കൊണ്ടോട്ടി-സംസ്ഥാന ഹജ് കമ്മറ്റി കരിപ്പൂർ ഹജ് ഹൗസിൽ നിർമ്മിക്കുന്ന വനിതാ ഹജ് ഹൗസ് നിർമ്മാണം അവസാന നിമിഷം ടെൻഡർ ഒഴിവാക്കി ഊരാളുങ്കലിന് നൽകുന്നു. നിർമ്മാണത്തിനുളള എസ്റ്റിമേറ്റ് തയ്യാറാക്കി ടെൻഡർ നടപടികളിലേക്ക് കടക്കാനൊരുങ്ങവെയാണ് നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകാൻ സർക്കാർ സമ്മർദ്ദമുണ്ടായത്. ഇതോടെ ഊരാളുങ്കൽ ആദ്യം തയ്യാറാക്കിയ പ്ലാനിൽ ചെറിയ മാറ്റം വരുത്തി ഏറ്റെടുക്കുകയായിരുന്നു.
അടുത്തിടെ പുനഃസംഘടിപ്പിച്ച അഞ്ചംഗ ടെക്‌നിക്കൽ കമ്മിറ്റിയാണ് ഇത് പരിശോധന നടത്തിയത്. പ്രവൃത്തികൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച സർക്കാർ അനുമതി ഈ ആഴ്ചയുണ്ടാകും. കഴിഞ്ഞ ജൂലൈ ആറിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വനിത ഹജ് ഹൗസ് കെട്ടിടത്തിന് തറക്കല്ലിട്ടത്. സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസിയായ ഊരാളുങ്കലിന് മുൻകാല പരിചയവും വിശ്വാസ്യതയും പെർഫോമൻസും കണക്കിലെടുത്താണ് നിർമ്മാണം നൽകുന്നതെന്നാണ് ഹജ് കമ്മിറ്റി പറയുന്നത്.
കരിപ്പൂർ ഹജ് ഹൗസിനോട് ചേർന്ന് മൂന്ന് നിലകളിലായി എട്ട് കോടി ഇരുപത് ലക്ഷം രൂപ ചിലവിലാണ് പുതിയ വനിതാ ഹജ് ഹൗസ് നിർമ്മിക്കുന്നത്. പ്ലാനിലും എസ്റ്റിമേറ്റിലും ചെറിയ മാറ്റങ്ങളോടെയാണ് നിലവിൽ ഊരാളുങ്കൽ നിർമ്മാണ കമ്പനി പുതിയത് തയ്യാറാക്കിയത്. കെട്ടിട നിർമ്മാണത്തിനുളള അനുമതി കൊണ്ടോട്ടി നഗരസഭയിൽ നിന്ന് വാങ്ങിയിരുന്നു. പുതിയ പ്ലാനും മറ്റും ഇതുവരെ സർക്കാറിന് സമർപ്പിക്കാത്തതിനാൽ നാലുമാസമായി നിർമ്മാണം വൈകുകയാണ്. പുതിയ ഹജ് സീസൺ 2020 ജൂൺ 26 മുതൽ ആരംഭിക്കും. ഇതിന് മുമ്പ് കെട്ടിട പ്രവൃത്തികൾ പൂർത്തിയാക്കി പ്രയോജനപ്പെടുത്താൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ഹജ് കമ്മിറ്റി നിരവധി തവണ വകപ്പുമായി ബന്ധപ്പെട്ടെങ്കിലും ഇതുവരെ നിർമ്മാണത്തിനുളള സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, സെക്രട്ടറിയും മലപ്പുറം ജില്ലാ കലക്ടറുമായ ജാഫർ മലിക് തുടങ്ങിയവർ ഹജ് മന്ത്രിയെ കണ്ടിരുന്നു. നിലവിലെ ഹജ് ഹൗസ് കെട്ടിടത്തോട് ചേർത്താണ് പുതിയ വനിത കെട്ടിടം നിർമ്മിക്കുന്നത്. നേരത്തെ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഹജ് ഹൗസിന് മുമ്പിലുളള സ്ഥലത്ത് ഏഴ്‌നില കെട്ടിടത്തിനായിരുന്നു അനുമതി നൽകിയിരുന്നത്. ഇതിന് എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയെങ്കിലും പിന്നീട് പദ്ധതി മുടങ്ങുകയും നെടുമ്പാശ്ശേരിയിലേക്ക് ഹജ് സർവ്വീസ് മാറ്റുകയും ചെയ്തു. കഴിഞ്ഞ വർഷം മുതൽ കരിപ്പൂരിൽ ഹജ് സർവ്വീസ് പുനഃസ്ഥാപിച്ചതോടെയാണ് വീണ്ടും വനിത ഹജ് ഹൗസ് ആവശ്യമുയർന്നത്. എന്നാൽ ഈ പദ്ധതി പാടെ ഒഴിവാക്കിയാണ് ഹജ് കമ്മിറ്റി സമീപത്തെ കെട്ടിടത്തോട് ചേർത്ത് കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചത്. പൂർണമായും വനിതാ ഹജ് തീർത്ഥാടകർക്കാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.