Sorry, you need to enable JavaScript to visit this website.

വിനായകന്റെ മരണത്തിലെ കുറ്റപത്രം ആശ്വാസകരം 

ഏങ്ങണ്ടിയൂരിൽ കസ്റ്റഡി മർദനത്തിൽ മനംനൊന്ത് ദളിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത കേസിൽ പോലീസുകാരായ സാജൻ, ശ്രീജിത്ത് എന്നിവരെ പ്രതികളാക്കി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത് പ്രതീക്ഷ നൽകുന്ന വാർത്തയാണ്. വിനായകൻ 2017 ജൂലൈ 18 നാണ് ജീവനൊടുക്കിയത്. പോലീസ് കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്നായിരുന്നു ആത്മഹത്യയെന്നായിരുന്നു പരാതി. ഇരുവരും പാവറട്ടി സ്റ്റേഷനിൽ വെച്ച് വിനായകനെ ക്രൂരമായി മർദിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിനായകന് ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ മർദനമേറ്റിരുന്നു. വിനായകനെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. അന്യായമായി തടങ്കലിൽ വെക്കൽ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുളള അതിക്രമം തടയുന്നതിനുളള വകുപ്പുകളും പോലീസുകാർക്കതിരെ ചുമത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് പോലീസും ക്രൈം ബ്രാഞ്ചിന്റെ ആദ്യ സംഘവും അന്വേഷിച്ചെങ്കിലും സാജൻ, ശ്രീജിത്ത് എന്നീ പോലീസുകാർ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. ഇരുവരുടെയും സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കുടുംബത്തിന്റെ പരാതിയെ തുടർന്ന് അന്വേഷണം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഉല്ലാസിനെ ഏൽപിക്കുകയായിരുന്നു. ഉല്ലാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ദളിത് യുവാവ് വിനായകന്റെ ആത്മഹത്യ കേരളീയ സമൂഹവും ഭരണകൂടവും എത്ര മാത്രം ജാതിവെറി പൂണ്ടതാണെന്നു ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു. മണ്ണുത്തിയിൽ ഹെയർ കട്ടിങ് പഠിക്കുകയായിരുന്നു വിനായകൻ. സുഹൃത്തായ പെൺകുട്ടിയോട് സംസാരിച്ചു നിന്നതിനു അതു വഴി വന്ന  ശ്രീജിത്ത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ മുതൽ കാര്യങ്ങൾ മാറിമറിഞ്ഞു. വിനായകന്റെ ജോലി, അവന്റെ അച്ഛന്റെ ജോലി, അവന്റെ ജാതി തുടങ്ങിയവയൊക്കെയായിരുന്നു പോലീസിന്റെ ചോദ്യങ്ങൾ. 
വിനായകനോടും സുഹൃത്ത് ശരത്തിനോടും പോലീസ് തട്ടിക്കയറുകയും  മർദിക്കുകയും ഒരു മാല മോഷ്ടിച്ച കേസ് അടിച്ചേൽപിക്കാൻ ശ്രമിക്കുകയും ചെയ്തു. ആരോപണം നിഷേധിച്ചതിന് വീണ്ടും ക്രൂരമായ മർദനം തുടർന്നു. മുടി നീട്ടിവളർത്തിയതിന്റെ പേരിലായിരുന്നു കൂടുതൽ മർദനം. മർദനത്തിൽ വിനായകന്റെ നെഞ്ചിലും പുറത്തും നാഭിയിലും ഗുഹ്യഭാഗത്തും മാരകമായി പരിക്കേറ്റു. പുറത്തു മുട്ടുകൈ കൊണ്ടു മർദിക്കുകയും നാഭിയിൽ ബൂട്‌സ് ഇട്ടു ചവിട്ടുകയും ചെയ്തു. ബൂട്ടിട്ട കാലുകൾ കൊണ്ട് പാദങ്ങൾ ചവിട്ടിച്ചതച്ചു.  