Sorry, you need to enable JavaScript to visit this website.

വിശ്വസ്ത മന്ത്രിമാർ, അവിശ്വാസി എമ്മെല്ലേയും!

ഞണ്ടുകൾ പണ്ടൊരു യോഗം ചേർന്നു. 'നമ്മൾ നേരേ നടക്കുന്നില്ലെന്നും വശങ്ങളിലേക്കാണ് സഞ്ചരിക്കുന്നതെന്നു'മുള്ള ഇതര വർഗക്കാരുടെ പരിഹാസത്തിന് ഒരു അറുതി വരുത്തണം. 'ഇനി മേലിൽ മറ്റു ജീവികളെപ്പോലെ മുന്നോട്ടു തന്നെ നടക്കുന്നതാണ്' എന്നൊരു പ്രമേയം കൈയടിച്ചു പാസാക്കി. പുറത്തിറങ്ങിയ ഞണ്ടുകൾ പതിവുപോലെ ഇരുവശങ്ങളിലേക്ക് തന്നെ ചുവടുവെച്ചു. ശീലിച്ചതല്ലേ?
നെയ്യാർ ഡാമിനടുത്ത് യു.ഡി.എഫ് യോഗം ചേർന്ന ശേഷവും അതു തന്നെ നടന്നു. പാലായിലെയും തൊടുപുഴയിലെയും 'അധ്വാന വർഗ' നേതാക്കൾ എമ്മെല്ലേ ക്വാർട്ടേഴ്‌സ് പുക്കി. കോൺഗ്രസിന്റെ കാര്യം പറയാനുമില്ല. ലീഗ് നേതാക്കൾ യോഗത്തിൽ ഖദർവാലകളെ വിരൽ ചൂണ്ടി പറഞ്ഞതാണ്, ഭാവിയിലെ ശോചനീയാവസ്ഥയുടെ അനന്ത സാധ്യത. അന്നേരം കോൺഗ്രസ് നേതൃത്വം ചായക്കപ്പിലും ഉഴുന്നുവടയിലും നോക്കിയിരുന്നു. പിന്നെ ചുമരിലെ ക്ലോക്കിലും. 'ഊണ് നേരം' ജീവിതത്തിലെ പ്രധാന ഭാഗമാണ്. 
അവസരം കളയരുതല്ലോ. പ്രായപരിധി കഴിഞ്ഞ ചില കിഴവന്മാർ യൂത്ത് കോൺഗ്രസിൽ മത്സരിക്കാൻ വോട്ടർ പട്ടികയിൽ കടന്നുകൂടിയതും സൂക്ഷ്മ ബുദ്ധിയായ ഒരു മുൻസിഫ് അതിനെ തടഞ്ഞതും ഇതിനിടയിൽ 'പാട്ടുപുസ്തക'മായി മാറി. പലതരം ഈണങ്ങളിൽ പല ഗ്രൂപ്പുകാർ വടക്കൻ പാട്ടിലെ പാണന്മാരെപ്പോലെ രംഗത്ത് അവതരിപ്പിച്ചു. തലയിൽ മുണ്ടുമിട്ടോണ്ടാണോ, അല്ലയോ എന്ന് ഉറപ്പില്ല, പക്ഷേ നേതാക്കൾ നെയ്യാർ ഡാം ചാടിക്കടന്ന് തിരുവനന്തപുരം സിറ്റിയിൽ എത്തിയ ശേഷമാണ് പ്രതികരിച്ചത്. 'സംഘടനാ ദൗർബല്യമാണ്' യു.ഡി.എഫിന്റെ പരാജയ കാരണമെന്ന് യാത്രയ്ക്കിടെ നടത്തിയ ഗവേഷണത്തിൽ രമേശ് ചെന്നിത്തല കണ്ടുപിടിച്ചു വിളംബരം ചെയ്തു. ഓരോ കക്ഷിക്കുമുണ്ട് ഉൾപാർട്ടി പ്രശ്‌നം. ഉള്ളിലെ പ്രശ്‌നത്തിന് പുറമെ എണ്ണ തേച്ചിട്ടു കാര്യമില്ല. ശക്തമായ ആഹാരവും പോഷക മൂല്യമുള്ള 'ജീവൻ ടോൺ' മാതൃകയിലുള്ള ലേഹ്യങ്ങളും ആകാം. 2021 നു മുമ്പ് മസിലുകൾ ബലപ്പെടുത്തണം. മുനിസിപ്പാലിറ്റിയും പഞ്ചായത്തുകളും നമ്മൾ യൗവനം നേടുന്നതു നോക്കിയിരിപ്പാണ്.
ഇതിനിടെ, 'ജംബോ കമ്മിറ്റികൾ' മാധ്യമങ്ങളിലൂടെ വെളിച്ചത്തു വരുന്നതാണ് തലവേദന. മുല്ലപ്പള്ളിക്കു യോജിപ്പില്ലെങ്കിലും കമ്മിറ്റി പുറത്തു വരും. അതിനൊരു താൽക്കാലിക പരിഹാരം തേടി ഒരാൾ മുൻസിഫ് കോടതിയിൽ പോയി എന്നാണ് കേൾവി. കക്ഷി മുല്ലപ്പള്ളിയുടെ തന്നെ ചാരനാകാനാണ് സാധ്യത; അല്ലെങ്കിൽ കെ. മുരളീധരന്റെ. 
രണ്ടു പേർക്കു മാത്രമാണ് മറ്റുള്ളവർ ഭാരവാഹിയായി നാലു കാശ് പിരിച്ച് ജീവിക്കുന്നതിൽ ഒടുങ്ങാത്ത അസൂയ. ശ്ശെ, ഒന്നുമില്ലേലും, അവിടെയും ഇവിടെയും അധികാരമില്ലാത്ത കാലമാണെന്നെങ്കിലും ഓർക്കണം!

