Sorry, you need to enable JavaScript to visit this website.

ശബരിമല ഭരണ നിര്‍വഹണത്തിന് പ്രത്യേക നിയമം നിര്‍മിക്കണമെന്ന് കേരളത്തോട് സുപ്രീം കോടതി

ന്യൂദല്‍ഹി- ശബരിമല ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണത്തിന് മാത്രമായി പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. പുതിയ നിയമം ആവശ്യമാണെന്നും ഇതിനു 2020 ജനുവരി മൂന്നാം ആഴ്ചയോടെ രൂപം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ശബരിമലയിലെ തങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പന്തളം രാജ കുടുംബം സമര്‍പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇത് ആവശ്യപ്പെട്ടത്.

നേരത്തെ ഓഗസ്റ്റ് 27നകം ശബരിമല ക്ഷേത്രത്തിനായി നിയമം രൂപീകരിക്കാന്‍ കേരള സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച് ഭേദഗതി ചെയ്ത തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മതസ്ഥാപന നിയമം ആണ്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ശബരിമല ക്ഷേത്രത്തിന് മറ്റു ക്ഷേത്രങ്ങളുടെ ഭരണവുമായി ബന്ധപ്പെട്ട നിയമം മതിയാവില്ലെന്നും പ്രത്യേക നിയമം വേണമെന്നും കോടതി വ്യക്തമാക്കി. ക്ഷേത്ര ഭരണത്തില്‍ മൂന്നിലൊന്ന് ക്വാട്ട സ്ത്രീകള്‍ക്ക് സംവരണം ചെയ്യുമെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഏഴംഗ ബെഞ്ച് വിധി പറയാനിരിക്കെ ഇതെങ്ങനെ സാധ്യമാകുമെന്നും കോടതി ചോദിച്ചു.
 

Latest News