Sorry, you need to enable JavaScript to visit this website.

വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് സുരക്ഷാ ഭീതി

പാലക്കാട്- വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ കുടുംബത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് പരാതി. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ അപായപ്പെടുത്തുമെന്ന ആശങ്കയുണ്ടെന്നും സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും പെൺകുട്ടിയുടെ അമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 
സമൂഹത്തിൽ ഏറെ സ്വാധീനമുള്ളവരുമായാണ് താൻ നിയമയുദ്ധം നടത്തുന്നതെന്നും സ്വാഭാവികമായും പേടിയുണ്ടെന്നും അവർ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ബാലാവകാശ കമ്മീഷന്റെ മേൽനോട്ടത്തിൽ മറ്റൊരിടത്ത് താമസിപ്പിച്ച് പഠിപ്പിക്കുന്ന മകനെക്കുറിച്ചും ആശങ്കയുണ്ടെന്ന് അമ്മ പറഞ്ഞു. വാളയാറിലെ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നിരവധി സന്ദർശകർ പതിവായി എത്തിക്കൊണ്ടിരിക്കുന്ന വാളയാർ അട്ടപ്പള്ളത്തെ വീട് പോലീസ് നിരീക്ഷണത്തിലാണ്. കേസുമായി ബന്ധപ്പെട്ട് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടവരും പ്രദേശത്ത് തന്നെ താമസിക്കുന്നവരായതിനാൽ കുഴപ്പങ്ങൾക്ക് ഇടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വാളയാർ പോലീസ് അറിയിച്ചു. 
എന്നാൽ മരിച്ച കുട്ടികളുടെ കുടുംബത്തിന്റെ ആശങ്ക കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പാലിക്കുമെന്ന് വാളയാർ എസ്.ഐ വ്യക്തമാക്കി. ദുരന്തത്തിനിരയായ കുട്ടികളുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും മനുഷ്യാവകാശ പ്രവർത്തകരും സംഘടനാ പ്രതിനിധികളും എത്തിക്കൊണ്ടിരിക്കുന്നത് സുരക്ഷാ രംഗത്ത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്നാണ് പോലീസിന്റെ പരാതി.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വാളയാർ മേഖലയിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരുമെല്ലാം ഏറെ മുൻകരുതൽ സ്വീകരിക്കുന്നുണ്ട്. അനാവശ്യ ഗൃഹസന്ദർശനം ഒഴിവാക്കണമെന്നാണ് സി.പി.എം ജില്ലാ നേതൃത്വം സ്വന്തം പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വിവാദത്തിൽ ഇതിനകം തന്നെ പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രാദേശിക നേതാക്കൾ ഭീഷണി മുഴക്കിയെന്ന പരാതി ഉയരാനിടയുണ്ടെന്ന് പാർട്ടി മുൻകൂട്ടി കാണുന്നുണ്ട്. മരിച്ച കുട്ടികളുടെ അച്ഛനമ്മമാരെയോ കേസിൽ വെറുതെ വിട്ട പ്രതികളെയോ ഫോണിൽ ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്നാണ് സി.പി.എം നേതൃത്വം പ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമാനമായ മുൻകരുതലുകൾ മറ്റു രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകരും സ്വീകരിക്കുന്നുണ്ട്. അതേസമയം പ്രശ്‌നത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ കയറ്റി യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന പ്രചാരണം തുടരുകയാണ്. 

Latest News