Sorry, you need to enable JavaScript to visit this website.

മാന്ദ്യം തുടരുന്നതിനാൽ ആശങ്ക വിട്ടുമാറാതെ വിപണി

കൺസോളിഡേഷൻ മൂഡിൽ നീങ്ങുന്ന ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ പുതിയ ദിശയിലേയ്ക്ക് സഞ്ചരിക്കാനുള്ള അവസാന മിനുക്ക് പണിയുടെ തിരക്കിലാണ്. നിഫ്റ്റി 11,700-12,034  ടാർഗറ്റിൽ നിന്ന് ഈ വാരം പുറത്ത് കടക്കാനുള്ള നീക്കം സൂചികയിൽ വൻ ചാഞ്ചാട്ടം സൃഷ്ടിക്കാം. 
നിഫ്റ്റി സൂചിക പോയവാരം 12 പോയന്റ് നഷ്ടത്തിലാണ്. എന്നാൽ ബോംബെ സെൻസെക്‌സ് 33 പോയന്റ് നേട്ടത്തിലും. സാമ്പത്തിക വ്യവസായിക രംഗത്തെ മാന്ദ്യം തുടരുന്നത് ആശങ്ക ഉളവാക്കുന്നു, അതേ സമയം വിപണിക്ക് അനുകൂലമായ നിർദേശങ്ങൾ ധനമന്ത്രാലയത്തിൽ  നിന്നും കേന്ദ്ര ബാങ്കിൽ നിന്നും പുറത്തു വന്നാൽ ബുൾ തരംഗം ഉടലെടുക്കും. 
സെപ്റ്റംബറിൽ 11,690 ന് മുകളിൽ ഇടം കണ്ടെത്തി ബുള്ളിഷ് മനോഭാവം കാഴ്ച്ചവെക്കുകയാണെങ്കിലും 12,034 ലെ തടസ്സം ഭേദിച്ച്  12,103 പോയന്റിലെ സർവകാല റെക്കോർഡ് പുതുക്കാൻ വിപണിക്കാവുന്നില്ല. ഈ വാരം കാളകളും കരടികളും തമ്മിൽ ശക്തമായ ഒരു മത്സരത്തിന് നീക്കം നടത്താം. പോയ വാരം നിഫ്റ്റി 11,908 ൽ നിന്ന് 11,802 വരെ താഴ്ന്ന ശേഷം 11,972 ലേയ്ക്ക് ഉയർന്നെങ്കിലും മാർക്കറ്റ് ക്ലോസിങിൽ 11,895 ലാണ്. ഈ വാരം 11,807 ൽ സപ്പോർട്ട് നിലനിർത്തി 11,977-12,059 പോയന്റിലേക്ക് ഉയരാൻ ശ്രമിക്കാം. ഈ നീക്കം വിജയിച്ചാൽ ബുൾ തരംഗത്തിൽ 12,230 റേഞ്ചിലേയ്ക്ക് നിഫ്റ്റി സഞ്ചരിക്കാം. തിരിച്ചടി നേരിട്ടാൽ 11,719 ൽ താങ്ങ് പ്രതീക്ഷിക്കാം. 
ബോംബെ സെൻസെക്‌സ് 40,323 ൽ നിന്ന് 40,026 ലേയ്ക്ക് താഴ്ന്ന ശേഷം കരുത്ത് നേടി 40,647 ലേക്ക് മുന്നേറി. കഴിഞ്ഞ വാരം സൂചിപ്പിച്ച 39,990-40,702  പോയന്റ് ടാർഗറ്റിൽ നിലകൊണ്ടു. മാർക്കറ്റ് ക്ലോസിങിൽ സെൻസെക്‌സ് 40,356 പോയന്റിലാണ്. സൂചികക്ക് 40,660-40,964 ൽ പ്രതിരോധവും 40,039-39,722 ൽ താങ്ങുമുണ്ട്. സൂപ്പർ ട്രെൻറ് ബുള്ളിഷും പാരാബോളിക് സെല്ലിങ് മൂഡിലാണ്.