****                                 ****                         ****

ഇനി ഈ പണിക്കില്ലെന്ന് ആംഗല മലയാള കവിയും യാദൃഛികമായി മന്ത്രി ആയിപ്പോയ ദേഹവുമായ സഖാവ് ജി. സുധാകരൻ ഒരു പ്രസംഗത്തിൽ സൂചിപ്പിച്ചു കേട്ടു. ഏറ്റവും ആശ്വസിച്ചത് സ്വന്തം പാർട്ടിയിലെ രണ്ടാംനിര സഖാക്കളും ധനകാര്യ മന്ത്രി തോമസ് ഐസക്കുമാണ് എന്നത് നിശ്ചയം. ഇനിയൊരു തവണ കൂടി ഇടതുപക്ഷ മന്ത്രിസഭ അധികാരം നേടിയാൽ അന്നും തോമസ് ഐസക് ധനമന്ത്രി ആയിരിക്കുമെന്ന് ചുരുങ്ങിയ പക്ഷം അദ്ദേഹത്തിനെങ്കിലും അറിയാം. അന്ന് നിത്യവും വഴക്കുണ്ടാക്കാൻ സ്വന്തം പാർട്ടിയിൽ വിരവമുള്ളവർ ഉണ്ടാകില്ലെന്നും ഏകദേശം ഉറപ്പാണ്. പക്ഷേ, ജി. സുധാകരൻ കടന്നുകൂടിയാൽ? സഖാവിന് റോഡിലെ കുഴികളെ നോക്കി കവിതയെഴുതാം. 'കിഫ്ബി'യെ അന്നും വിമർശിക്കും. കിഫ്ബി എന്നാലെന്തെന്ന് മുഖ്യനു പോലും ഇതുവരെ 'വ്യക്തത' വന്നിട്ടില്ല. ശബരിമല വിധി പോലെ തന്നെ. പക്ഷേ, സുധാകരൻ സഖാവ് അന്നും തന്നെ സൈ്വരമായിരുന്ന് കണക്കെഴുതാൻ അനുവദിക്കില്ല. ഭാഗ്യം, 'ഇനി ഈ പണിക്കില്ല' എന്നു സഖാവ് തന്നെ പ്രഖ്യാപിച്ചു. നന്നായി. കവിതയെഴുത്തിൽ നിന്നും ഈയിടെ നല്ല വരുമാനം കിട്ടുന്നുണ്ടെന്നു തോന്നുന്നു. എങ്കിലും രണ്ടു ലക്ഷം സൗജന്യ ഫോൺ കോളും സൗജന്യ റേഷനും എം.എം. മണിയുടെ '34 ടയർ' കാർ യാത്രയുമൊന്നും തരപ്പടില്ല. പാവം! ജീവിതത്തിലാധ്യമായി തോമസ് ഐസക്കിനു സുധാകരനോടു സഹതാപം തോന്നി. പുറത്തോ, പാർട്ടിക്കകത്തോ മിണ്ടിയില്ല. സ്വന്തം പാർട്ടിയിലെ രണ്ടാം നിര സഖാക്കൾ മന്ത്രിയാകാൻ വേണ്ടി പുര നിറഞ്ഞ് ഉടുത്തൊരുങ്ങി നിൽക്കുകയാണെന്ന് സുധാകരൻ സഖാവിനറിയാം. ആരൊക്കെയെന്ന കാര്യം പുറത്തു വരാൻ വേണ്ടിയാണ് മന്ത്രി ഒരു മുഴം നീട്ടിയെറിഞ്ഞത്. ഇനി നടക്കുന്ന പാർട്ടി യോഗങ്ങളിൽ അർധരാത്രിയായാലും വീട്ടിലേക്കു പോകാതെ കുത്തിയിരിക്കുന്നവരുടെ ലിസ്റ്റ് തയാറാക്കിയാൽ കാര്യങ്ങൾ വ്യക്തമാകും. പിന്നെ  പണി അവർക്കു നേരെയാകാമല്ലോ!

