Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

പി. മോഹനന് കുമ്മനത്തിന്റെ സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ 

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ പിന്തുണച്ച് കുമ്മനം രാജശേഖരൻ രംഗത്തെത്തുന്നത് നൽകുന്ന സൂചന ആശാവഹമല്ല. ഏതാനും ദിവസം മുമ്പ് ജന്മഭൂമി പത്രം തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സെല്യൂട്ട് അടിച്ച് രംഗത്തു വന്നിരുന്നു. മാവോയിസ്റ്റുകളെ തുടർച്ചയായി വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നതിനെയാണ് ജന്മഭൂമി സല്യൂട്ട് ചെയ്തതെങ്കിൽ  മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത്  'മുസ്ലിം തീവ്രവാദ' സംഘടനകളാണെന്ന മോഹനന്റെ പ്രസ്താവനക്കാണ് കുമ്മനത്തിന്റെ പിന്തുണ. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്‌ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളുടെ ശക്തി എന്നും പോലീസത് അന്വേഷിക്കണമെന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു. 
പതിവുപോലെ  സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്നുതെന്നും കഴിഞ്ഞ ഉപ തെരഞ്ഞെടുപ്പുകളിലെല്ലാം വിജയം കണ്ടത് അതിന്റെ ഫലമായാണെന്നും  അതിനു തടയിടാനാണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. അതു കുമ്മനം സമ്മതിക്കുമോ എന്നറിയില്ല. അതുപോലെ മുസ്ലിം-മാവോയിസ്റ്റ്-കമ്യൂണിസ്റ്റ് തീവ്രവാദങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന കുമ്മനത്തിന്റെ ആവശ്യത്തെ മോഹനൻ അംഗീകരിക്കുമോ?
പന്തീരാങ്കാവിൽ സി.പി.എം പ്രവർത്തകരും കൗമാരക്കാരുമായ  അലൻ ശുഹൈബിനും താഹ ഫസലിനുമെതിരേ മാവോവാദി ബന്ധം ആരോപിച്ച്  യു.എ.പി.എ ചുമത്തിയപ്പോൾ ആദ്യഘട്ടത്തിൽ പോലീസിനെതിരേ രംഗത്തെത്തിയ പി. മോഹനൻ പിന്നീട് മലക്കംമറിയുകയും വിദ്യാർഥികളെ തള്ളിപ്പറയുകയുമാണ്. ഈ വിദ്യാർത്ഥികളെ കൂടാതെ നിരവധി മാവോയിസറ്റുകൾ പാർട്ടിയിലുണ്ടെന്ന ഐ.ബി റിപ്പോർട്ടിനെ അഭിമുഖീകരിക്കാനാവാതെ എളുപ്പപ്പണിയാണ് അദ്ദേഹം കാണുന്നത്. ഏറ്റവും വേദനിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്. തന്റെ പേരാണ് മരണത്തിനു കാരണമെന്ന ഫാത്തിമയുടെ വാക്കുകൾ മറക്കുന്നതിനു മുമ്പാണ് മുസ്‌ലിം പേരുള്ള ഈ കൗമാരക്കാരെ മോഹനൻ മുസ്‌ലിം തീവ്രവാദികളാക്കി ചാപ്പ കുത്തുന്നത്.
 കേരളത്തിൽ നക്‌സലൈറ്റാകുന്നതും മാവോയിസ്റ്റാകുന്നവരുമൊക്കെ സിപിഎമ്മിൽ നിന്നുള്ളവരാണെന്നതും അദ്ദേഹം മറക്കുന്നു. എങ്കിൽ സി.പി.എമ്മിനകത്ത് മുസ്‌ലിം തീവ്രവാദികൾക്ക് ഇത്ര മാത്രം സ്വാധീനമുണ്ടോ എന്ന ചോദ്യം പ്രസക്തമല്ലേ? പാർട്ടിക്ക് ശക്തമായ  അന്വേഷണ കമ്മീഷനുണ്ടെന്നല്ലേ അവകാശവാദം? എന്നിട്ടും ഇതൊന്നും കാണാതിരുന്നതെന്താണാവോ?
