Sorry, you need to enable JavaScript to visit this website.

ഇടിത്തീയായി പി.മോഹനന്റെ പ്രസ്താവന; എം.എ.റഹ്മാന്റെ കിതാബ് മഹൽ കഥയുമായി ജലീൽ

തിരുവനന്തപുരം  -  ഇടിവെട്ടീടും വണ്ണം എന്ന പോലെയായിരുന്നു മാവോയിസ്റ്റുകളുമായി ബന്ധപ്പെടുത്തി കോഴിക്കോട് ജില്ലാ സി.പി.എം സെക്രട്ടറി പി. മോഹനൻ  നടത്തിയ ഏറ്റവും പുതിയ പ്രസംഗം നിയമസഭയിലെത്തിയത്. നിയമ നിർമാണത്തിലേക്ക് ശാന്തമായി നീങ്ങിത്തുടങ്ങിയ സഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്  മാവോയിസ്റ്റുകൾക്ക് ഇസ് ലാമുമായി ബന്ധപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന് സി.പി.എം സെക്രട്ടറി പറഞ്ഞതും അപ്രകാരം ഒരു മതവുമായി ചേർത്ത് തീവ്രവാദം ആരോപിക്കുന്നത് ശരിയോ  എന്ന ചോദ്യമുന്നയിച്ചത്. വിഷയം മുന്നിലെത്തിയത് അപ്രതീക്ഷിതമായിരുന്നുവെങ്കിലും മറുപടി പറഞ്ഞ മന്ത്രി ഇ.പി.ജയരാജൻ സുരക്ഷാ വഴി തേടിയതായി തോന്നി. പൊതുയോഗ പ്രസംഗമൊക്കെ ഇങ്ങനെ നിയമസഭയിലുന്നയിക്കുന്നത് ശരിയല്ല എന്ന ജയരാജന്റെ വാക്കുകൾ വന്നു പെട്ട പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള  താൽക്കാലിക  വഴിയായി. തുടർന്ന്   മന്ത്രി കെ.ടി.ജലീൽ പൈലറ്റ് ചെയ്ത മദ്രസാധ്യാപക ക്ഷേമനിധി ബിൽ ചർച്ചയിലുടനീളം  മോഹനന്റെ പ്രസംഗം പല രീതിയിൽ പ്രതിപക്ഷം ആയുധമാക്കി.  മദ്രസയിൽ  മതം പഠിച്ച ഒരു കുട്ടിക്കും തീവ്രവാദിയാകാൻ കഴിയില്ലെന്ന് ലീഗിലെ പി.ഉബൈദുല്ല. ഇക്കാര്യം മന്ത്രി ജലീ ലെങ്കിലും ഒന്നു പറഞ്ഞു കൊടുക്കാൻ ഉബൈദുല്ല പറഞ്ഞെങ്കിലും ജലീലും സി.പി.എമ്മിലെ മറ്റംഗങ്ങളും വിഷയത്തിൽ  പ്രതികരിച്ചില്ല. ബിൽ ചർച്ചയിൽ സംസാരിച്ച സി.പി.എം സ്വതന്ത്രൻ പി.വി.അൻവർ ആ ഭാഗത്ത് തിരിഞ്ഞു നോക്കിയതു പോലുമില്ല. സംഘ പരിവാർ ഭീഷണി നേരിടുന്ന മതന്യൂനപക്ഷങ്ങളായിരുന്നു അൻവറിന്റെ പ്രസംഗ വിഷയം.
