Sorry, you need to enable JavaScript to visit this website.

വികസനത്തിനുവേണ്ടി ഒന്നിക്കുമെന്ന് കമല്‍ഹാസനും രജനീകാന്തും

ചെന്നൈ- തമിഴനാടിന്റെ വികസനത്തിനുവേണ്ടി ഒന്നിക്കുമെന്ന്് കമല്‍ ഹാസനും രജനീകാന്തും. കഴിഞ്ഞ 44 വര്‍ഷമായി തുടരുന്നതാണ് രജനിയുമായുള്ള സൗഹൃദമെന്നും തമിഴ്‌നാടിന്റെ വികസനത്തിന് ആവശ്യമാണെങ്കില്‍ ഒന്നിക്കുമെന്നും മക്കള്‍നീതി മയ്യം (എം.എന്‍.എം) നേതാവായ കമല്‍ ഹാസന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
തമിഴ് ജനതയുടെ നേട്ടങ്ങള്‍ക്കായി ഒന്നിക്കേണ്ട സാഹചര്യം വന്നാല്‍ തീര്‍ച്ചയായും കമല്‍ഹാസനുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് രജനീകാന്തും വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
തമിഴ് രാഷ്ട്രീയം എക്കാലവും അത്ഭുതങ്ങള്‍ നിറഞ്ഞതാണെന്നും ഭാവിയിലും അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞതിനെ പിന്നാലെ രജനിയുടെ രാഷ്ട്രീയ പ്രവേശവും സഖ്യവും വീണ്ടും സജീവ ചര്‍ച്ചയായി. കമല്‍ഹാസന്റെ സിനിമാ ജീവിതത്തിന്റെ 60ാം വാര്‍ഷികാഘോഷവേദിയില്‍ രജനി കാന്ത് നടത്തിയ പരാമര്‍ശം രാഷ്ട്രീയ പ്രവേശത്തിന്റെ മുന്നോടിയാണെന്ന് നിരീക്ഷകര്‍ കരുതുന്നു.
അഞ്് വര്‍ഷം മുന്‍പു താന്‍ മുഖ്യമന്ത്രിയാകുമെന്ന് എടപ്പാടി പളനിസാമി സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. പക്ഷേ അത്ഭുതം സംഭവിച്ചു. എടപ്പാടിയുടെ നേതൃത്വത്തിലുള്ള അണ്ണാഡി.എം.കെ സര്‍ക്കാര്‍ അഞ്ച് മാസം തികയ്ക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടത്. അപ്പോഴും അത്ഭുതം സംഭവിച്ചു. തമിഴ് രാഷ്ട്രീയത്തില്‍ എന്നും അത്ഭുതങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഭാവിയിലും തമിഴ് രാഷ്ട്രീയ്ത്തില്‍ അത്ഭതങ്ങള്‍ സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു രജനീകാന്ത് നേരത്തേ വ്യക്തമാക്കിയിരുന്നു. 2020 ഓഗസ്റ്റിനും സെപ്റ്റബറിനും ഇടയില്‍ രജനി രാഷട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. ആരാധക സംഘടനയായ രജനി മക്കള്‍  മന്‍ട്രം പേര് മാറ്റി രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റാനാണു ആലോചിക്കുന്നത്.  
തമിഴ് രാഷ്ട്രീയത്തിന്റെ നെടും തൂണുകളായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തോടെ ഉണ്ടായ ശക്തനായ നേതാവിന്റെ അഭാവം തന്റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ നികത്തുകയാണു രജനീകാന്തിന്റെ ലക്ഷ്യമെന്ന് സുഹൃത്തും രാഷ്ട്രീയ ഉപദേശകനുമായ തമിഴരുവി മണിയന്‍ പറഞ്ഞു. അണ്ണാഡിഎംകെ, ഡിഎംകെ പാര്‍ട്ടികളുടെ ബദല്‍ രാഷ്ട്രീയമാകും രജനീകാന്ത് മുന്നോട്ടുവെക്കുകയെന്നും അദ്ദേഹം പറയുന്നു.  
തന്നെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കില്ലെന്നു ഈയിടെ രജനീകാന്ത് വ്യക്തമാക്കിയതോടെ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതയിലേക്കാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിരല്‍ ചൂണ്ടുന്നത്.
അതിനിടെ തമിഴ് രാഷ്ട്രീയത്തില്‍ നടന്ന അത്ഭുതമാണ് എടപ്പാടി പളനിസാമിയുടെ മുഖ്യമന്ത്രിപദമെന്ന രജനീകാന്തിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് അണ്ണാഡി.എം.കെ രംഗത്തുവന്നു.  ഇന്നലെ പൊട്ടിമുളച്ച നേതാവല്ല പളനിസാമിയെന്നും നാല് പതിറ്റാണ്ടുകാലത്തെ കഠിന പ്രയത്‌നമാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിച്ചതെന്നും അണ്ണാഡി.എം.കെ വക്താവ് ആര്‍.എം.ബാബു മുരുകവേല്‍ പറഞ്ഞു.

 

Latest News