Sorry, you need to enable JavaScript to visit this website.

മന്ത്രി ജലീലിനെ അപകീർത്തിപ്പെടുത്തുന്നതിനു പിന്നിൽ ലീഗിന്റെ കുബുദ്ധി- ടി.കെ ഹംസ

ദമാം- മന്ത്രി കെ ടി ജലീലിനെ അപകീർത്തിപ്പെടുത്തുന്നതിനും വളഞ്ഞിട്ടാക്രമിക്കുന്നതിനും പിന്നിൽ മുസ്്‌ലിംലീഗാണെന്നും ഇത് കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് പരാജയപ്പെടുത്തിയതിന്റെ പകയാണെന്നും മുൻ മന്ത്രി ടി. കെ. ഹംസ കുറ്റപ്പെടുത്തി. വെറുപ്പിന്റെ രാഷ്രീയം കേരളത്തിൽ വില പോകില്ലെന്നും രാഷ്ട്രീയമായി നേരിടാൻ ഒരുക്കമാണെങ്കിൽ ഇടതുപക്ഷം അതിനും തയ്യാറാണെന്നും ടി.കെ ഹംസ വെല്ലുവിളിച്ചു. കല്ലുവെച്ച നുണകൾ പ്രചരിപ്പിച്ചു കേരള ജനതയെ പരീക്ഷിക്കരുതെന്നും നിരവധി കള്ളങ്ങളും അക്രമങ്ങളും നേരിട്ട ഇടതുപക്ഷത്തെ തകർക്കാൻ ഈ ഞാഞ്ഞൂലുകൾക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദർശനാർത്ഥം ദമാമിലെത്തിയ അദ്ദേഹം മലയാളം ന്യൂസിന്്് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. കെ. ടി ജലീൽ കയ്യാളുന്ന വകുപ്പ് കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങളെ ഉൾകൊള്ളാൻ കഴിയാത്തത് കൊണ്ടാണ് അദ്ദേഹത്തെ വേട്ടയാടുന്നത്.ഹൈക്കോടതി പോലും അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിട്ടും മനസ്സിലാകാത്ത ലീഗും, യു ഡി എഫും പുതിയത് തേടി നടക്കുകയാണ്. മുമ്പ് ഇക്കൂട്ടർ തന്നെയും നിരവധി തവണ തകർക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും കേൾക്കാൻ കേരള ജനത കൂട്ടാക്കിയില്ല. ജലീൽ ശരിയാണെന്നത്തിന്റെ തെളിവാണ് ഇന്നും അദ്ദേഹം മന്ത്രിയായി തുടരുന്നതെന്നും എന്തെങ്കിലും ഒരു പാളിച്ച ഉണ്ടെങ്കിൽ ഇടതുപക്ഷം വെച്ച് പൊറുക്കില്ലെന്നും അഴിമതിക്കാരെ സഹായിക്കുന്നത് സി പി എം നയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ ലാഭത്തിലോടുന്ന പൊതു മേഖല സ്ഥാപനങ്ങൾ പോലും വിറ്റഴിച്ചു രാജ്യത്തെ സാമ്പത്തികമായ തകർത്തു കൊണ്ടിരിക്കയാണ്. തിരുവനന്തപുരം വിമാനത്താവളവും വിൽക്കാൻ ശ്രമിച്ചെങ്കിലും കേരള സർക്കാരിന്റെ ഇടപെടൽ മൂലം അത് നടക്കാതെ പോയി. നമ്മുടെ അഭിമാനമായ ഭാരത പെട്രോളിയം ഇതിനകം വിറ്റഴിച്ചു കഴിഞ്ഞതായും ഇനിയും എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് നോക്കി നടക്കുകയാണ്. നരസിംഹ റാവു തുടങ്ങി വെച്ച സാമ്പത്തിക നയങ്ങൾ കുറച്ചു കൂടി മത്സരത്തോടെ മോഡി സർക്കാരും നടപ്പിലാക്കുന്നു എന്നത് മാത്രമാണ് പ്രത്യേകത. ഇതിനൊപ്പം എകോദര സഹോദരങ്ങളെ പോലെ ജീവിച്ചിരുന്ന ഭാരതീയരെ ജാതീയത കൊണ്ടും വംശീയത കൊണ്ടും വേർതിരിക്കുകയും തങ്ങളെ എതിർക്കുന്നവരെ വകവരുത്തിയും ഏകാധിപതിയുടെ കിരാത ഭരണമായി കേന്ദ്ര ഭരണം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്രത്തെയും പൈതൃകങ്ങളെയും മാറ്റി തിരുത്തി പച്ചക്കള്ളങ്ങളെ യാതാർത്ഥ്യങ്ങൾക്ക് പകരം വെച്ച് പുതിയ ചരിത്രം രചിക്കുകയാണ്.  