****                               ****                               **** 

ചെകുത്താനെയും പ്രേതാത്മാക്കളെയും ബന്ധിക്കാനും കാപ്പി സൽക്കാരം നടത്തി സമാധാനിപ്പിച്ചു മടക്കി അയക്കാനുമുള്ള സംവിധാനങ്ങളുണ്ട് മതവിശ്വാസികൾക്ക്. എന്നാൽ ഇതൊന്നുമില്ലെന്നു വിശ്വസിക്കുന്ന ശുദ്ധാത്മാക്കളും നമ്മുടെ ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. ഇങ്ങ് കൊച്ചു കേരളത്തിൽ ആ ജനുസ്സിൽപെട്ട ഒരു ജീവാത്മാവാണ് പി.ടി. തോമസ് എന്ന എമ്മെല്ലേ. 'തൃക്കാക്കര പൂ പോരാഞ്ഞ് തിരുനക്കരെ പൂ പോരാഞ്ഞ്' എന്ന സൂപ്പർ ഹിറ്റ് ഗാനം പോലെ തൃക്കാക്കര മണ്ഡലം. പ്രതിനിധിയായ തോമസാശാനും നിയമസഭയിൽ ശോഭിക്കാറുണ്ട്. സ്വന്തം പാർട്ടിയിൽ ഭൂരിപക്ഷത്തിനും മനസ്സുകൊണ്ട് അദ്ദേഹം ബദ്ധശത്രുവാണ്. നാട്ടുകാരുടെ പിൻബലം നിമിത്തം അവർ സഹിച്ചുപോരുന്നുവെന്നേയുള്ളൂ. ജവാഹർലാൽ നെഹ്‌റുവിന്റെ വീക്ഷണങ്ങൾ പലതും കാണാപ്പാഠം പഠിച്ചതുകൊണ്ടാകാം, കക്ഷിക്ക് അന്ധവിശ്വാസം, അനാചാരം, ദുർമന്ത്രവാദം എന്നൊക്കെ കേട്ടാൽ കലിയിളക്കം. ഇതര മതസ്ഥയായ സ്വന്തം ഭാര്യയുടെ സ്‌നേഹ സാന്ത്വനം കൊണ്ടു മാത്രമേ അടങ്ങൂ. അത്ര ശുദ്ധൻ. ഈയിടെ അദ്ദേഹം നിയമസഭയിൽ ഒരു സ്വകാര്യ ബില്ല് അവതരിപ്പിക്കാൻ ശ്രമിച്ചു. നവോത്ഥാനമൂല്യം ഉയർത്തിപ്പിടിച്ച് ലോക റെക്കോർഡ് സ്ഥാപിക്കാനിറങ്ങിയ പിണറായിയും സർക്കാറും എതിർത്തു. അവതരണം എന്തായാലും ബില്ല് തയാറാക്കാനുള്ള ദോശക്കല്ല് ലഭ്യമല്ലെന്നു വകുപ്പു മന്ത്രിയും മൊഴിഞ്ഞു. എന്നാലെന്ത്? സ്പീക്കർ ശ്രീരാമകൃഷ്ണൻ തോമസിനെ അനുകൂലിച്ചു. കേരളം അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും ദുർമന്ത്രിവാദത്തിന്റെയും സൂപ്പർ മാർക്കറ്റാണെന്ന് തോമസ്. എന്നെങ്കിലും  ഒരിക്കൽ ഈ സർക്കാറിനും ഈ ബില്ലിനെ അനുകൂലിക്കേണ്ടിവരുമെന്ന് ഭാവി പ്രവചനത്തിൽ വിശ്വസിക്കുന്ന സ്പീക്കർ മൊഴിഞ്ഞതോടെ സമാപ്തിയായി. ഏറ്റവും ആശ്വസിച്ചത് തോമാച്ചന്റെ കോൺഗ്രസ് സഹപ്രവർത്തകർ തന്നെ. 'ശത്രുസംഹാര' ഹോമം എത്ര നടത്തിയവരാണവർ തമ്മിൽ തമ്മിൽ!