വാസ്തവം മറ്റൊന്നാണ്. എം.എൻ കാരശ്ശേരി ചൂണ്ടിക്കാട്ടിയ പോലെ സി.പി.എമ്മിന് വേണ്ടാത്തവരെ മാവോയിസ്റ്റുകളും മുസ്‌ലിം തീവ്രവാദികളുമാക്കുന്നത് ആ പാർട്ടിയിൽ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. സംസ്ഥാനത്തെ ജനകീയ സമരങ്ങൾ നടത്തുന്നവരെല്ലാം ഇവർക്ക് മാവോയിസ്റ്റുകളും മുസ്‌ലിം തീവ്രവാദികളുമാണ്. 
ദേശീയ പാതാ സമരത്തിലും ഗെയിൽ വിരുദ്ധ സമരത്തിലും ഐ.ഒ.സി സമരത്തിലുമൊക്കെ നാമത് കണ്ടതാണ്. ജനകീയ സമരങ്ങൾ ന്യായമാണോ എന്നു പോലും പരിശോധിക്കാതെയാണ് പാർട്ടി ഈ ചാപ്പ കുത്തൽ നടത്തുന്നത്. അതിന്റെ തുടർച്ച തന്നെ ഈ സംഭവവും. സി.പി.എമ്മിന്റെ ഈ നയത്തെ പിന്തുണക്കുന്നത് ബി.ജെ.പി മാത്രമാണ്. സാമുദായികമായി ഈ വിഷയത്തെ വിശകലനം ചെയ്യുന്നവർ പറയുന്നത് തള്ളിക്കളയാനാവില്ല. അതിങ്ങനെയാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി സി.പി.എമ്മാണ്. ന്യൂനപക്ഷ പ്രീണനമെന്നൊക്കെ പാർട്ടിയെ വിമർശിക്കുന്നവരുണ്ടെങ്കിലും അവരുടെ പിന്തുണ കാര്യമായി സി.പി.എമ്മിനില്ല. അതിനാൽ ഏറ്റവും വലിയ ഹിന്ദു പാർട്ടി എന്ന സ്ഥാനം ബി.ജെ.പി തട്ടിയെടുക്കാതിരിക്കാനാണ് സി.പി.എം നീക്കം. അതിന്റെ ഭാഗമായാണ് ബി.ജെ.പിയെ പോലും മറികടന്ന് ഇസ്‌ലാമോ ഫോബിയ പ്രചരിപ്പിക്കുന്നത്. നിർഭാഗ്യവശാൽ ഈ വിശകലനം ശരിയാണെന്നു തന്നെ പറയേണ്ടിവരും. കുമ്മനത്തെ പോലും മറികടക്കുന്ന രീതിയിലുള്ള കടകംപള്ളിയുടെ പ്രസ്താവനകൾ നാം കേൾക്കുന്നുണ്ടല്ലോ.
താൽക്കാലിക നേട്ടത്തിനായി ഇസ്‌ലാമോഫോബിയക്ക് വിത്ത് വിതക്കുന്ന സി.പി.എമ്മിന്റേത് അപകടകരമായ നിലപാടുകളാണെന്നു പറയാതെ വയ്യ. കേരളത്തിൽ ഇപ്പോൾ തന്നെ ശക്തമായ മുസ്‌ലിം പേടിയെ രൂക്ഷമാക്കാനേ പി. മോഹനന്റെ ഈ പ്രസ്താവനയും സഹായിക്കൂ. 
വാസ്തവത്തിൽ ചരിത്രപരമായി തന്നെ ഇസ്‌ലാമോഫോബിയ വളർത്തിയെടുക്കപ്പെട്ട ഒരു പ്രദേശമാണ് കേരളം. ഒരു വശത്ത് ടിപ്പുവിന്റെ പടയോട്ടത്തെയും മറുവശത്ത് അധിനിവേശ ശക്തികൾക്കെതിരെ കുഞ്ഞാലി മരയ്ക്കാർ നടത്തിയ ചെറുത്തുനിൽപുകളെയും പോലും അത്തരത്തിൽ ഉപയോഗിച്ചവർ ചരിത്രത്തിലുണ്ടായിരുന്നു. മലബാർ കലാപത്തെ മാപ്പിള ലഹളയായി ചിത്രീകരിച്ചവരാണ് നാം. മുസ്‌ലിംകൾക്കു ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലാ രൂപീകരണവും 'മുസ്‌ലിം പേടി'ക്കായി ഉപയോഗിച്ചു. 