ബാങ്ക് നിഫ്റ്റി പിന്നിട്ട വാരം 259 പോയന്റ് മികവുമായി 31,008 പോയന്റിലാണ്. വിപണിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ബാങ്ക് നിഫ്റ്റിക്ക് 31,715 ലേക്ക് ഉയരാം. സാങ്കേതികമായി ബാങ്ക് നിഫ്റ്റി ബുള്ളിഷാണ്. 
വർഷാന്ത്യം അടുക്കുംതോറും വിനിമയ വിപണിയിൽ രൂപ കൂടുതൽ സമ്മർദത്തിലേയ്ക്ക്.  ഈ വർഷം രൂപയുടെ മൂല്യം 2.81 ശതമാനം ഇടിഞ്ഞു. വിദേശ ഫണ്ടുകൾ 12.03 ബില്യൺ ഡോളർ ഇന്ത്യൻ ഇക്വിറ്റിയിലും 5.23 ബില്യൺ ഡോളർ കടപ്പത്രത്തിലും ഇറക്കിയിട്ടും രൂപക്ക് തിരിച്ചടി. ജനുവരിയിൽ 69.40 ൽ നീങ്ങിയ രൂപ ഏപ്രിലിൽ 68.37 ലേക്ക് കരുത്ത് കാണിച്ചു. ഏഴ് മാസമായി തളർച്ചയിൽ അകപ്പെട്ട രൂപ സെപ്റ്റംബറിൽ 72.30 ലേക്ക് ഇടിഞ്ഞു. പോയ വാരം ഡോളറിന് മുന്നിൽ 51 പൈസ കുറഞ്ഞ് 71.63 ലാണ്. മുൻവാരം സൂചിപ്പിച്ച 71.60 ലെ തടസ്സം മറികടന്ന രൂപ 72.57 വരെ ദുർബലമാകാം. കരുത്ത് നേടിയാൽ 70.68 വരെ നീങ്ങാം. വിദേശ ഫണ്ടുകൾ പോയ വാരം 8863.69 കോടി രൂപ ഓഹരിയിൽ നിക്ഷേപിച്ചു.  നവംബറിൽ വിദേശ ഫണ്ടുകൾ 14,436 കോടി രൂപ ഇവിടെ ഇറക്കി. 
മുൻനിരയിലെ പത്ത് കമ്പനികളിൽ ആറെണ്ണത്തിന്റെ വിപണി മൂല്യത്തിൽ പിന്നിട്ട വാരം 2.4 ലക്ഷം കോടി രൂപ വർധിച്ചു. ടിസിഎസ് ആണ് മുൻപന്തിയിൽ. അവരുടെ വിപണി മൂലധനം 1,93,666.73 കോടിയിൽനിന്ന് 8,16,068.63 കോടി രൂപയായി. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവയുടെ വിപണി മൂല്യവും ഉയർന്നു. 
ലോകത്തിലെ ഏറ്റവും വലിയ പ്രാരംഭ പബ്ലിക് ഓഫറിംഗ് സൗദി അറാംകോ ഒരുങ്ങുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അറാംകോക്ക് 1.6 ട്രില്യൺ മുതൽ 1.71 ട്രില്യൺ ഡോളർ വരെയാണ് സൗദി അറേബ്യയുടെ പ്രാഥമിക മൂല്യ നിർണയം. ഒന്നര ശതമാനം ഓഹരി വിറ്റ് 25.6 ബില്യൺ ഡോളർ സമാഹരിക്കാനുള്ള ഒരുക്കത്തിലാണ് സൗദി അറാംകോ. ഐപിഒ സ്ഥാപന നിക്ഷേപകർക്കായി പബ്ലിക് ഓഫർ നവംബർ 17 ന് തുടങ്ങും, വ്യക്തിഗത നിക്ഷേപകർക്കായി നവംബർ 28 നു തുടങ്ങും. ഓഹരി വില 30-32  റിയാലിലാവും. അതായത് ഏകദേശം 573-612 രൂപ റേഞ്ചിൽ.  

 

Latest News