Sorry, you need to enable JavaScript to visit this website.

കൊലപാതകത്തിന് പിന്നിൽ അഴിമതിയിൽനിന്ന് ശ്രദ്ധതിരിക്കാനാണെന്ന് ജയശങ്കർ

കൊച്ചി- തിരുവനന്തപുരം കൊലപാതകം കോഴ ആരോപണത്തിൽനിന്ന് ബി.ജെ.പിക്കും കോവളം കൊട്ടാരം ഇടപാടുകളിൽനിന്ന് സി.പി.എമ്മിനും രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജയശങ്കറിന്‍റെ വിമർശനം.

പോസ്റ്റിന്‍റെ പൂർണരൂപം:

തിരുവനന്തപുരം കണ്ണൂരായി. ഇന്ന് ഹർത്താൽ. മെഡിക്കൽ കോളേജ് കോഴയിടപാടിൽ നിന്ന് ബിജെപിക്കും മൂന്നാർ, കോവളം കൊട്ടാരം ഇടപാടുകളിൽ നിന്ന് സിപിഎമ്മിനും ജനശ്രദ്ധ തിരിക്കണം. പിണറായി ഇച്ഛിച്ചതും കുമ്മനം കല്പിച്ചതും ഹർത്താൽ. 1969ൽ തുടങ്ങിയതാണ് തലശ്ശേരിയിലെ ആർ.എസ്.എസ്-മാർക്‌സിസ്റ്റ് സംഘട്ടനം. പിന്നീട് അത് സംസ്ഥാനത്തിന്‍റെ നാനാ ഭാഗത്തേക്കും വ്യാപിച്ചു. കോൺഗ്രസ് ഭരണത്തിൽ അല്പം തണുക്കും, സി.പി.എം അധികാരത്തിൽ വരുമ്പോൾ വീണ്ടും ആളിക്കത്തും.
1980-81 കാലത്ത് തലശ്ശേരിയിൽ സ്‌കോർ ബോർഡ് വച്ചാണ് ഇരുകൂട്ടരും കൊല നടത്തിയത്. രണ്ട് എം.എൽ.എമാരെ തലശ്ശേരി കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചതും അക്കാലത്തു തന്നെ.തെങ്ങിന്‍റെ കുലയും മനുഷ്യന്‍റെ തലയും സുരക്ഷിതമാക്കാൻ യുഡിഎഫിന് വോട്ടു ചെയ്യണം എന്നാണ് സിഎച്ച് മുഹമ്മദ് കോയ അന്ന് പറഞ്ഞത്. 1999ൽ, ഇകെ നായനാർ മൂന്നാമതും മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് പി.ജയരാജന്‍റെ കൈ വെട്ടിയതും ജയകൃഷ്ണൻ മാഷിനെ വിദ്യാർഥികളുടെ മുന്നിലിട്ടു വെട്ടിക്കൊന്നതും.
ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ് കൊലപാതക രാഷ്ട്രീയത്തിന് കുറെയെങ്കിലും ശമനമുണ്ടായത്. മുടക്കോഴിമലയിലേക്കു പോലീസിനെ വിട്ടു തിരുവഞ്ചൂരും ഊപ്പ ചുമത്തി ചെന്നിത്തലയും അക്രമികളെ നിലയ്ക്കുനിർത്തി. അക്കാലത്ത് വർഗീയ ലഹളകളോ പോലീസ് വെടിവെപ്പോ ഉണ്ടായില്ല. കേരളപ്പിറവിക്കു ശേഷം ഏറ്റവും സമാധാനപൂർണമായ കാലഘട്ടം ഉമ്മൻജി ഭരിച്ച 2011-16 ആയിരുന്നു. 2016 മേയിൽ വോട്ടെണ്ണിയ ദിവസം തുടങ്ങിയ കലാപമാണ് ഇപ്പോഴും തുടരുന്നത്. കേരളം കണ്ണൂരാക്കാനാണ് സിപിഎമ്മും ബിജെപിയും ഉത്സാഹിക്കുന്നത്.തെങ്ങിന്‍റെ കുല പോകട്ടെ എന്നുവെക്കാം. മനുഷ്യന്‍റെ തലയോ?

Latest News