പേരിൽ മുസ്‌ലിം ഉള്ളതിന്റെ പേരിൽ ജനാധിപത്യപ്രക്രിയയിൽ ഇരുമുന്നണികളിലും ഭാഗഭാക്കായി പങ്കെടുക്കുന്ന മുസ്‌ലിം ലീഗിനെ പോലും വർഗീയ പാർട്ടിയായി ചിത്രീകരിക്കുന്നു.  കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായ മഅ്ദനിയുടെ തടങ്കൽ ഇസ്‌ലാമോഫോബിയയുടെ വളർച്ചയുടെ മറ്റൊരു ഉദാഹരണം. സംസ്ഥാനത്ത് യാതൊരു അടിസ്ഥാനവുമില്ലാതെ യു.എ.പി.എ പ്രയോഗിക്കുന്നത് മുഖ്യമായും മുസ്‌ലിം വിഭാഗങ്ങൾക്കെതിരെയാണ്. അവരിൽ പലരും ദീർഘകാലം ജയിലിൽ കിടന്ന ശേഷം നിരപരാധികളാണെന്നു തെളിഞ്ഞ് പുറത്തു വരുന്നു. ഇസ്‌ലാമോഫോബിയ വളർത്താൻ ഹാദിയാ സംഭവം ഉപയോഗിച്ചപ്പോൾ പല പുരോഗമനവാദികളും ഫെമിനിസ്റ്റുകളും അവർക്കൊപ്പമായിരുന്നു. മറുവശത്ത് സാഹിത്യ  സിനിമാ മേഖലകളിലൊക്കെ ഇസ്‌ലാമോഫോബിയ വളർത്തിയെടുക്കാനുള്ള നീക്കം ശക്തമായി. ഗൾഫിൽ പോയി കഷ്ടപ്പെട്ട് കുറച്ചു പണം വാങ്ങി നാട്ടിലെത്തുന്നവർ വില്ലന്മാരും പണിയെടുക്കാതെ തളർന്നാലും ആഢ്യത്വം കൈവിടാത്ത സവർണ പ്രമാണിമാർ നായകരുമായി ചിത്രീകരിക്കപ്പെട്ടു. ഭീകരന്മാരെല്ലാം ഇവരുടെ കണ്ണിൽ മുസ്‌ലിംകളായി. ബോംബ് നിർമാണം കൂടുതൽ നടക്കുന്നത് കണ്ണൂരായിട്ടും മലപ്പുറത്ത് പോയാൽ ബോംബ് കിട്ടാൻ എളുപ്പമാണെന്ന ഡയലോഗ് ഏറെ കൈയടി നേടി. വൈറസ് എന്ന ആഷിക്ക് അബുവിന്റെ സിനിമയിൽ പോലും പലരും വർഗീയത തിരഞ്ഞു.  
ഭീകരവാദത്തിനെതിരെ പ്രചാരണം നടത്തിയവരെ നാട്ടുകാർ പിടികൂടി പോലീസിലേലേൽപിച്ച സംഭവം പോലും പറവൂരിലുണ്ടായി. യുക്തിവാദികളുടെയും പ്രധാന ലക്ഷ്യം മുസ്‌ലിംകളായി. അവസാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നതിന്റെ പേരിൽ സംഘ്പരിവാറുകാരും കമ്യൂണിസ്റ്റ് പരിവാറുകാരും ലീഗിനെ പാക് പാർട്ടിയായി പോലും ചിത്രീകരിച്ചതും നാം കണ്ടു. 
ഈ പട്ടിക എത്ര വേണമെങ്കിലും നീട്ടാം. അതിനിടയിലാണ് കോഴിക്കോട് നേതാവിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. ടി.പി. ചന്ദ്രശേഖരനെ വധിക്കാനുപയോഗിച്ച കാറിൽ ഇവരൊട്ടിച്ച സ്റ്റിക്കർ എന്തായിരുന്നു എന്നും എന്തിനായിരുന്നു എന്നും എല്ലാവർക്കുമറിയാം. ആ ശൈലി തന്നെ സി.പി.എം ആവർത്തിക്കുകയും ബി.ജെ.പി അതിനെ പിന്തുണക്കുകയും ചെയ്യുന്ന സാഹചര്യത്തെ ആശങ്കയോടെയല്ലാതെ എങ്ങനെയാണ് സമീപിക്കാനാവുക?

Latest News