നീണ്ട മുടിയിൽ കുത്തിപ്പിടിച്ചു വലിച്ചു പറിക്കുകയും പരിഹസിച്ചുകൊണ്ട് മുടി വെട്ടണമെന്നു  ഭീഷണിപ്പെടുത്തുകയും ചെയ്തു.  അതിനു ശേഷം വിനായകന്റെ അച്ഛനായ കൃഷ്ണൻ കുട്ടിയെ സ്റ്റേഷനിലേക്ക്  വിളിച്ചു വരുത്തുകയും വിനായകൻ കഞ്ചാവിനടിമയാണെന്നു നുണ പറഞ്ഞു പിതാവിനെയും കൂട്ടം ചേർന്ന് അപമാനിച്ചു. വിനായകൻ മുടി വെട്ടാതെ കണ്ടാൽ  തല്ലുകിട്ടുക തനിക്കായിരിക്കുമെന്നും അവർ  കൃഷ്ണൻ കുട്ടിയെ ഭീഷണിപ്പെടുത്തി.
സ്റ്റേഷനിൽ നിന്ന് തിരിച്ചിറങ്ങിയ വിനായകൻ കടുത്ത മാനസിക പിരിമുറുക്കത്തിലും സംഘർഷത്തിലും ആയിരുന്നു. സുഹൃത്തുക്കളോടോ വീട്ടുകാരോടോ കൃത്യമായി സംസാരിച്ചില്ല. എന്നാൽ സ്ഥലത്തെ സി.പി.എം ഏരിയാ സെക്രട്ടറി സുൽത്താനോടും മറ്റൊരു സുഹൃത്തിനോടും  തനിക്ക് നേരിടേണ്ടി വന്ന മനുഷ്യത്വ വിരുദ്ധമായ പോലീസിന്റെ മർദനത്തെക്കുറിച്ചും ജാത്യാപമാനങ്ങളെക്കുറിച്ചും പറഞ്ഞു. പിറ്റേന്ന് ജൂലൈ 18 നു വിനായകൻ സ്വന്തം കിടപ്പറയിൽ തൂങ്ങിമരിച്ചതായി കാണപ്പെട്ടു. 
വിനായകന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കടുത്ത മർദനങ്ങൾക്ക് വിധേയനായതായി രേഖപ്പെടുത്തിയിരുന്നു. പോലീസ് മർദനത്തിൽ നെഞ്ചിലും പുറത്തും നാഭിയിലും ഗുഹ്യഭാഗത്തും മാരകമായി പരിക്കേറ്റിരുന്നു. പുറത്തു മുട്ടുകൈ കൊണ്ടു മർദിക്കുകയും നാഭിയിൽ ബൂട്‌സ് ഇട്ടു ചവിട്ടുകയും ചെയ്ത പാടുകൾ വ്യക്തമായിരുന്നു. ബൂട്ടിട്ട കാലുകൾ കൊണ്ട് പാദങ്ങൾ ചവിട്ടി ചതഞ്ഞിട്ടുണ്ടായിരുന്നു. മുല ഞെട്ടുകൾ ചതഞ്ഞിട്ടുണ്ടായിരുന്നു. 
സംഭവത്തെ തുടർന്ന് ദളിത് സമൂഹങ്ങളിൽ നിന്നും പ്രതിഷേധവും രോഷവുമുയർന്നു. വിനായകന്റേതു ജാതിക്കൊലപാതകം തന്നെയായിരുന്നു എന്നവർ പ്രഖ്യാപിച്ചു. ദുർബലരായ സാമൂഹിക പരിസരങ്ങളിൽ നിന്ന് വരുന്ന ദളിതുകൾ ഭരണകൂട സംവിധാനത്തിൽ നിന്ന് നേരിടുന്ന ജാതി വിവേചനത്തിന്റെയും ജാതിപരമായ അടിച്ചമർത്തലിന്റെയും ഇരയായിരുന്നു വിനായകൻ. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ  കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.  രണ്ടുപേരെയും സസ്പെൻഡ് ചെയ്തു. 
എന്നാൽ ആറു മാസത്തിനു ശേഷം ഇരുവരും സർവീസിൽ തിരിച്ചു കയറി.  മർദനോപാധിയായ പോലീസിൽ നിന്നും നീതിനിർവഹണ സംവിധാനമായ ജുഡീഷ്യറിയിൽ നിന്നും നേരിടുന്ന വിവേചനങ്ങളുടെ കൂടി ഇരകളായാണ് സത്യത്തിൽ ഇന്ത്യൻ ജയിലുകളിൽ 55% ദളിതുകളും മുസ്‌ലിംകളുമായി മാറിയത്. കേരളത്തിൽ ജിഷ, കെവിൻ, മധു, ഫാത്തിമ, അശാന്തൻ, വാളയാർ പഞ്ചമിമാർ എന്നിങ്ങനെ നീതി നിഷേധത്തിന്റെ പട്ടിക നീളുമ്പോൾ വിനായകൻ സംഭവത്തിലെ കുറ്റപത്രം നൽകുന്നത് ചെറിയൊരു പ്രതീക്ഷയും ആശ്വാസവും മാത്രം.
 

Latest News