കൊണ്ടോട്ടി- നഗരസഭ വികസന സമിതിയിൽ അംഗമായ പി. സൈതലവി രാജിവെച്ചു. ഇന്നലെയാണ് നഗരസഭ സെക്രട്ടറിക്ക് രാജി നൽകിയത്. രാജി ഇലക്ഷൻ കമ്മീഷന് സെക്രട്ടറി കൈമാറി. കോൺഗ്രസ് സ്വതന്ത്ര അംഗമാണ് രാജിവെച്ച സൈതലവി. യു.ഡി.എഫ് മുന്നണിക്കകത്തെ ചില പ്രശ്‌നങ്ങൾ കാരണം കോൺഗ്രസ് അംഗമായ പി. സൈതലവിയും ഇടതുപക്ഷത്തെ പി. അബ്ദുറഹ്മാൻ, കെ.കെ. സമദ്, പി. മുസ്തഫ എന്നിവരും ചേർന്ന് കഴിഞ്ഞ ആഗസ്റ്റിൽ വികസന സമിതി അധ്യക്ഷനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നു. ഭരണമുന്നണിക്കകത്ത് പ്രശ്‌നം വിവാദമായതോടെ ജില്ലാ യു.ഡി.എഫ് നേതൃത്വം ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണുകയും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും സൈതലവി ഉൾപ്പടെ യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഇതോടെ ക്വാറം തികയാത്തതു കാരണം അവിശ്വാസ പ്രമേയം ചർച്ച നടന്നില്ല.
പ്രശ്‌നങ്ങൾ രൂക്ഷമാവാതിരിക്കാൻ ജില്ലാ യു.ഡി.എഫ് കമ്മിറ്റി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റിയിൽ മാറ്റങ്ങൾക്ക് ധാരണയിലെത്തിയതായാണ് വിവരം. രാജി ഇതിന്റെ ഭാഗമാണെന്നാണ് സൈതലവി പറയുന്നത്.നഗരസഭയിൽ യു.ഡി.എഫ് ഐക്യത്തിനാണ് ജില്ലാ നേതൃത്വം ശ്രമിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-എൽ.ഡി.എഫ് അംഗങ്ങൾ ചേർന്നുള്ള മതേതര വികസനമുന്നണിയായിരുന്നു നഗരസഭ ഭരിച്ചിരുന്നത്. പിന്നീട് നഗരസഭയിൽ യു.ഡി.എഫ് ഐക്യം പുനഃസ്ഥപിച്ച് ഭരണം കോൺഗ്രസും മുസ്ലിം ലീഗും ചേർന്ന് തിരിച്ച് പിടിക്കുകയായിരുന്നു. ഇതിനിടയിൽ മുന്നണികൾക്കിടയിൽ അസ്വാരസ്യമുണ്ടാകുന്നത് മണ്ഡല-ജില്ലാ നേതൃത്വങ്ങൾക്ക് തലവേദനയായിട്ടുണ്ട്.