Sorry, you need to enable JavaScript to visit this website.

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാറിന്‌

കോട്ടയം ജില്ലയിലെ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എൻ.എൽ) സംസ്ഥാന സർക്കാറിനു കൈമാറാൻ ധാരണ. എച്ച്.എൻ.എല്ലിന്റെ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷന്റെ (എച്ച്.പി.സി) ലിക്യുഡേറ്ററായ കുൽദീപ് വർമയും സംസ്ഥാന സർക്കാർ പ്രതിനിധി റിയാബ് (പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റ് വിഭാഗം) ചെയർമാൻ എൻ. ശശിധരൻ നായരും തമ്മിൽ കൊൽക്കത്തയിൽ നടത്തിയ ചർച്ചയിലാണ് കമ്പനി കൈമാറാൻ ധാരണയായത്. ഇത് തൊഴിലാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
എച്ച്.എൻ.എല്ലിന്റെ മുഴുവൻ ഓഹരികളും 25 കോടി രൂപക്ക് സംസ്ഥാന സർക്കാറിന് കൈമാറാനാണ് ധാരണ. വായ്പകൾ അടക്കം എച്ച്.എൻ.എല്ലിന്റെ കടബാധ്യതയായ 430 കോടി രൂപ സംസ്ഥാന സർക്കാർ എറ്റെടുക്കും. പകരം കമ്പനി സ്ഥിതി ചെയ്യുന്ന 692  ഏക്കർ ഭൂമി സംസ്ഥാന സർക്കാറിനു കൈമാറും.   
എച്ച്.എൻ.എൽ എംഡി ആർ. ഗോപാലറാവു, എസ്ബിഐ, കനറാ ബാങ്ക് പ്രതിനിധികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും ചർച്ചയിൽ ഭാഗഭാക്കായി. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ലിക്യുഡേറ്റർ ദൽഹി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ (എൻസിഎൽടി) അറിയിക്കും. ദൽഹി എൻസിഎൽടി ബെഞ്ചാണ് ലിക്യുഡേറ്ററെ നിയമിച്ചത്. 
കമ്പനി വായ്പയെടുത്ത ഇനത്തിൽ നൽകാനുള്ള തുക കുടിശ്ശികയായിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളുടെ അനുമതി കൂടി ലഭിച്ചാൽ കമ്പനി പൂർണമായും സംസ്ഥാന സർക്കാറിന്റേതാകും. കമ്പനി ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പ എടുത്തിട്ടുള്ള തുകയുടെ 70 ശതമാനം തുക ഒന്നിച്ചടച്ചു ബാധ്യത തീർക്കാമെന്നാണ് സർക്കാർ ലിക്യുഡേറ്ററെ അറിയിച്ചിട്ടുള്ളത്. 
എച്ച്.എൻ.എൽ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനെത്തുടർന്ന് കമ്പനി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയാറാവുകയായിരുന്നു. എന്നാൽ ഭൂമി കൈമാറാൻ ലിക്യുഡേറ്റർ വിസമ്മതിച്ചു. ഇതോടെ ഭൂമി തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് കലക്ടർ നോട്ടീസ് നൽകി. ഇതേത്തുടർന്നായിരുന്നു കൊൽക്കത്തയിൽ യോഗം ചേർന്നത്. 200 കോടി രൂപയാണ് എച്ച്.പി.സി ആവശ്യപ്പെട്ടതെങ്കിലും അവസാനം 25 കോടിക്ക് സമ്മതിക്കുകയായിരുന്നു. 



 

Latest News