Sorry, you need to enable JavaScript to visit this website.

റബർ ഉൽപാദകർ പ്രതീക്ഷയിൽ;  നാളികേര വിപണിക്കും ഉണർവ് 


സംസ്ഥാനത്തെ റബർ ഉൽപാദകർ പ്രതീക്ഷയിലാണ്. റബർ വില ഉയർന്നത് ഉൽപാദന കേന്ദ്രങ്ങളിൽ ആവേശമുളവാക്കി. മാസങ്ങളായി നിലനിന്ന വില ഇടിവ് മൂലം ടാപ്പിങിൽ നിന്ന് വിട്ടുനിന്ന  കർഷകരും ഉൽപാദനം പുനരാരംഭിക്കാൻ ഒരുങ്ങി. പുതിയ സാഹചര്യത്തിൽ ക്രിസ്മസിന് മുമ്പേ കൂടുതൽ ഷീറ്റ് വിൽപനക്ക് എത്താം. നാലാം ഗ്രേഡ് റബർ 12,700 ൽ നിന്ന് ഒരു വേള 13,000 വരെ ഉയർന്ന ശേഷം 12,800 ലാണ്. വിലക്കയറ്റത്തിനിടയിൽ വിൽപന സമ്മർദം വിലയെ ബാധിച്ചു. ഊഹക്കച്ചവടക്കാർ റബർ അവധിയിൽ ലാഭമെടുപ്പ് ശക്തമാക്കിയത് വിലയിൽ ചാഞ്ചാട്ടമുളവാക്കി. അഞ്ചാം ഗ്രേഡ് റബർ വില 12,600 രൂപ. കാലാവസ്ഥ തെളിഞ്ഞതോടെ മരങ്ങളിൽ നിന്നുള്ള യീൽഡ് മുൻ മാസങ്ങളെ അപേക്ഷിച്ച് ഉയർന്നു. നവംബർ രണ്ടാം പകുതിയിൽ ശൈത്യം ശക്തമാക്കുന്നത് വിളവ് വീണ്ടും ഉയർത്തുമെന്ന നിഗമനത്തിലാണ് ഉൽപാദകർ.  രാജ്യാന്തര റബർ വിപണിയും മികവിലാണ്. ടോക്കോമിൽ റബർ കിലോ 163 യെൻ വരെ കയറി. വ്യവസായിക ഡിമാൻറ്റിൽ ബാങ്കോക്കിൽ ഷീറ്റ് വില 10,646 ൽ നിന്ന് 10,800 ലേയ്ക്ക് ഉയർന്നു. ഇതിനിടയിൽ തായ്‌ലാന്റിൽ റബർ മരങ്ങളെ ബാധിച്ച മഞ്ഞളിപ്പ് രോഗം മൂലം ഇല പൊഴിയുന്നത് അവരുടെ ഉൽപാദനത്തെ ബാധിക്കും. 
നാളികേരോൽപന്നങ്ങൾ തളർച്ചിയിൽ നിന്ന് തിരിച്ചു വരവിന് ഒരുങ്ങുന്നു. ഒരു മാസമായി സ്‌റ്റെഡിയായി നീങ്ങുന്ന വെളിച്ചെണ്ണ വില ചൂടുപിടിച്ചാൽ ക്രിസ്മസ് വരെ മികവ് നിലനിർത്താം. രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞത് വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ചെലവ് ഉയർത്തും. ഇന്തോനേഷ്യയും മലേഷ്യയും പാം ഓയിൽ വില ഉയർത്താൻ തീരുമാനിച്ചത് കേര കർഷകർക്ക് ഗുണകരമാവും. 
ശബരിമല സീസണാരംഭിച്ചതിനാൽ തേങ്ങക്ക് ആവശ്യം വർധിക്കും. ഉൽപാദകർ അടുത്ത രണ്ടാഴ്ചകളിൽ ചരക്ക് നീക്കം നിയന്ത്രിച്ചാൽ കൊപ്ര വില ഉയർത്താനാവും. കൊച്ചിയിൽ കൊപ്ര 9750 രൂപയിലും വെളിച്ചെണ്ണ 14,450 രൂപയിലുമാണ്. 
ഏലക്ക വിളവെടുപ്പ് സജീവമായതോടെ ലേല കേന്ദ്രങ്ങളിൽ വരവ് അര ലക്ഷം കിലോയ്ക്ക് മുകളിലെത്തി. അറബ് രാജ്യങ്ങളിൽ നിന്നുള്ള പുതിയ ഓർഡറുകൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ലേല കേന്ദ്രങ്ങളെ സജീവമാക്കി.  ആഭ്യന്തര വിദേശ വാങ്ങലുകാർ ഏലക്ക സംഭരിച്ചു. ഉത്സവ ഡിമാന്റ് മുന്നിൽ കണ്ടുള്ള ചരക്ക് സംഭരണം പുരോഗമിക്കുന്നു. ശനിയാഴ്ച മികച്ചയിനങ്ങൾ കിലോ 3010 രൂപയിലാണ്. ക്രിസ്മസ് ഡിമാന്റ് ശക്തമായാൽ നിരക്ക് 3200-3400  റേഞ്ച് വരെ ഉയരും. 
കുരുമുളക് വില ഉയർന്നതിനിടയിൽ ഇറക്കുമതി ലോബി വിദേശ ചരക്ക് വിൽപനക്ക് ഇറക്കി. കേരളത്തിൽ വിളവെടുപ്പ് ആരംഭിക്കും മുമ്പേ സ്‌റ്റോക്ക് വിറ്റു മാറാനുള്ള ശ്രമത്തിലാണ് അവർ. കാർഷിക മേഖലയിൽ നിന്നുള്ള വരവ് കുറവാണ്. അൺഗാർബിൾഡ് മുളക് 31,500 ൽ നിന്ന് 31,900 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 5000 ഡോളർ. 
കേരളത്തിൽ സ്വർണ വില ചാഞ്ചാടി. പവൻ 28,320 രൂപയിൽ നിന്ന് 28,200 ലേയ്ക്ക് താഴ്ന്ന ശേഷം വൻ കുതിപ്പിലൂടെ 28,540 രൂപയിൽ വിപണനം നടന്നു. വാരാന്ത്യം പവൻ 28,440 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണ വില 1458 ഡോളറിൽ നിന്ന് 1467 ഡോളറായി.  
 

Latest News