ജിസാൻ- മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടിൽ മരിച്ചു. മലപ്പുറം പാണ്ടിക്കാട് വള്ളിക്കാപറമ്പ് പൂവത്തിത്തൊടികയിൽ മൂസ ഹാജിയുടെയും സൈനബയുടെയും മകൻ മുഹമ്മദ് ഷരീഫാ(49)ണ് മരിച്ചത്. മസ്തിഷ്‌കാഘാതമുണ്ടായതിനെ തുടർന്ന് ഒരു മാസത്തോളമായി ജിസാനിൽ ചികിത്സയിലായിരുന്ന ഷരീഫിനെ കഴിഞ്ഞ ദിവസമാണ് വിദഗ്ധചികിത്സക്കായി നാട്ടിലെത്തിച്ചത്. കൊച്ചി വിമാനത്തവളത്തിൽനിന്ന് വീട്ടിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം നേരിട്ടതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയയിരുന്നു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ അദ്ദേഹം ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് ഇന്നലെ കാലത്ത് എട്ടുമണിയോടെയാണ് മരിച്ചത്. കഴിഞ്ഞ 32 വർഷമായി ജിസാനിലെ മുത്തല്ലയിൽ ബാർബർഷോപ്പ് നടത്തിവരുകയായിരുന്നു. ചെറുപ്പത്തിൽ തന്നെ പ്രവാസ ജീവിതം ആരംഭിച്ച ഷരീഫ് ജിസാനിലെ വിവിധ ഭാഗങ്ങളിൽ പിതാവ് ആരംഭിച്ച കടകളും നടത്തിയിരുന്നു. ഷരീഫിന്റെ പിതാവ് മൂസാ ഹാജിയും ജിസാനിൽ ദീർഘകാലം ജോലിചെയ്തിരുന്നു.
കഴിഞ്ഞ മാസം 21 ന് താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ ഷരീഫിനെ സുഹൃത്തുക്കളാണ് ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തെ ചികിത്സക്ക് ശേഷം ജിദ്ദയിൽ ജോലിചെയ്യുന്ന മൂത്ത മകളുടെ ഭർത്താവ് അരീക്കോട് സ്വദേശി നൗഷാദിനൊപ്പമാണ് നാട്ടിലേക്ക് പോയത്. നാട്ടിലേക്ക് പോകുംവഴി അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് അഞ്ചു ദിവസം റിയാദിലും ആശുപത്രിയിലായിരുന്നു. സറീനയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷിയാസ്, മുഹമ്മദ് ഷിയാദ്, മുഹമ്മദ് ഷിഫാൻ, ഷിഫ്‌ന, ഷിബിന ഷെറിൻ, എന്നിവർ. സഹോദരന്മാരായ നാസർ, മുഹമ്മദ് അമീൻ എന്നിവർ ജിസാൻ മദായയിൽ ജോലിചെയ്യുന്നു. മറ്റു സഹോദരന്മാരയ അക്ബർ, ആഷിഖ് എന്നിവർ നാട്ടിലാണ്. പാണ്ടിക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുമയ്യ, നിഷദ എന്നിവർ സഹോദരിമാരാണ്.
ജിസാനിൽ പ്രവാസികൾക്കിടയിൽ സുപരിചിതനായ ഷരീഫ് വലിയൊരു സുഹൃദ്‌വലയത്തിനുടമയായിരുന്നു. കലാ സാംസ്‌കാരിക കൂട്ടായ്മയായ 'ജല'യുടെ സിറ്റി യൂനിറ്റ് അംഗമായിരുന്നു. ഷരീഫിന്റെ വിയോഗം ജിസാനിലെ പ്രവാസി മലയാളികളെ ദുഖത്തിലാഴ്ത്തി.'ജല' കേന്ദ്രകമ്മിറ്റി ഷരീഫിന്റെ വേർപാടിൽ അനുശോചിച്ചു.