****                              ****                              **** 

മല കയറിയ അതേ സ്പീഡിൽ തന്നെ ഇറങ്ങാനും പഠിച്ചാൽ 'ഓൻ കേമനായി' എന്നർഥം. വിശ്വാസികളെ മുന്നിൽനിന്നു കൈപിടിച്ചാനയിച്ച്, ടോർച്ച്‌ലൈറ്റ് തെളിച്ച് ചെങ്കൊടിയേന്തി മലമുകളിലെത്തിക്കുന്നതാണ് കമ്യൂണിസ്റ്റുകാരന്റെ കടമ എന്നു പറഞ്ഞ ഗോവിന്ദൻ മാസ്റ്ററെ കാണാനില്ല. പകരം, മൈക്ക് ഏന്തിയിരിക്കുന്നത് സാക്ഷാൽ കടകംപള്ളി സുരേന്ദ്രൻ മന്ത്രി. മറ്റു പള്ളികളെപ്പോലെ തന്നെ കടകംപള്ളിയും അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതിൽ വിശ്വസിക്കുന്നു. അതുകൊണ്ട് മുഖ്യമന്ത്രിയുടെ നിൽപ് ഉറച്ചാണോ അല്ലയോ എന്നൊന്നും നാട്ടുകാർ ശ്രദ്ധിച്ചില്ല. ശരിയായ വിശ്വസ്തനും കർമധീരനമാണ് മന്ത്രി സഖാവ്. കാറ്റുപിടിച്ച കല്ലുപോലെ മുഖ്യൻ അനങ്ങാതിരിക്കുന്നുവെങ്കിലും ഒരു കാര്യം പറയാതെ വയ്യ- സാംസ്‌കാരികം പോലെ ഒരു വകുപ്പ് കൂടി കടകംപള്ളിയെ ഏൽപിക്കാം. അദ്ദേഹം ഉറച്ചിരുന്നുകൊള്ളും. ദേവസ്വം ബോർഡിന്റെ നടയിൽനിന്ന് കണ്ണുരുട്ടിക്കാണിച്ച പെരുന്ന സുകുമാരൻ നായരെ പോലുള്ള പ്രേതരൂപികളെ നിഷ്പ്രയാസം നിലംപൊത്തിക്കാൻ കടകംപള്ളിക്കു കഴിഞ്ഞു. 'പ്രസ്താവനാവീര' അവാർഡിന് സർവഥാ യോഗ്യതയുണ്ട്. 'പത്മ' അവാർഡുകൾ പോലെ, 'കെ.എ.എസ്' സംസ്ഥാന പദവി പോലെ എന്തെങ്കിലും ഇത്തരം നിസ്വാർഥമതികളായ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമാക്കി നടപ്പാക്കണം. പിണറായി സഖാവിനു സംശയിക്കാനൊന്നുമില്ല. അതൊക്കെ നമ്മുടെ സഖാക്കളുടെ പോക്കറ്റിൽ തന്നെ വീണുകൊള്ളും. പി.എസ്.സി റാങ്കുകൾ പോലും ഇക്കാലത്ത് അങ്ങനെയല്ലേ?

Latest News