കോഴിക്കോട്ട്  അറസ്റ്റ് ചെയ്യപ്പെട്ട കുട്ടികളുടെ വായനാ പുസ്തകങ്ങൾ മാർക്‌സിസവുമായി ബന്ധപ്പെട്ടവയാണ്. ഇക്കണക്കിന് പോയാൽ മുസ്‌ലിം പേരുള്ളത് കണ്ട് എ.എൻ.ഷംസീറിനെയൊക്കെ പോലീസ് പിടിച്ചു കൊണ്ടുപോകില്ലേ എന്ന് ഉബൈദുല്ലയുടെ ചോദ്യം. കോൺഗ്രസിലെ നവ അംഗം ടി.ജെ.വിനോദ് മത ന്യൂനപക്ഷ രാഷ്ട്രീയക്കാരെയും വെല്ലുന്ന വിധം പി.മോഹനന്റെ പ്രസ്താവനയിലും മദ്രസാധ്യാപക ക്ഷേമനിധി ബില്ലിലും നിലപാടു പറഞ്ഞു. 1982 കാലത്ത്  മുക്രിമാർക്കും ബന്ധപ്പെട്ട വിഭാഗത്തിനും പെൻഷൻ ഏർപ്പെടുത്താൻ യു.ഡി.എഫ് ശ്രമിച്ചപ്പോൾ സി.പി.എം പക്ഷത്തുനിന്നുണ്ടായ എതിർപ്പ് ചൂണ്ടിക്കാണിച്ച വിനോദ്  ഇക്കാര്യത്തിലും സി.പി.എം കാൽ നൂറ്റാണ്ട് വെറുതെ കളഞ്ഞില്ലേ എന്ന ചോദ്യമുന്നയിച്ചു. മദ്രസാധ്യാപക ക്ഷേമനിധി ബില്ലിലെ പോരായ്മകൾ വിനോദ് എണ്ണിയെണ്ണി പറഞ്ഞു. 
അംഗത്വത്തിനുള്ള പ്രായം 18 വയസ്സാക്കണമെന്ന് വിനോദ് നിർദേശിച്ചപ്പോൾ  മറ്റൊരു കോൺഗ്രസ് അംഗമായ എം.വിൻസെന്റ് ആവശ്യപ്പെട്ടത് മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങൾ തന്നെ കൂടുതൽ പേരെ പദ്ധതിയിൽ ചേർക്കാൻ മുന്നിട്ടിറങ്ങണമെന്നാണ്.  മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ കോഴിക്കോട്ട് അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് മുസ്‌ലിം പേരുള്ളതുകൊണ്ട് കാര്യമില്ലെന്ന് ലീഗിലെ ടി.വി.ഇബ്രാഹിം ഓർമിപ്പിച്ചു. മദ്രസകളിൽ ശരിയാംവണ്ണം മതം പഠിച്ചവരാരും തീവ്രവാദത്തിനൊന്നും പോകില്ല. മദ്രസ പാഠ പുസ്തകത്തിൽ നിന്നുള്ള ചില ഭാഗങ്ങൾ ടി.വി.ഇബ്രാഹിം മദ്രസാധ്യാപന ശൈലിയിൽ തന്നെ അവതരിപ്പിച്ചു.  കിടക്കട്ടെ  കനത്തിലൊരെണ്ണം എന്ന ഭാവത്തിലായിരുന്നു കോൺഗ്രസിലെ പി.ടി.തോമസിന്റെ ഇടപെടൽ. ചൈനയിൽ ലക്ഷക്കണക്കിന് മുസ്‌ലിംകൾ കമ്യൂണിസ്റ്റ് ജയിലുകളിലാണെന്ന തോമസിന്റെ പ്രസ്താവന കേട്ടപ്പോൾ ദേഷ്യം കയറിയത് സി.പി.ഐയിലെ മുഹമ്മദ് മുഹ്‌സിന്. ഇതെന്താണിങ്ങനെ? പണ്ടൊക്കെ റഷ്യയുടെ കാര്യം പറയുമ്പോൾ ക്ഷോഭിക്കാറുള്ള സി.പി.ഐ ക്കാർ ഇതെന്ത് ഭാവിച്ചാണെന്ന് ഇബ്രാഹിമിന്റെ ചോദ്യം. മദ്രസകൾ മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിയിൽ വഹിച്ച പങ്ക് എടുത്ത് പറഞ്ഞ മഞ്ഞളാംകുഴി അലി മന്ത്രിയായ കാലത്ത് ഈ രംഗത്ത് തുടങ്ങിവെച്ച കാര്യങ്ങൾ വിവരിച്ചു. 
