Sorry, you need to enable JavaScript to visit this website.

രിജാൽ ആൽമയിലെ ഫ്ളവർമെൻ ഫെസ്റ്റിവൽ

ലേഖകനും കുടുംബവും

സൗദി അറേബ്യയുടെ വിനോദ സഞ്ചാര ഭൂപടത്തിലെ ഒരു സുപ്രധാന ബിംബമാണ് രിജാൽ ആൽമ. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉടനെതന്നെ രിജാൽ ആൽമ ചേർക്കപ്പെടും. അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. 
പരന്നു കിടക്കുന്ന മരുഭൂമിയും, മരുഭൂമിയിൽ കെട്ടിപ്പൊക്കിയ നഗരങ്ങളും അല്ലാതെ ഇവിടെ വേറെ എന്തുണ്ട് കാണാൻ എന്ന ചോദ്യത്തിന് ഉത്തരമാണ് അസീർ പ്രവിശ്യയിലെ രിജാൽ ആൽമ വില്ലേജ്. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സൗദിയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമായ പ്രദേശമാണ് അസീർ. അതോടൊപ്പം തന്നെ ഇന്നത്തെ സൗദി അറേബ്യ എന്ന രാജ്യം കെട്ടിപ്പടുക്കുന്നതിലും ചരിത്രപരമായ സുപ്രധാന പങ്ക് ഈ മേഖലക്കുണ്ടായിരുന്നു. 


അബഹയിൽ നിന്നും 45കിലോ മീറ്റർ അകലെ അൽസൂദ് പർവ്വതത്തിനു താഴെയാണ് രിജാൽ ആൽമ ഗ്രാമം സ്ഥിതി ചെയ്യുന്നത്. അബഹ അൽസൂദ് രിജാൽ ആൽമ റോഡ് വളരെ അപകടം പിടിച്ച ഇടുങ്ങിയ ചുരങ്ങളുള്ള വഴിയാണ്. അൽസൂദ് മലയുടെ മുകളിൽ നിന്നും രിജാൽ വില്ലേജിലേക്ക് കേബിൾ കാർ സർവീസ് ഉണ്ട് (എപ്പോഴും ഉണ്ടാകണമെന്നില്ല). 
ജിസാനിൽനിന്നും അൽ ദർബ് വഴിയുള്ള റോഡ് ഒന്നുകൂടി സുരക്ഷിതമാണ്. ഒരു വശത്ത് അറേബ്യൻ ഉപഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ഉയരമുള്ള അൽസൂദ് മലകളും, 
മറുവശത്ത് ചെങ്കടലും, അതിനോട് ചേർന്ന് യെമൻ ഉൾപ്പെടെയുള്ള കൃഷിക്ക് അനുയോജ്യമായ ഭൂമിയുള്ള തിഹാമിയ താഴ്‌വരയും. ഇതിനു ഇടയിലുള്ള അതിപുരാതന നഗരമായാണ് നൂറ്റാണ്ടുകൾക്ക് മുൻപ് രിജാൽ ആൽമ രൂപം കൊണ്ടത്. ചെങ്കടലിനക്കരെ യുള്ള ആഫ്രിക്കൻ രാജ്യങ്ങളുമായും അറബ് ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളുമായും രിജാൽ ആൽമയിലെ ആളുകൾക്ക് കച്ചവട ബന്ധം ഉണ്ടായിരുന്നു. തുർക്കികളും റോമക്കാരും രിജാൽ ആൽമ സന്ദർശിച്ചതിന്റെ തെളിവുകൾ ചരിത്രകാരന്മാർ വിവരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിരവധി യുദ്ധങ്ങളും ആക്രമണങ്ങളും ഉൾപ്പെടെ നിർണായക സംഭവങ്ങൾക്ക് ഇവിടുത്തെ ജനങ്ങൾ കാല ക്രമത്തിൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 


രിജാൽ ആൽമ വില്ലേജ് സന്ദർശിക്കുമ്പോൾ ആ ജനതയുടെ ചരിത്ര മുഹൂർത്തങ്ങളിലൂടെ ആയിരുന്നു ഞാൻ സഞ്ചരിച്ചു കൊണ്ടിരുന്നത്.
ഓട്ടോമൻ ചക്രവർത്തിമാരുടെ ആക്രമണത്തെ പല തവണ പ്രതിരോധിച്ചവരാണ് ഇവിടുത്തെ ജനങ്ങൾ. മക്ക, മദീന ഉൾപ്പെടെ സൗദി പൂർണ്ണമായും ഓട്ടോമൻ സാമ്രാജ്യത്തിനു കീഴിൽ കൊണ്ടുവരാൻ ശ്രമം നടന്നപ്പോൾ പ്രതിരോധിച്ചു നിന്നവരാണ് രിജാൽ ആൽമയിലെ ആൾക്കാർ. അരലക്ഷം വരുന്ന സൈന്യവുമായി അസീർ പിടിച്ചടക്കാൻ വന്ന ഓട്ടോമൻ ചക്രവർത്തി അഹമ്മദ് പാഷയ്ക്ക് രിജാൽ ആൽമയിൽ പരാജയം നുകരേണ്ടി വന്നു. 1825ൽ അസീർ മേഖല ഓട്ടോമൻ സാമ്രാജ്യത്തിൽനിന്നും സ്വതന്ത്രമായി. 1835 ൽ വീണ്ടും ഒട്ടോമൻ ചക്രവർത്തി ഇബ്രാഹിം പാഷയുടെ സൈന്യത്തെ രിജാൽ ആൽമ യിലെ ജനങ്ങൾ പരാജയപ്പെടുത്തി. അസീർ മേഖലയിൽ ഇന്നും പഴയ തുർക്കി കോട്ടകൾ ഉണ്ട്. 
അസീർ എന്ന അറബി പദത്തിന് അർത്ഥം ഡിഫിക്കൽറ്റ് എന്നാണ്. ഭൂപ്രകൃതി പോലെ തന്നെ ഇവിടുത്തെ ആൾക്കാരും അത്ര എളുപ്പമല്ല. രിജാൽ ആൽമയുടെ പരിസര പ്രദേശങ്ങൾ ഉൾപ്പെടുന്ന ജിസാനിലെ അറബികൾ ഇപ്പോഴും അരയിൽ കത്തിയും തലയിൽ പൂക്കൾ കൊണ്ടുണ്ടാക്കിയ തലപ്പാവും വെച്ചുനടക്കുന്നവരാണ്. 


