കാറില്‍ രഹസ്യ അറയുണ്ടാക്കി  കഞ്ചാവ് കടത്തിയവര്‍ പിടിയില്‍ 

പാലക്കാട്- എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐ.ബിയും കൊല്ലങ്കോട് റേഞ്ചും സംയുക്തമായി ഗോവിന്ദപുരം ഭാഗത്തു നടത്തിയ റെയ്ഡില്‍ കെ.എല്‍.42-കെ.2830 നമ്പര്‍ മാരുതി 800 കാറിന്റെ അടിയില്‍ തകര ഷീറ്റ് കൊണ്ട് രഹസ്യ അറയുണ്ടാക്കി കടത്തിക്കൊണ്ടുവന്ന നാലു കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന തൃശൂര്‍, ചേര്‍പ്പ്, കൊടയൂര്‍ സ്വദേശി സ്റ്റെഫിന്‍ (29) എന്നയാളെ പിടികൂടി. തമിഴ്‌നാട്ടിലെ ഒട്ടന്‍ ഛത്രത്തില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ അറിയിച്ചു. ഇതിനു മുന്‍പ് അഞ്ചുതവണ ഇതേ വണ്ടിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു.
40000 രൂപക്കാണ് സ്റ്റെഫിന്‍ കഞ്ചാവ് വാങ്ങിവന്നത്. തുണികളിലും, ബ്രൌണ്‍ പേപ്പറിലും പൊതിഞ്ഞു കെട്ടിയ നാലു പൊതികളിലായാണ് കഞ്ചാവ് കണ്ടെത്തിയത്. വില്‍പ്പനക്കായി തൃശൂര്‍, ചേര്‍പ്പ് ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ടുപോയിരുന്നത്. നാട്ടുകാരുടെ സഹായത്തോടെ കാര്‍ ചെരിച്ചു നിര്‍ത്തി തകര ഷീറ്റ് വെട്ടി പൊളിച്ചാണ് കഞ്ചാവ് പുറത്തെടുത്തത്. 
ഈ വാഹനം ഇയാളുടെ സുഹൃത്തിന്റെ പേരില്‍ ആണെന്നും, കഞ്ചാവ് കടത്താന്‍ വേണ്ടി മാത്രം രഹസ്യ അറയുണ്ടാക്കി ഉപയോഗിക്കുന്നതാണെന്നും പറഞ്ഞു. 
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി. അനൂപ്, എസ്. ബാലഗോപാലന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. സുരേഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ സെന്തില്‍ കുമാര്‍. സി,ആര്‍, റിനോഷ്. യൂനസ് എം, സജിത്ത് കെ.എസ്, സിവില്‍ ഓഫീസര്‍മാരായ ഹരി പ്രസാദ്, ബിജു ലാല്‍, വിനീത് മുജീബ് റഹ്മാന്‍, സത്താര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ്.

Latest News