മദ്രസാ പിരിവിന് പോയ സാദിഖലി ശിഹാബ് തങ്ങൾക്ക് സ്വന്തം കൈയിലെ മോതിരം ഊരി നൽകിയ മറ്റൊരു മതത്തിൽ പെട്ട സ്ത്രീ കേരളത്തിന്റെ നന്മയെ പ്രതിനിധീകരിക്കുന്നുവെന്ന് അലി ഓർമിപ്പിച്ചു.  ജലീലും ഇടതു സർക്കാറും ചെയ്യുന്ന കാര്യങ്ങളെ അലി ഇങ്ങനെ വിലയിരുത്തി. 'ജലീൽ, താങ്കൾ കാര്യങ്ങൾ ചെയ്താൽ പോരാ. നിയ്യത്ത് ശരിയാകണം. കർമങ്ങളുടെ ആത്മാവ് നിയ്യത്താണ്.' ഒന്നാം കഌസ് മുതൽ എട്ട് വരെ മദ്രസയിൽ പഠിച്ച കാര്യം അറിയിച്ച മന്ത്രി ജലീൽ തന്റെ പഴയ ഉസ്താദുമാരെ വികാരവായ്‌പോടെ ഓർത്തു. മദ്രസാധ്യാപക ജീവിതം  അവതരിപ്പിക്കാൻ മന്ത്രി  കൂട്ടിന് വിളിച്ചത് എം.എ. റഹ്മാൻ അടുത്ത കാലത്തെഴുതിയ കിതാബ് മഹൽ എന്ന കഥയാണ്.  മദ്രസാധ്യാപകരുമായി  ബന്ധപ്പെട്ട ഒട്ടനവധി കലാസൃഷ്ടികളുണ്ടെങ്കിലും ജലീൽ തെരഞ്ഞെടുത്ത മദ്രസാധ്യാപക കഥയിലെ ബിംബങ്ങൾക്കെല്ലാം പ്രത്യേകതളുണ്ടായിരുന്നു.                        
സാമ്പത്തിക രംഗവുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവരുന്ന എല്ലാ എതിർ വാദങ്ങളും മന്ത്രി ഡോ.തോമസ് ഐസക്കിന്റെ സാമ്പത്തിക തത്വശാസ്ത്ര കഌസിന് മുന്നിൽ നിഷ്പ്രഭമാകുന്നത് നിത്യ കാഴ്ച.  കിഫ്ബി എന്ന സാമ്പത്തിക ഉത്തേജക പാക്കേജിനെ മന്ത്രി ജി.സുധാകരൻ പോലും മനസ്സ് കൊണ്ട് ഇഷ്ടപ്പെടുന്നില്ലെന്ന കാര്യം ഇതിനോടകം പരസ്യമായിട്ടുണ്ട്. കിഫ്ബിയെ കിം ഫി എന്നാണ് കവി മന്ത്രി പറയാറുള്ളത്. രാഷ്ട്രീയ സാഹചര്യം ഇതെല്ലാമാണെങ്കിലും മന്ത്രി വിവരിച്ചു തീ രുമ്പോഴേക്കും കിഫ്ബി വലിയ സംഭവമായി മന്ത്രി ഐസക്കിന്റെ വാക്കുകളിലെങ്കിലും തിളങ്ങിനി ൽക്കുന്നു. ചോദ്യോത്തരവേളയിലും അടിയന്തര പ്രമേയ നോട്ടീസ്  ഘട്ടത്തിലുമെല്ലാം നാട്ടിലെ  സാമ്പത്തിക  സ്ഥിതി തന്നെയായിരുന്നു വിഷയം. 
 

Latest News