് ചെയ്തത്. 


അതേപോലെ എസ്.ഡി.പി.ഐയുമായി കൂട്ടുകൂടാനും സി.പി.എമ്മിന് മടിയൊന്നുമില്ല. വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ലീഗിനെ ശക്തമായി എതിർക്കുന്ന എസ്.ഡി.പി.ഐ മാർക്‌സിസ്റ്റ് പാർട്ടിയുടെ മിത്രമാണ്. എല്ലായിടത്തും ലീഗിനെ എതിർക്കുക എന്നതാണ് സി.പി.എമ്മിന്റെ നയം. ഇത് എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ള തീവ്രവാദ ആശയക്കാർക്ക് ഗുണപരമാവുകയാണെന്ന് സി.പി.എം നേതാക്കൾ തിരിച്ചറിയുന്നില്ല. 


കേരളത്തിൽ മാവോവാദി വേറെ, മുസ്‌ലിം തീവ്രവാദി വേറെ. നിരാശ ബാധിച്ച അൽപന്മാരുടെ ആൾക്കൂട്ടം മാത്രമാണ് വളരെ ചെറിയ ന്യൂനപക്ഷം വരുന്ന കേരളത്തിലെ മുസ്‌ലിം തീവ്രവാദികൾ. ഇപ്പോൾ നാട്ടിൽ എസ്.ഡി.പി.ഐ ഒരു ചർച്ചാ വിഷയമേ അല്ല. തെരഞ്ഞെടുപ്പുകളിൽ നിലംതൊടാനാവാതെ കഷ്ടത്തിൽ കഴിയുകയാണ്. അവർക്ക് നല്ല കാലത്ത് സഹായം ലഭിച്ചത് സി.പി.എമ്മിൽനിന്നാണ്. ഇപ്പോൾ അനാവശ്യ വിവാദമുണ്ടാക്കി പ്രസക്തിയുണ്ടാക്കാനാണ് ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 


സി.പി.എം നേതാക്കളുടെ ആശയക്കുഴപ്പം പുതിയ കാര്യമൊന്നുമല്ല. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനോട് യോജിക്കാവുന്നതാണോ എന്ന കാര്യത്തിൽ പോലും അഭിപ്രായ ഐക്യത്തിലെത്തിയിട്ടില്ലാത്ത കക്ഷിയാണത്. ഇന്ത്യൻ പാർലമെന്റിൽ രണ്ട് അംഗങ്ങൾ മാത്രമുണ്ടായിരുന്ന കക്ഷിയാണ് ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘം.

എ.ബി.വാജ്‌പേയിയും എൽ.കെ അദ്വാനിയും മാത്രം. ഈ പാർട്ടി മൊറാർജി ദേശായിയേയും ജയപ്രകാശ് നാരായണിനേയും മുന്നിൽ നിർത്തി ജനതാ പാർട്ടിയായി മത്സരിച്ചപ്പോൾ അത് നാട്ടിന് നല്ലതിനല്ലെന്ന നിലപാടായിരുന്നു ലീഗിന്. വലതുപക്ഷ സഖ്യത്തിന് അകമഴിഞ്ഞ പിന്തുണ  നൽകിയത് സി.പി.എമ്മായിരുന്നു. രണ്ട് അംഗങ്ങളുള്ള ജനസംഘം 88 ആയും തുടർന്ന് 114 ആയും മാറി. ക്രമേണ വാജ്‌പേയിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷവും ലഭിച്ചു. ഇതിനൊക്കെ ഒത്താശ ചെയ്തു കൊടുത്ത പാരമ്പര്യമാണ് സി.പി.എമ്മിന്. ജനതാ പാർട്ടിയെ സഹായിക്കാൻ സയ്യിദ് ഷഹാബുദ്ദീൻ, ദൽഹി ഇമാം, ഉവൈസി തുടങ്ങിയ മുസ്‌ലിം നേതാക്കളുമുണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയെ കോൺഗ്രസ് നേതാക്കൾ പോലും തള്ളിപ്പറഞ്ഞപ്പോൾ ഒപ്പം നിന്ന പാർട്ടിയാണ് ലീഗ്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തോറ്റു. അവർ ജയിലിലടക്കപ്പെട്ടു. പിന്നീട് കൂടുതൽ കരുത്തോടെ തിരിച്ചുവരികയും ചെയ്തു. ഇപ്പോഴും കോൺഗ്രസിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കോൺഗ്രസ് തിരിച്ചുവരും. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും ഇന്ത്യ പുനഃസ്ഥാപിക്കപ്പെടും -ലീഗ് സംസ്ഥാന നേതാവും പ്രമുഖ പ്രഭാഷകനുമായ അബ്ദുറഹിമാൻ കല്ലായി ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ടാം മോഡി സർക്കാർ  വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറി മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി ലഭിച്ചത് കാറ്റ് മാറി വീശിയതിന്റെ സൂചനയാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. 

Latest News