Sorry, you need to enable JavaScript to visit this website.

നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ലൈംഗിക അതിക്രമം;  ഇന്ത്യക്കാരനെ നാട് കടത്താനാവാതെ ബ്രിട്ടീഷ് അധികൃതര്‍ 

ലണ്ടന്‍-വിസിറ്റിംഗ് വിസയില്‍ യുകെയിലെത്തി 19 വര്‍ഷം താമസിക്കുകയും  രണ്ടു നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ ലൈംഗിക അതിക്രമണത്തിനു ഇരയാക്കുകയും ചെയ്‌തെന്ന കേസില്‍ കുറ്റവാളിയായ ഇന്ത്യക്കാരനെ നാട് കടത്താനാവാതെ ബ്രിട്ടീഷ് അധികൃതര്‍. 48 കാരനായ ഹര്‍ജിത് സിംഗ് ആണ് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നത്. ഇയാളെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിന് അത്യാവശ്യമായി തയ്യാറാക്കേണ്ട രേഖകളില്‍ ഒപ്പ് വയ്ക്കാന്‍ ഇയാള്‍ തയാറാകുന്നില്ല. ഇയാളെ നിര്‍ബന്ധിപ്പിച്ച് ഒപ്പ് വയ്പിക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഹോം ഓഫീസ് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്. 
സ്ഥിരമായ ഒരു മേല്‍വിലാസമില്ലാത്ത ഇയാള്‍ ലൈംഗിക അതിക്രമണങ്ങളുടെ പേരില്‍ അറസ്റ്റിലായിരുന്നു. കിംഗ്സ്റ്റണ്‍ ക്രൗണ്‍ കോടതി ആറ് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. 2016 ജൂലൈയില്‍ മാനസിക വെല്ലുവിളി നേരിടുന്ന 35കാരിയായ ഒരു സ്ത്രീയെ ഇയാള്‍ ലൈംഗികാക്രമണത്തിന് വിധേയയാക്കിരുന്നു. വെസ്റ്റ് ലണ്ടനിലെ ഹൗന്‍സ്ലോയിലൂടെ ബസില്‍ സഞ്ചരിച്ച സ്ത്രീയെ സിംഗ് പിന്തുടരുകയും അവരുടെ ഫ്‌ളാറ്റിലേക്ക് കയറി അവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സ്ത്രീ അയല്‍ക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ പിടിയിലാവുകയുമായിരുന്നു. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ പിന്തുടര്‍ന്നുവെന്നും ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറിയെന്നും വിചാരണയില്‍ സിംഗ് സമ്മതിച്ചിരുന്നു. നോര്‍ത്ത് ലണ്ടനിലെ റോയല്‍ഫ്രീ ഹോസ്പിറ്റലിലെ രണ്ട് നഴ്‌സുമാരെ ലൈംഗികമായി പീഡിപ്പിച്ച കേസിലും സിംഗ് പ്രതിയായിരുന്നു. 
തന്റെ കേസ് നടപടികള്‍ വൈകിപ്പിക്കാനും തടസപ്പെടുത്താനും സിംഗ് ബോധപൂര്‍വമായ നീക്കം നടത്തി. ജാമ്യം നേടാനും സിംഗ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത്രയും അപകടകാരിയായ സിംഗിന് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് വെസ്റ്റ് ലണ്ടന്‍ ഇമിഗ്രേഷന്‍ ഹിയറിംഗിനിടെ ഒരു ജഡ്ജി  നിലപാടെടുത്തിരുന്നത്. 
നാട് കടത്തുന്നതിന് അത്യാവശ്യമായ രണ്ട് രേഖകളില്‍ ഒപ്പ് വയ്ക്കുന്നതിന് സിംഗ് ഹാജരായില്ലെന്നാണ് ഹോം ഓഫീസ് അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ രേഖകളില്‍ ഒപ്പിടാനെത്തണമെന്ന കാര്യം സിംഗിന് അറിയില്ലെന്നാണ് അയാളുടെ അഭിഭാഷകര്‍ പ്രതികരിച്ചിരിക്കുന്നത്. ഇയാളെ യുകെയില്‍ നിന്നും നാട് കടത്തേണ്ടത് അത്യാവശ്യമാണെന്ന കാര്യവും സിംഗന്റെ അഭിഭാഷകര്‍ തള്ളുന്നു. എത്രയും വേഗം ഇയാളെ ഇന്ത്യയിലേയ്ക്ക് കടത്താനുള്ള തീവ്രശ്രമത്തിലാണ് യുകെ അധികൃതര്‍.

Latest News