Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇതാണ് ബെഹ്‌റ; ഭാര്യ ഗതാഗതക്കുരുക്കില്‍പെട്ടതിന് പോലീസുകാര്‍ക്ക് ശിക്ഷ

തിരുവനന്തപുരം- ഡി.ജി.പിയുടെ ഭാര്യ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു, ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും രണ്ട് സി.ഐമാര്‍ക്കും പോലീസ് ആ സ്ഥാനത്ത് അര്‍ധരാത്രി വരെ നില്‍പ്പ് ശിക്ഷ!
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപാസില്‍ ഗതാഗത കുരുക്കില്‍പെട്ടതിനാണ് എ.സിയെയും സി.ഐയെയും ഡി.ജി.പി ശിക്ഷിച്ചത്. ടെക്‌നോ പാര്‍ക്കിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ എച്ച്.ആര്‍ വിഭാഗം മേധാവിയാണ് ഡി.ജി.പിയുടെ ഭാര്യ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഇവര്‍ ബൈപാസില്‍ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു.
ഗവര്‍ണര്‍ക്ക് ആഭ്യന്തര വിമാന ത്താവളത്തിലേക്ക് കടന്നു പോകാനായി പാളയം മുതല്‍ ചാക്ക ബൈപാസ് വരെ പോലീസ് ഗതാഗതം ക്രമീകരിച്ചിരുന്നു. വൈകുന്നേരം 6.40 നാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് തിരിക്കുമെന്ന് അറിയിച്ചിരുന്നത്. ഗവര്‍ണറുടെ വാഹനം കടന്നു വരുന്നതനുസരിച്ച് ബൈപാസിലും പാളയം-ചാക്ക റോഡിലും പത്തു മിനിറ്റോളം വാഹനങ്ങള്‍ തടഞ്ഞു. ഈ നിയന്ത്രണത്തിനിടയിലാണ് ഡി.ജി.പിയുടെ ഭാര്യ കുരുക്കില്‍പെട്ടത്.
വൈകുന്നേരത്തെ ഗതാഗത കുരുക്കില്‍ അകപ്പെടാതെ ഗവര്‍ണറെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിച്ചതിന്റെ ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് ട്രാഫിക് ചുമതലയുള്ള നാല് ഓഫീസര്‍മാര്‍ക്കും അടിയന്തരമായി പോലീസ് ആസ്ഥാനത്തെത്താന്‍ മേലുദ്യോഗസ്ഥരുടെ സന്ദേശം ലഭിച്ചത്. ഇതനുസരിച്ച് എത്തിയ നാലു പേരെയും ഡി.ജി.പി കണക്കിന് ശാസിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ നിര്‍ത്തി പൊയ്‌ക്കൊള്ളാനും ഗതാഗതകുരുക്ക് സൃഷ്ടിക്കാനായി നിങ്ങള്‍ നാലു പേരും ഇവിടെ ജോലി ചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞായിരുന്നു ശാസന. അര മണിക്കൂറോളം കണക്കിന് ശാസിച്ച ശേഷം നാലു പേര്‍ക്കും പോലീസ് ആസ്ഥാനത്ത് നില്‍പ്പ് ശിക്ഷയായിരുന്നു.
പോലീസ് മേധാവി ഓഫീസ് വിട്ട ശേഷവും തിരികെ പോകാന്‍ അനുമതിയില്ലാതെ പോലീസ് ആസ്ഥാനത്ത് നില്‍ക്കേണ്ടിവന്ന ഇവരെ ഒടുവില്‍ പോലീസ് സംഘടനാ നേതാക്കളുടെയും മേലുദ്യോഗസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് അര്‍ധരാത്രിയോടെയാണ് പോകാന്‍ അനുവദിച്ചത്. ഓഫീസര്‍മാരെ പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി ശാസിക്കുകയും നില്‍പ്പ് ശിക്ഷ വിധിക്കുകയും ചെയ്തത് ആദ്യ സംഭവമാണെന്നും പോലീസിലെ പലരും രഹസ്യമായി പറയുന്നു. കഴക്കൂട്ടം-കാരോട് ബൈപാസ് നിര്‍മാണം പുരോഗമിക്കുകയും റോഡുകള്‍ പലതും തകര്‍ന്ന് കിടക്കുകയും ചെയ്യുന്ന നഗരത്തില്‍ രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് നിത്യസംഭവമായിരിക്കെ പോലീസ് ഓഫീസര്‍മാര്‍ ബലിയാടാകേണ്ടി വന്നത് അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

 

 

Latest News