Sorry, you need to enable JavaScript to visit this website.

മലപ്പുറം ബസ് സ്റ്റാന്‍ഡ് പണയം വെക്കുന്നു; ദുരൂഹതയെന്ന് പ്രതിപക്ഷം

മലപ്പുറം- പദ്ധതി നടത്തിപ്പിനു പണമില്ലാത്തതിനാല്‍ മലപ്പുറം നഗരസഭ ബസ് സ്റ്റാന്‍ഡ് പണയംവെക്കുന്നു. പി.എം.എ.വൈ.-ലൈഫ് ഭവന പദ്ധതിയില്‍ നഗരസഭയുടെ വിഹിതത്തിന് പണം കണ്ടെത്തുകയാണ് ലക്ഷ്യം.

മലപ്പുറം സര്‍വീസ് സഹകരണബാങ്കിലാണ് പണയംവെക്കുക. 20 വര്‍ഷം കാലാവധിയുള്ള വായ്പയ്ക്ക് അഞ്ചുകോടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 75 കോടിയിലധികം മൂല്യമുണ്ട് സ്റ്റാന്‍ഡിന്. പി.എം.എ.വൈ.-ലൈഫ് ഭവനപദ്ധതിയുടെ 50 ശതമാനം നഗരസഭയും ബാക്കി 50 ശതമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും വഹിക്കണമെന്നാണ് പുതിയ തീരുമാനം.

332 വീടുകളുടെ അപേക്ഷ നഗരസഭയ്ക്കു മുന്‍പിലുണ്ട്. ഇതിനായി 4.98 കോടി ചെലവഴിക്കണം. ഇത്രയും വലിയ തുക തനതു ഫണ്ടിലില്ലാത്തതുകൊണ്ടാണ് പണയം വെക്കാനുള്ള തീരുമാനമെന്ന് അധികൃതര്‍ പറഞ്ഞു.

വായ്പ അടവിനായി പദ്ധതിവിഹിതത്തില്‍ പണം കുറയ്ക്കും. മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റ് നവീകരിച്ചതിനുശേഷം ലഭിക്കുന്ന കടകളുടെ മുന്‍കൂര്‍ തുകയും ബാങ്ക് അടവിലേക്ക് നല്‍കും.

അതിനിടെ, മുസ്ലിംലീഗ് ഭരിക്കുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റാന്‍ഡ് മുസ്ലിംലീഗിന്റെതന്നെ നിയന്ത്രണത്തിലുള്ള സഹകരണബാങ്കിന് പണയപ്പെടുത്തുന്നതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

നഗരസഭാ കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബസ്സ്റ്റാന്‍ഡ് പണയംവെക്കാന്‍ തീരുമാനിച്ചതെന്നും കുറഞ്ഞ പലിശയായതിനാലാണ് മലപ്പുറം സര്‍വീസ് സഹകരണബാങ്കിനു നല്‍കുന്നതെന്നും  നഗരസഭാധ്യക്ഷ സി.എച്ച്. ജമീല പറഞ്ഞു.

 

Latest News