ഇന്ത്യയുടെയും പ്രത്യേകിച്ച് കേരളത്തിന്റെയും സാമ്പത്തിക നേട്ടങ്ങൾക്ക് എക്കാലവും സഹായകരമായത് പ്രവാസികളുടെ നിലനില്പ്പാണെന്നും പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്ന പണം കൊണ്ട് തഴച്ചു വളർന്ന നമ്മുടെ സാമ്പത്തിക രംഗത്തിന് അൽപ്പം മങ്ങലേൽക്കുന്ന റിപ്പോർട്ടുകളാണ് പ്രവാസ ലോകത്ത് നിന്നും വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങളും സ്വദേശിവൽക്കരണവും പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും തിരിച്ചു വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ കേരള സർക്കാരിന്റെ നേതൃത്വത്തിൽ ബൃഹത്തായ നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് കൂടുതൽ ശ്രദ്ധ നൽകി വിവിധങ്ങളായ നിക്ഷേപ പദ്ധതികളും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ താൽപ്പര്യമുള്ളവർക്ക് ലോണുകളും നൽകി പരമാവധി പുനരധിവസിപ്പിക്കാൻ സാധിക്കുമെന്നാണ് കേരള സർക്കാർ ലക്ഷ്യം വെക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ലാഭത്തിലോടുന്ന പൊതു മേഖല സ്ഥാപനങ്ങൾ പോലും വിൽപ്പന നടത്തുന്നതോടെ പ്രവാസികളുടെ പുനരധിവാസ പരിപാടികളിൽ ഏറെ പങ്കു വഹിക്കാവുന്ന പ്രതീക്ഷയെയാണ് തകർക്കുന്നത്. ഏറെ കഴിവും പ്രാഗൽഭ്യവുമുള്ള വിദഗ്ദ തൊഴിലാളികൾ പ്രവാസം മതിയാക്കി മടങ്ങി വരുമ്പോൾ അവരെ കൂടി ഉൾപ്പെടുത്തി പൊതു മേഖല സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്തണം. 
ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി നേരത്തെയും ബി ജെ പിയും യു ഡി എഫും സ്വാഗതം ചെയ്തതാണെന്നും എന്നാൽ ഇടതു പക്ഷത്തിനു എതിരെ ഒന്ന് പയറ്റാനുള്ള ഒരു വടി എന്ന നിലക്കാണ് ഇവർ രണ്ടു ടീമും ഒറ്റക്കെട്ടായി ആ വിധിക്കെതിരെ നീങ്ങിയത്. സുപ്രീം കോടതി എന്ത് വിധിച്ചാലും നടപ്പിലാക്കാൻ കേരള സർക്കാരിനു ബാധ്യതയുണ്ട്. അതല്ലാതെ സ്ത്രീകളെ ശബരിമല കയറ്റേണ്ട ചുമതല ഇടതുപക്ഷത്തിനില്ല. കേരളത്തിന്റെ ക്രമസമാധാന നില അസ്ഥിരപ്പെടുതാനാണ്്്് ചെന്നിത്തലയും ലീഗും ബി ജെ പിയും ശ്രമിച്ചത്. കോ ലീ ബി ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പതിറ്റാണ്ടുകൾക്ക് മുൻപ്്് ബേപ്പൂരിൽ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. വൻ ഭൂരിപക്ഷത്തിലാണ് അന്ന് താൻ ബേപ്പൂരിൽ ജയിച്ചത്. ശബരിമല വിഷയത്തിലും ഈ കൊ ലീ ബി തന്നെയാണ് കളിക്കാൻ ശ്രമിച്ചത്. അതിനു ശേഷം വന്ന ഉപ തെരഞ്ഞെടുപ്പുകളിൽ ഇവർക്ക് കൃത്യമായ മറുപടി കേരള ജനത നൽകി. കേരളത്തിൽ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും  സമൂലമായ മാറ്റങ്ങളാണ് പിണറായി സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും അഴിമതി രഹിതമായ ഒരു സൽ്ഭരണമാണ് കാഴ്ച വെക്കുന്നതെന്നും ഹംസ അഭിപ്രായപ്പെട്ടു. 


 

Latest News