Sorry, you need to enable JavaScript to visit this website.

ഫ്‌ളൈ നാസ് പത്തു  വിമാനങ്ങൾ കൂടി വങ്ങുന്നു;ഉംറ തീര്‍ഥാടകര്‍ ലക്ഷ്യം

പത്ത് എയർബസ് വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഫ്‌ളൈ നാസ് സി.ഇ.ഒ ബന്ദർ അൽമുഹന്ന ഒപ്പുവെക്കുന്നു.

റിയാദ് - സൗദിയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് എയർബസ് എ-321 എക്‌സ്.എൽ.ആർ ഇനത്തിൽ പെട്ട പത്തു വിമാനങ്ങൾ വാങ്ങുന്നതിന് കരാർ ഒപ്പുവെച്ചു. 120 വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഓർഡറിന്റെ ഭാഗമായാണ് എയർബസ് എ-321 എക്‌സ്.എൽ.ആർ ഇനത്തിൽ പെട്ട പത്തു വിമാനങ്ങൾ കമ്പനി വാങ്ങുന്നത്. ദുബായ് എയർഷോക്കിടെയാണ് ഇതിനുള്ള കരാറിൽ രണ്ടു കമ്പനികളും ഒപ്പുവെച്ചത്. 


ഇതോടെ പുതിയ മാനങ്ങൾക്കുള്ള ഫ്‌ളൈ നാസിന്റെ ആകെ ഓർഡർ തുക ആയിരം കോടി ഡോളറിലേറെയായി ഉയർന്നു. സൗദിയിലും മധ്യപൗരസ്ത്യ ദേശത്തും വ്യോമ ഗതാഗത ഭൂപടത്തിൽ മാറ്റമുണ്ടാക്കുന്നതിനുള്ള ഫ്‌ളൈ നാസിന്റെ തന്ത്രപ്രധാന ചുവടുവെപ്പിന്റെ ഭാഗമായാണിതെന്ന് കമ്പനി സി.ഇ.ഒ ബന്ദർ അൽമുഹന്ന പറഞ്ഞു. വലിയ തോതിലുള്ള പരിഷ്‌കരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സൗദി സമ്പദ്‌വ്യവസ്ഥയുടെ കരുത്തിന് തെളിവാണ് ഈ ഇടപാട്. ഇതിന് സൗദിയിലും ഗൾഫിലും മധ്യപൗരസ്ത്യ ദേശത്തും വ്യോമയാന വിപണിയിൽ വലിയ സ്വാധീനമുണ്ടാകും. 


തുടർച്ചയായി പതിനൊന്നു മണിക്കൂർ പറക്കുന്നതിനും 8700 കിലോമീറ്റർ താണ്ടുന്നതിനും സാധിക്കുന്ന എയർബസ് എ-321 എക്‌സ്.എൽ.ആർ വിമാനങ്ങൾ വാങ്ങുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ പുതിയ വിപണികളും സെക്ടറുകളും തുറന്ന് സർവീസ് വിപുലീകരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടൂറിസ്റ്റ് വിസകൾ അനുവദിച്ചു തുടങ്ങുകയും പ്രതിവർഷം രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം പത്തു കോടിയായി ഉയർത്തുന്നതിന് ലക്ഷ്യമിടുകയും ചെയ്യുന്ന സൗദി അറേബ്യയുടെ തീരുമാനവുമായി പുതിയ വിമാന ഇടപാട് ഒത്തുപോകുന്നു. 2025 മുതൽ എയർബസ് എ-321 എക്‌സ്.എൽ.ആർ വിമാനങ്ങൾ ഫ്‌ളൈ നാസിന് ലഭിക്കും. 


പുതിയ ഓർഡറിലൂടെ പ്രതിവർഷം 50 ലക്ഷത്തോളം ഉംറ തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതിനും കമ്പനി ലക്ഷ്യമിടുന്നു. 2030 ഓടെ പ്രതിവർഷം രാജ്യത്തെത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. 2017 മുതൽ ആയിരം കോടിയിലേറെ ഡോളറിന്റെ വിമാനങ്ങൾക്ക് ഫ്‌ളൈ നാസ് ഓർഡറുകൾ നൽകിയിട്ടുണ്ട്. പ്രവർത്തനം തുടങ്ങിയതു മുതൽ ഇതുവരെ 4.8 കോടി യാത്രക്കാരെ ഫ്‌ളൈ നാസ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ടെന്നും ബന്ദർ അൽമുഹന്ന പറഞ്ഞു. 

Latest News