Sorry, you need to enable JavaScript to visit this website.

അയോധ്യാ കേസിൽ നീതി നടപ്പായില്ല -സി.പി.എം

ന്യൂദൽഹി- അയോധ്യാ കേസിൽ സുപ്രീം കോടതി വിധിയിലൂടെ നീതി നടപ്പായില്ലെന്നു സി.പി.എം പോളിറ്റ് ബ്യൂറോ. ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ളതാണ് അയോധ്യാ കേസിലെ സുപ്രീം കോടതി വിധി. ചർച്ചയിലൂടെ തീർക്കാനാവാത്ത തർക്കം കോടതിയിലൂടെ തീർക്കണമെന്നാണ് പാർട്ടിയുടെ എന്നത്തെയും നിലപാടെങ്കിലും ഒട്ടേറെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് വിധിയെന്ന് പോളിറ്റ് ബ്യൂറോ വിലയിരുത്തി. 
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് അയോധ്യാ കേസിലെ വിധിയിൽ ചീഫ് ജസ്റ്റിസ് ആവർത്തിച്ചു പറയുന്നുണ്ട്. വസ്തു തർക്കം വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ തീർക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും അന്തിമ വിധി ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങൾക്ക് പ്രാമുഖ്യം നൽകുന്നതാണ്. കേസിലെ ഹരജിക്കാരെ പരിഗണിക്കുന്നതിനു പകരം ഹിന്ദുക്കൾ, മുസ്‌ലിംകൾ എന്നു പരാമർശിച്ച് കേസിന്റെ വ്യാപ്തി കൂട്ടുകയാണ് സുപ്രീം കോടതി ചെയ്തത്.
1992 ൽ ബാബ്‌രി മസ്ജിദ് തകർത്തത് ഗുരുതരമായ നിയമ  ലംഘനമാണെന്നാണ് വിധിയിൽ പറയുന്നത്. ആ നിയമ ലംഘനം നടത്തിയവർക്കു തന്നെ ഭൂമി കൈമാറുകയും ചെയ്യുന്നു. 1949 ൽ മസ്ജിദിന് അകത്ത് വിഗ്രഹം വെച്ചത് നിയമ വിരുദ്ധമായ പ്രവൃത്തിയാണെന്നാണ് വിധി ചൂണ്ടിക്കാട്ടുന്നത്. തർക്ക ഭൂമി മൊത്തമായി ആ നിയമ ലംഘനം നടത്തിയവർക്കാണ് കൈമാറുന്നത്. ഹിന്ദുത്വ ശക്തികൾ പറയുന്നതു പോലെ ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ആർക്കിയോളജിക്കൽ സർവേ നടത്തിയ ഖനനത്തിൽ കണ്ടെത്തിയില്ലെന്ന് വിധി വ്യക്തമാക്കുന്നുണ്ട്. എന്നാൽ 1528 മുതൽ 1857 വരെ മസ്ജിദിന്റെ ഭൂമി സ്വന്തമായിരുന്നുവെന്നതിന് മുസ്‌ലിംകൾക്ക് തെളിവു ഹാജരാക്കാനായില്ലെന്നും അതിൽ പറയുന്നു. പള്ളി പണിതത് 1528 ൽ ആണ്. ബ്രിട്ടീഷുകാർ അവധ് രാജവംശം കൈവശപ്പെടുത്തുന്ന 1856 വരെ മുഗളരുടെയും അവധ് നവാബുമാരുടെയും കീഴിലായിരുന്നു ഈ പ്രദേശം. 1857 വരെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കമൊന്നും ഉണ്ടായിരുന്നില്ലെന്ന വസ്തുത മുസ്‌ലിംകളുടെ ഉടമാവകാശത്തിന് തെളിവല്ലെന്നാണ് കോടതി പറയുന്നത്. അതേസമയം ഉടമസ്ഥാവകാശം സംബന്ധിച്ച് ഹിന്ദുക്കളുടെ വാദം വിശ്വാസത്തിന്റെ പിൻബലത്തിൽ കോടതി അംഗീകരിക്കുകയും ചെയ്യുന്നു.
എല്ലാ മതങ്ങളുടെയും തുല്യാവകാശവും മതേതരത്വവും ഉയർത്തിപ്പിക്കുന്ന നിയമമായി 1991 ലെ പ്ലേസസ് ഓഫ് വർഷിപ്പ് ആക്ടിനെ കോടതി എടുത്തു പറയുന്നുണ്ട്. 1947 ഓഗസ്റ്റ് 15 ന് ഉണ്ടായിരുന്ന അവസ്ഥയിൽനിന്ന് ഒരു ആരാധനാ സ്ഥലത്തിലും മാറ്റം വരുത്താനാവില്ല. കാശിയിലും മഥുരയിലും ഉണ്ടാവാനിടയുള്ള പ്രശ്‌നങ്ങളെ അയോധ്യാ വിധിയിൽ കോടതി കണക്കിലെടുത്തില്ല. കാശിയും മഥുരയും ഇപ്പോൾ അജണ്ടയിൽ ഇല്ലാത്ത വിഷയങ്ങളാണെന്നാണ് ആർ.എസ്.എസ് മേധാവി പറയുന്നത്. ഭാവിയിൽ അത് അജണ്ടയിൽ ഉള്ള കാര്യങ്ങൾ ആവുന്നത് തള്ളിക്കളയാനാവില്ല -സി.പി.എം ചൂണ്ടിക്കാട്ടുന്നു. 
1949 ലും 1992 ലും ബാബ്‌രി മസ്ജിദിൽ ഉണ്ടായത് ഗുരുതരമായ നിയമ ലംഘനങ്ങളാണെന്ന് കോടതി പറയുന്നുണ്ട്. എന്നാൽ നിയമ ലംഘകരെ ശിക്ഷിച്ചു നീതി നടപ്പാക്കാൻ ഇനിയും നടപടികൾ ആയിട്ടില്ല. എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, കല്യാൺ സിംഗ് തുടങ്ങിയവർക്കെതിരായ നിയമ നടപടികൾ ഇരുപത്തിയെട്ടു വർഷത്തിനു ശേഷവും ഇഴയുകയാണ്. അയോധ്യാ കേസിൽ വന്നത് കോടതി വിധി മാത്രമാണെന്നും നീതി ഇനിയും വന്നിട്ടില്ലെന്നും സി.പി.എം പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
 

Latest News