Sorry, you need to enable JavaScript to visit this website.

കഴിഞ്ഞ വർഷം അബ്ശിർ വഴി നൽകിയത് രണ്ടു കോടിയോളം സേവനങ്ങൾ 

ഖാലിദ് അൽസൈ്വഖാൻ 

5,69,528 സ്‌പോൺസർഷിപ്പ് മാറ്റവും 89,605 പ്രൊഫഷൻ മാറ്റവും ഓൺലൈൻ വഴി പൂർത്തിയാക്കി

റിയാദ് - ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ വഴി കഴിഞ്ഞ വർഷം ജവാസാത്ത് ഡയറക്ടറേറ്റ് സ്വദേശികൾക്കും വിദേശികൾക്കും രണ്ടു കോടിയോളം സേവനങ്ങൾ നൽകിയതായി കണക്ക്. കഴിഞ്ഞ കൊല്ലം (ഹിജ്‌റ 1440) അബ്ശിർ വഴി ആകെ 1,96,47,807 സേവനങ്ങളാണ് നൽകിയത്. 


ഏറ്റവും കൂടുതൽ നൽകിയത് ഇഖാമ പുതുക്കൽ സേവനങ്ങളാണ്. ഈ ഗണത്തിൽ പെട്ട 52,61,030 സേവനങ്ങൾ നൽകി. 50,06,714 റീ-എൻട്രിയും 2,40,995 സൗദി പാസ്‌പോർട്ട് ഇഷ്യൂ ചെയ്യൽ സേവനങ്ങളും 10,74,962 ഫൈനൽ എക്‌സിറ്റ് വിസയും 7,42,959 പുതിയ ഇഖാമ ഇഷ്യൂ ചെയ്യൽ സേവനങ്ങളും 7,08,205 സൗദി പാസ്‌പോർട്ട് പുതുക്കൽ സേവനങ്ങളും 73,411 ഹുറൂബാക്കൽ (തൊഴിലാളികൾ ഒളിച്ചോടിയതായി പരാതി രജിസ്റ്റർ ചെയ്യൽ) സേവനങ്ങളും 8821 ഹജ് അനുമതി പത്രങ്ങളും 9,34,769 വിദേശികളുടെ പാസ്‌പോർട്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുതുക്കൽ സേവനങ്ങളും 12,44,987 വിദേശ യാത്രാ അനുമതി പത്രങ്ങളും ഹജ് കാലത്ത് മക്കയിൽ പ്രവേശിക്കുന്നതിനുള്ള 7142 അനുമതി പത്രങ്ങളും 89,605 പ്രൊഫഷൻ മാറ്റവും സുരക്ഷാ സൈനികർക്ക് വിദേശ യാത്ര നടത്തുന്നതിനുള്ള 2,16,467 അനുമതി പത്രങ്ങളും 11,50,711 വിസിറ്റ് വിസ ദീർഘിപ്പിക്കൽ സേവനങ്ങളും കഴിഞ്ഞ വർഷം അബ്ശിർ വഴി ജവാസാത്ത് നൽകി.

വിദേശങ്ങളിൽ നിന്ന് പുതിയ വിസകളിൽ റിക്രൂട്ട് ചെയ്ത വേലക്കാരികളെ എയർപോർട്ടുകളിൽ നിന്ന് സ്വീകരിക്കുന്നതിന് മറ്റുള്ളവരെ ചുമതലപ്പെടുത്തിയുള്ള 1,61,922 അനുമതി പത്രങ്ങളും ജവാസാത്തിൽ നിന്നുള്ള സേവനങ്ങൾ പൂർത്തിയാക്കിയ രേഖകൾ ഉപയോക്താക്കൾക്ക് തപാൽ മാർഗം നേരിട്ട് എത്തിച്ചു നൽകുന്നതിനുള്ള 3,14,853 സേവനങ്ങളും യഥാർഥ ഉപയോക്താക്കളെ പ്രതിനിധീകരിച്ച് ജവാസാത്ത് ഓഫീസുകളെ സമീപിക്കുന്നതിനുള്ള 2,49,037 അനുമതി പത്രങ്ങളും 5,65,418 അപ്പോയിന്റ്‌മെന്റ് സേവനങ്ങളും ജവാസാത്തിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് മറ്റുള്ളവരെ ചുമതലപ്പെടുത്തിയുള്ള 2,18,435 അനുമതി പത്രങ്ങളും 5,69,528 സ്‌പോൺസർഷിപ്പ് മാറ്റവും വിദേശികളുടെ ഇഖാമയുമായും മറ്റും ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ജവാസാത്ത് പ്രിന്റൗട്ടിനു വേണ്ടിയുള്ള 7,46,255 അപേക്ഷകളിലെ നടപടികളും കഴിഞ്ഞ വർഷം അബ്ശിർ പോർട്ടൽ വഴി ജവാസാത്ത് പൂർത്തിയാക്കി. 


