അമിത് ഷായുടെ സ്വത്ത് വളര്‍ച്ചയും സ്മൃതി ഇറാനിയുടെ വ്യാജ ബിരുദവും; മുഖ്യധാരാ പത്രങ്ങളുടെ സൈറ്റുകളില്‍ നിന്ന് വാര്‍ത്തകള്‍ അപ്രത്യക്ഷമായി 

ന്യൂദല്‍ഹി- ബിജെപി നേതാക്കള്‍ക്കതിരെ വന്ന വാര്‍ത്തകള്‍ മുഖ്യധാരാ പത്രങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത ഷായുടെ സ്വത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 300 ശതമാനം വര്‍ധനയുണ്ടായതായുള്ള ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അവരുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിരിക്കുകയാണിപ്പോള്‍. ഇതു സംബന്ധിച്ച് പത്രം ഒരു വിശദീകരണവും നല്‍കുന്നില്ല. ഗുജറാത്ത് നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷാ 2012-ല്‍ സമര്‍പ്പിച്ച സ്വത്തു വിവരങ്ങളും അതനു ശേഷമുണ്ടായ വളര്‍ച്ചയുമാണ് റിപ്പോര്‍ട്ട് അക്കമിട്ട് നിരത്തിയിരുന്നത്. 

ടൈംസ് ഓഫ് ഇന്ത്യയുടെ ഇതേ റിപ്പോര്‍ട്ടില്‍ തന്നെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തനിക്ക് ഡിഗ്രി യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിച്ച കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. തന്‍റെ ബി.കോം ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ലെന്നായിരുന്നു ഇറാനി വ്യക്തമാക്കിരുന്നത്. 'ബി.കോം, പാര്‍ട്ട് വണ്‍, വിദൂരവിദ്യാഭ്യാസ വിഭാഗം, ദല്‍ഹി യുണിവേഴ്‌സിറ്റി, 1994' എന്നായിരുന്നു കാണിച്ചിരുന്നത്. 2011-ല്‍ രാജ്യസഭയിലേക്ക് മത്സരിക്കുമ്പോള്‍ ഇറാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ മത്സരിച്ച ഇറാനി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത ബിഎ, 1996, ദല്‍ഹി യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം എന്നാക്കി മാറ്റി. ഇക്കാര്യമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്.

Excerpt from Smriti Irani's 2004 election affidavit. The full affidavit may be accessed at the ADR website.

ഈ വാര്‍ത്ത് ടൈംസ് ഗ്രൂപ്പിന്‍റെ മറ്റു പത്രങ്ങളായ നവഭാരത് ടൈംസ്, ഇക്കണൊമിക് ടൈംസ് എന്നീ പത്രങ്ങളുടെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. ഇതും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് സ്ഥിരീകരണത്തിനായി ടൈംസിലെ എഡിറ്റര്‍മാരുമായി ബന്ധപ്പെട്ട വയര്‍ ഡോട്ട് ഇന്‍ പോര്‍ട്ടലിന് അവരില്‍ നിന്നും ലഭിച്ച മറുപടി ഇക്കാര്യം തങ്ങളറിയില്ല എന്നായിരുന്നു. ബാഹ്യ ഇടപെടലിലൂടെയാണ് വാര്‍ത്ത മുക്കല്‍ നടന്നതെന്നാണ് സൂചന. 

അമിത് ഷായുടെ സ്വത്തിലുണ്ടായ വര്‍ധന സംബന്ധിച്ച് ഡിഎന്‍എ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയും അവരുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇ-പേപ്പറില്‍ ഇതു ലഭ്യമാണ്. തന്‍റെ സ്വത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 300 ശതമാനം വളര്‍ച്ച എങ്ങനെ ഉണ്ടായി എന്ന് അമിത് ഷാ വിശദീകരിക്കണം എന്നാവശ്യപ്പെട്ട് ശനിയാഴ്ച രാത്രി ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് ട്വീറ്റ് ചെയ്ത ഔട്ട്‌ലുക്ക് വാരികയുടെ ഹിന്ദി വെബ്‌സൈറ്റ് ലിങ്കും ഇപ്പോള്‍ ലഭ്യമല്ല. ഈ റിപ്പേര്‍ട്ടും ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു.

TOI Amit Shah Smriti Irani assets educational qualification

കഴിഞ്ഞയാഴ്ച ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച സൂശീല്‍ ആരോണ്‍ എഴുതിയ മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടുള്ള ലേഖനം അവരുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. അദാനി ഗ്രൂപ്പിന് നേട്ടമുണ്ടാക്കിക്കൊടുക്കുന്ന തരത്തില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ചൊരിഞ്ഞു കൊടുത്തെന്ന് അക്കമിട്ടു നിരത്തിയ ലേഖനം പ്രസിദ്ധീകരിച്ചതിനെ ചൊല്ലിയുണ്ടായ അസ്വാരസ്യത്തെ തുടര്‍ന്ന് ഇന്ത്യയിലെ മികച്ച വാരികകളിലൊന്നായ ഇക്കണോമിക് ആന്‍റ് പൊളിറ്റിക്കല്‍ വീക്ക്‌ലി എഡിറ്റര്‍ക്ക് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. ഈ ലേഖനവും അവരുടെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

DNA Amit Shah Smriti Irani assets educational qualification

Latest News