റിയാദ് - സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുള്ള വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പദ്ധതികൾ നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയുടെ സാമ്പത്തിക പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിന് തീരുമാനം. വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പദ്ധതികൾ സ്വകാര്യ മേഖലയുടെ സാമ്പത്തിക പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനുള്ള കർമ പദ്ധതി തയാറാക്കി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതിക്ക് 90 ദിവസത്തിനകം സമർപ്പിക്കുന്നതിന് വിഷൻ 2030 പദ്ധതി സബ്കമ്മിറ്റികൾക്ക് ഉന്നതാധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച സാധ്യതാ പഠനം തയാറാക്കുന്നതിനുള്ള സംവിധാനങ്ങൾ, സാമ്പത്തിക മാതൃക, സാമ്പത്തിക ശേഷി, നേട്ടങ്ങളും പ്രോത്സാഹനങ്ങളും, ഇതിന് ആവശ്യമായ സമയം എന്നിവയെല്ലാം ഉൾപ്പെടുത്തി കർമ പദ്ധതി തയാറാക്കാനാണ് നിർദേശം. വിഷൻ 2030 പദ്ധതി നടപ്പാക്കുന്നതിൽ സ്വകാര്യ മേഖലയുടെ സാമ്പത്തിക പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനുള്ള രണ്ടു ഓഫറുകൾ വാണിജ്യ, നിക്ഷേപ മന്ത്രാലയം സാമ്പത്തിക, വികസന സമിതിക്ക് സമർപ്പിച്ചിട്ടുണ്ട്.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പദ്ധതികൾ നടപ്പാക്കുന്നതിന് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രിയും സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (സാജിയ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. മാജിദ് അൽഖസബിയുടെ അധ്യക്ഷതയിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. സാജിയ ഗവർണർ, നാഷണൽ സെന്റർ ഫോർ ഡെബ്റ്റ് മാനേജ്‌മെന്റ്, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്, കയറ്റുമതി വികസന അതോറിറ്റി, ദേശീയ സ്വകാര്യവൽക്കരണ കേന്ദ്രം, സൗദി സെന്റർ ഫോർ ഇന്റർനാഷണൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്‌സ്, സൗദി കാപ്പിറ്റൽ മാർക്കറ്റ് അതോറിറ്റി, സൗദി അറാംകോ, സൗദി ഓഹരി വിപണി, ലോക്കൽ കണ്ടന്റ് ആന്റ് ഗവൺമെന്റ് പ്രോക്യുർമെന്റ് അതോറിറ്റി പ്രതിനിധികൾ, വിഷൻ 2030 സി.ഇ.ഒമാർ എന്നിവർ കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.
കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ, കൈവരിച്ച നേട്ടങ്ങൾ, പ്രധാന വെല്ലുവിളികൾ, ഇവക്കുള്ള പോംവഴികൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ഓരോ മൂന്നു മാസത്തിലും കമ്മിറ്റി സാമ്പത്തിക, വികസന സമിതി അധ്യക്ഷന് റിപ്പോർട്ട് സമർപ്പിക്കും. സാജിയ ഉപയോഗിക്കുന്ന ഇൻവെസ്റ്റ് സൗദി എന്ന ലോഗോ സൗദിയിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും മാർക്കറ്റിംഗിനുമുള്ള ഏകീകൃത ലോഗോ ആയി മാറും. നിക്ഷേപങ്ങൾ ആകർഷിക്കുന്നതുമായും മാർക്കറ്റിംഗുമായും ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളിലും മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും ഈ ലോഗോ ഉപയോഗിക്കണം. സൗദിയിലെ മുഴുവൻ നിക്ഷേപാവസരങ്ങൾക്കുമുള്ള സമഗ്ര പോർട്ടൽ സാജിയ തയാറാക്കും. പോർട്ടലിൽ ഉൾപ്പെടുത്തുന്നതിന് മുന്നോടിയായി തങ്ങൾക്കു കീഴിലെ നിക്ഷേപാവസരങ്ങളെ കുറിച്ച വിവരങ്ങളും വിശദാംശങ്ങളും മുഴുവൻ മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും തുടർച്ചയായി സാജിയക്ക് കൈമാറണമെന്നും നിർദേശമുണ്ട്.