സൗദി പൗരന്മാർക്കും വിദേശികൾക്കും മുപ്പതിലേറെ സേവനങ്ങൾ അബ്ശിർ വഴി നൽകുന്നുണ്ടെന്ന് സാങ്കേതിക കാര്യങ്ങൾക്കുള്ള ജവാസാത്ത് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് ഹമദ് അൽസൈ്വഖാൻ പറഞ്ഞു. ഭാവിയിൽ കൂടുതൽ സേവനങ്ങൾ അബ്ശിർ വഴി നൽകും. 


പതിനഞ്ചു വയസ്സിൽ കുറവ് പ്രായമുള്ളവരുടെ സൗദി പാസ്‌പോർട്ട് പുതുക്കൽ, വിദേശ മന്ത്രാലയത്തെ സമീപിക്കേണ്ടതില്ലാതെ വിദേശികളുടെ റീ-എൻട്രി ദീർഘിപ്പിക്കൽ അടക്കമുള്ള സേവനങ്ങളാണ് അബ്ശിറിൽ പുതുതായി ഉൾപ്പെടുത്തുക. ജവാസാത്ത് ഡയറക്ടറേറ്റിനെയും വിദേശ മന്ത്രാലയത്തെയും പരസ്പരം ബന്ധിപ്പിച്ചാണ് വിദേശികളുടെ റീ-എൻട്രി ദീർഘിപ്പിക്കൽ സേവനം അബ്ശിർ വഴി നൽകുക. 


നിരവധി പരിഷ്‌കരണങ്ങൾ അബ്ശിറിൽ വരുത്തിയിട്ടുണ്ട്. തുടക്കത്തിൽ ഒരു സേവനം മാത്രമാണ് അബ്ശിർ വഴി നൽകിയിരുന്നത്. വിദേശികൾക്കുള്ള റീ-എൻട്രി മാത്രമാണ് ആദ്യത്തിൽ അബ്ശിർ വഴി നൽകിയിരുന്നത്. ഇതിനു ശേഷം അബ്ശിർ സംവിധാനം പരിഷ്‌കരിച്ച് പുതിയ സേവനങ്ങൾ പടിപടിയായി  ഉൾപ്പെടുത്തുകയായിരുന്നു. ഓൺലൈൻ സേവനങ്ങൾ നൽകുന്നത് ക്രമീകരിക്കുന്നതിന് ഉപയോക്താക്കളെ മൂന്നു വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. 


കഴിഞ്ഞ ഒക്‌ടോബറിൽ 1.2 കോടിയിലേറെ പേർ അബ്ശിർ ഉപയോഗിച്ചു. സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്ത വാഹനങ്ങളെ കുറിച്ച അന്വേഷണം, സന്ദർശന വിസയിൽ രാജ്യത്ത് പ്രവേശിച്ചവരുടെ വാഹനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത നിയമ ലംഘനങ്ങളെ കുറിച്ച അന്വേഷണം എന്നീ സേവനങ്ങൾ പുതുതായി അബ്ശിറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബ്രിഗേഡിയർ ഖാലിദ് ഹമദ് അൽസൈ്വഖാൻ പറഞ്ഞു. വൻകിട കമ്പനികൾക്ക് മുഖീം പോർട്ടൽ വഴിയാണ് ജവാസാത്ത് ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. ചെറുകിട സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് അബ്ശിർ വഴി ഓൺലൈൻ സേവനങ്ങൾ നൽകുന്നത്. 



 

Latest News