Sunday , December   15, 2019
Sunday , December   15, 2019

ഒരു സ്വപ്നാടകന്റെ ജീവിതവും മരണവും

പാർസി മുഹമ്മദ്

അനുസ്മരണം/ പാർസി മുഹമ്മദ് 

കെ.ജി. ജോർജ് എന്ന അനുഗൃഹീത സംവിധായകനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത് പാർസി മുഹമ്മദ് നിർമിച്ച സ്വപ്‌നാടനമായിരുന്നു. പാർസിയുടെ കേസ് ഡയറിയാണ്  സ്വപ്‌നാടനമെന്ന സിനിമയായി മാറിയത്.  

മാറഞ്ചേരിയെന്ന കൊച്ചുഗ്രാമത്തിൽ നിന്ന് തുടങ്ങി, ജീവിതം തുന്നിച്ചേർക്കാൻ മുംബൈയിലെത്തി. തെരുവു ഗുണ്ടകൾ മുതൽ കലാസാംസ്‌കാരിക ലോകത്തെ മാസ്മരിക പ്രതിഭകളെ  വരെ സൗഹൃദ വലയത്തിലാക്കിയ മാറഞ്ചേരിക്കാരൻ 'പാർസി മുഹമ്മദിന്റെ'  കഥ ആരെയും അത്ഭുതപ്പെടുത്തും.
സൈക്കോ മുഹമ്മദെന്നു കൂടി അറിയപ്പെട്ടിരുന്ന മാറഞ്ചേരിക്കാരൻ പാർസി മുഹമ്മദ് പൊന്നാനിയിലെ കൊച്ചു ഗ്രാമത്തിൽ നിന്ന് മുഹമ്മദ് റഫി, കിഷോർ കുമാർ, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്ലെ തുടങ്ങിയവരുടെ സൗഹൃദവലയത്തിലേക്ക് വളരുകയായിരുന്നു. മലയാളത്തിലെ ആദ്യത്തെ മനശാസ്ത്ര പംക്തിക്കാരനും  ഇദ്ദേഹമാണ്. 
മാറഞ്ചേരി പുറങ്ങിൽ മുഹമ്മദലി - ആയിശ ദമ്പതിമാരുടെ മൂത്ത മകനായി പിറന്ന മുഹമ്മദ് ബാപ്പു പാർസി മുഹമ്മദും സൈക്കോ മുഹമ്മദുമായത് സിനിമകളെ വെല്ലുന്ന കഥയാണ്. ജീവിക്കാനായി മുംബൈയിലെത്തി കിട്ടിയ ജോലികളൊക്കെ ചെയ്യുന്നതിനിടയിൽ കലാകാരൻമാർ, രാഷ്ട്രീയക്കാർ, സിനിമക്കാർ, അധോലോക നായകർ തുടങ്ങിയവരെല്ലാം ബാപ്പുവിന്റെ സുഹൃത്തുക്കളായി. ഹാജി മസ്താൻ, കരീം ലാല, വരദരാജ മുതലിയാർ തുടങ്ങിയവരും ഇതിൽ പെടും. ഗസലുകളോടും ഹിന്ദുസ്ഥാനി സംഗീതത്തോടുമുള്ള പ്രണയമാണ് മുഹമ്മദ് ബാപ്പുവിനെ ജിദ്ദയിലുള്ള ഷേയ്ഖ് റഫീഖ് മുഹമ്മദിലേക്കും എത്തിച്ചത്. ഉള്ളിലെ ആഴങ്ങളെ സ്‌നേഹിക്കുന്നവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനങ്ങളിലൊന്നാണ് ഗസലുകൾ എന്ന് അദ്ദേഹം പറയുമായിരുന്നുവെന്ന് ഷേയ്ഖ് റഫീഖ് അനുസ്മരിക്കുന്നു. 
മാതൃഭൂമി വാരാന്തപ്പതിപ്പിൽ തുടങ്ങിയ 'അൽപം മനശ്ശാസ്ത്രം' എന്ന കോളത്തിലൂടെ മുഹമ്മദ് ബാപ്പു മലയാളത്തിലെ ആദ്യ മനശാസ്ത്ര കോളമെഴുത്തുകാരനുമായി. പത്രപ്രവർത്തകനായ യഹിയ പി. ആമയം രചിച്ച ഇദ്ദേഹത്തിന്റെ ജീവചരിത്രം -പാർസി മുഹമ്മദ് ജീവിതം, സൗഹൃദം, കല എന്ന പുസ്തകം  എൺപതാം പിറന്നാളിനോടനുബന്ധിച്ചു പുറത്തിറക്കിയിരുന്നു്.
'ലബ്ബൈക്ക്', 'റോസ റംസാൻ', 'മുംബൈ ലോക്കൽ ട്രെയിൻ' തുടങ്ങിയ ചലച്ചിത്രങ്ങളും നിർമിച്ചു. മുഹമ്മദ് റഫി, കിഷോർ കുമാർ, ലതാ മങ്കേഷ്‌കർ, ആശാ ഭോസ്ലെ തുടങ്ങിയവരുമായും അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു. അക്കാലത്ത് അര ലക്ഷം രൂപ പ്രതിഫലമുണ്ടായിരുന്ന റഫി, മുഹമ്മദ് ബാപ്പുവുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ പേരിൽ പാട്ടു പാടാൻ 10,000 രൂപ മാത്രമാണ് 'ലുബ്ന' എന്ന ചലച്ചിത്രത്തിന് വാങ്ങിയത്. 
മുംബൈയിൽ സ്വന്തമായി ഫഌറ്റുകൾ സ്വന്തമാക്കിയ ഇദ്ദേഹത്തിന്റെ സന്ദർശകരിൽ പുനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലുണ്ടായിരുന്ന ജോൺ എബ്രഹാം, അരവിന്ദൻ തുടങ്ങി ഒട്ടേറെ പ്രതിഭകളുമുണ്ടായിരുന്നു. ഈ പരിചയത്തിലൂടെയാണ് സ്വപ്‌നാടനം സിനിമ നിർമിക്കാനുള്ള ധൈര്യം ഇദ്ദേഹത്തിനു ലഭിക്കുന്നത്. കെ.ജി. ജോർജ് എന്ന അനുഗൃഹീത സംവിധായകനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത് പാർസിയുടെ സ്വപ്‌നാടനമായിരുന്നു. അദ്ദേഹത്തിന്റെ കേസ് ഡയറിയാണ് സ്വപ്‌നാടനമെന്ന സിനിമയായി മാറിയത്. ഡോ. മോഹൻദാസ്, റാണി ചന്ദ്ര എന്നിവരായിരുന്നു സ്വപ്‌നാടനത്തിലെ പ്രധാന റോളിൽ അഭിനയിച്ചത്. മാറഞ്ചേരി മുഹമ്മദ് റഫി മെമ്മോറിയൽ മ്യൂസിക് അക്കാദമിയുടെ സ്ഥാപകനും പി.കൃഷ്ണ പണിക്കർ സാംസ്‌കാരിക വേദി പ്രസിഡന്റും ഇ.മൊയ്തു മൗലവി ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായിരുന്നു.
ഏറെ നാളായി വാർധക്യ സഹജമായ അസുഖത്തിലായിരുന്നു. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു അന്ത്യം.  

 

Latest News