വാട്‌സാപ്പ് ചോര്‍ത്തലിനു പിന്നില്‍ സര്‍ക്കാരാണോ? പാര്‍ലമെന്റിലും മറുപടി പറയാതെ കേന്ദ്രം

ന്യൂദല്‍ഹി- മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും സ്മാര്‍ട് ഫോണുകള്‍ ചോര്‍ത്താന്‍ സര്‍ക്കാര്‍ ഇസ്രാഈലി ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചു. വാട്‌സാപ്പിലൂടെ രഹസ്യ സൈബര്‍ ആക്രമണം നടത്തിയ പെഗാസസ് സ്‌പൈവെയറിനെ കുറിച്ച് അന്വേഷണം നടത്തിയോ എന്ന മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്റെ ചോദ്യത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയില്ല. പെഗാസസ് സ്‌പൈവെയര്‍ സര്‍ക്കാര്‍ വാങ്ങിയതാണോ അതോ കോളുകളും മെസേജുകളും ചോര്‍ത്തുന്നതിന് പ്രത്യേക പ്രോട്ടോകോളുകള്‍ പാലിച്ചിട്ടുണ്ടോ എന്ന മാരന്റെ ചോദ്യത്തിനും സര്‍ക്കാരിന് മറുപടിയില്ല. അതേസമയം 121 ഇന്ത്യന്‍ ഉപയോക്താക്കളെ സ്‌പൈവെയര്‍ ഉന്നമിട്ടതായി വാട്‌സാപ്പ് അറിയിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ സമ്മതിച്ചു. 

പെഗാസസ് ചാര വൈറസ് നിര്‍മിച്ച എന്‍എസ്ഒ എന്ന ഇസ്രായീല്‍ കമ്പനി ഈ സ്‌പൈവെയര്‍ തങ്ങള്‍ സര്‍ക്കാരുകള്‍ക്കു മാത്രമെ നല്‍കുന്നുള്ളൂ എന്ന് പലതവണ വ്യക്തമാക്കിയതാണ്. ലോകത്തൊട്ടാകെ 1400 വാട്‌സാപ്പ് ഉപയോക്താക്കളെ നിരീക്ഷിക്കാന്‍ ഇതുപയോഗിച്ചിട്ടുണ്ട്. ഇവരില്‍ 121 ഇരകള്‍ ഇന്ത്യക്കാരാണ്.

ഐടി നിയമ പ്രകാരം വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാരിനു അധികാരമുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. ഐ.ബി, സി.ബി.ഐ, എന്‍.ഐ.എ തുടങ്ങി പത്തു ഏജന്‍സികള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം മുന്‍നിര്‍ത്തി നിയമ പ്രകാരം കോളുകള്‍ ചോര്‍ത്താനും നിരീക്ഷിക്കാനും കംപ്യൂട്ടറില്‍ സൂക്ഷിച്ച രഹസ്യ വിവരം ഡീക്രിപ്റ്റ് ചെയ്യാനും സര്‍ക്കാരിന് അധികാരമുണ്ട്. ഈ അധികാരങ്ങള്‍ നിയമവിധേയമായി ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ച് പ്രയോഗിക്കാനുള്ളതാണ്. ഇത്തരം കേസുകളില്‍ കേന്ദ്ര, സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെ അനുമതിയോടെയാണ് ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Latest News