അതുകൊണ്ട് ഫ്ളവർ മെൻ എന്നാണ് ഇവരെ വിളിക്കുന്നത്. രിജാൽ ആൽമയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി സൗദി ഗവണ്മെന്റ് വർഷം തോറും ഫ്ളവർമെൻ ഫെസ്റ്റിവൽ നടത്തുന്നുണ്ട്. ബലിപെരുന്നാൾ അവധിയോടനുബന്ധിച്ചു പത്തു ദിവസമാണ് ഫെസ്റ്റിവൽ നടക്കുന്നത്. ഓപ്പൺ തിയേറ്ററിൽ തനതു ശൈലിയിൽ നൃത്ത സംഗീത പരിപാടികൾ, കവിയരങ്ങുകൾ, ലേസർ ലൈറ്റ് ഷോ തുടങ്ങി വിവിധ കലാ പരിപാടികൾ ഉണ്ട്. വിദേശ ടൂറിസ്റ്റുകൾ അടക്കം നിരവധി പേർ ഇതിൽ പങ്കെടുക്കുന്നുണ്ട്. 25 സൗദി റിയാൽ ആണ് പ്രവേശന ഫീസ്. 
ആൽമ പൈതൃക മ്യൂസിയം സൗദി അറേബ്യയിലെ ഏറ്റവും പഴയ മ്യൂസിയങ്ങളിൽ ഒന്നാണ്. 1985ലാണ് ഇത് തുറന്നു പ്രവർത്തനം ആരംഭിച്ചത്. രിജാൽ ആൽമയിലെ ജനങ്ങൾ അവരുടെ കൈവശമുള്ള പുരാവസ്തുക്കൾ മ്യൂസിയത്തിലേക്ക് സംഭാവന ചെയ്തു. സ്ത്രീകൾ അവരുടെ ആഭരണങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളും സംഭാവന ചെയ്തു. സൗദി രാജാവ് ഇവരെ പ്രത്യേകം അനുമോദിച്ചു. ആൽമ മ്യൂസിയം പൂർണ്ണമായും കരിങ്കല്ലും വെള്ളാരം കല്ലുകളും മണ്ണും മരങ്ങളും ചേർത്ത് ഉണ്ടാക്കിയതാണ്. ഇത്തരം ചെറിയ കെട്ടിടങ്ങളും പഴയ വീടുകളും രിജാൽ ആൽമ വില്ലേജിൽ കാണാൻ കഴിയും. 


ഫെസ്റ്റിവലിന്റെ അവസാന ദിവസമാണ് ഞങ്ങൾ പങ്കെടുത്തത്. ജിസാനിൽ നിന്ന് ഞാനും കുടുംബവും അൽ ദർബിൽ നിന്നും എന്റെ യെമനി സുഹൃത്ത് ഡോ. മുബാറക്കും കുടുംബവും എന്റെ കാറിൽ യാത്ര തിരിച്ചു. എന്റേത് പഴയ ഒരു ചെറിയ കാർ ആയതുകൊണ്ടും മലമ്പ്രദേശത്ത് കൂടിയുള്ള ഇടുങ്ങിയ റോഡിലൂടെ ഡ്രൈവിംഗ് അത്രയ്ക്ക് വശമില്ലാത്തതു കൊണ്ടും വളയം ഞാൻ മുബാറക്കിനെ ഏൽപിച്ചു. യെമനിലെ ഇത്തരം റോഡുകളിലൂടെ കാർ ഓടിച്ചു ശീലിച്ച അവന് ഈ വഴികൾ ഒന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു. ജിസാനിലെ കൊടും ചൂടിൽ നിന്നും വരുന്ന ഞാൻ രിജാൽ ആൽമയിലെ പച്ചപ്പും കോടമഞ്ഞുള്ള കാലാവസ്ഥയും നന്നായി ആസ്വദിച്ചു. ഇടക്ക് ഒരു ചാറ്റൽ മഴ പെയ്തു. ലേസർ ഷോയും സംഗീത പരിപാടികളും ഫെസ്റ്റിവലിലെ സ്റ്റാളുകളും അവിടുത്തെ ഭക്ഷണങ്ങളും എല്ലാം ആസ്വദിച്ചു രാത്രി ഏറെ വൈകി ഞങ്ങൾ രിജാൽ ആൽമയിൽനിന്നും ചുരമിറങ്ങി. 

Latest News