ചാണ്ഡിഗഢ്- പശുവിനെ വളര്‍ത്താന്‍ വീട്ടില്‍ മതിയായ സ്ഥലം ഇല്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ പശുക്കള്‍ക്കായി ഹോസ്റ്റലുകളുകള്‍ തുറക്കാന്‍ ഹരിയാന സര്‍ക്കാര്‍ പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഗൗ സേവാ ആയോഗ് ഇതു സംബന്ധിച്ച നിര്‍ദേശം ഉടന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനു സമര്‍പ്പിക്കും. ഇക്കാര്യം തദ്ദേശ വകുപ്പു മന്ത്രി കവിത ജെയ്‌നുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ആയോഗ് ചെയര്‍മാന്‍ ഭാനി റാം മഗ്ല പറഞ്ഞു.
സംസ്ഥാനത്തുടനീളം പശുക്കള്‍ക്കായുള്ള ഹോസ്റ്റലുകള്‍ പണിയാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്നും ഗൗ സേവാ ആയോഗ് ഭൂമി ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ രണ്ടോ മൂന്നോ ഇടങ്ങളില്‍ പരീക്ഷണാര്‍ത്ഥം തുടങ്ങാനാണു പദ്ധതി. ഓരോ ഹോസ്റ്റലിലും 50 പശുക്കളെ പാര്‍പ്പിക്കും. തദ്ദേശീയ പശുക്കള്‍ക്കു മാത്രമെ ഹോസ്റ്റലില്‍ പ്രവേശനം നല്‍കൂ. സങ്കരയിനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും മഗ്ല പറഞ്ഞു.
പദ്ധതി പ്രതീക്ഷിച്ച പോലെ മുന്നോട്ടു പോകുകയാണെങ്കില്‍ ഹോസ്റ്റലുകളുടെ നടത്തിപ്പിന് റെസിഡന്റ് വെല്‍ഫയര്‍ സൊസൈറ്റി മാതൃകയില്‍ സൊസൈറ്റി രൂപീകരിക്കും. ഭൂമിയുടെ അവകാശം തദ്ദേശ വകുപ്പിന് തന്നെയായിരിക്കും. വാടക സൊസൈറ്റി നല്‍കും. ഹോസ്റ്റലില്‍ പാര്‍പ്പിക്കുന്നതിന് നിശ്ചിത താമസ ഫീസ് പശു ഉടമകളില്‍ നിന്ന് ഈടാക്കും. പാല്‍ ഉടമകള്‍ക്ക് തന്നെ എടുത്തു വില്‍ക്കാം. തെരുവില്‍ അലയുള്ള പശുക്കളുടെ എണ്ണം ഗണ്യമായി കുറച്ചു കൊണ്ടുവരാനാണു ഈ പദ്ധതിയെന്ന് മഗ്ല പറയുന്നു.