വിവാഹ ചടങ്ങിനിടെ കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കുത്തേറ്റു

മൈസുരു- കര്‍ണാകട മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ തന്‍വീര്‍ സേഠിനെ മൈസുരുവിലെ ഒരു വിവാഹ ചടങ്ങില്‍ അക്രമി കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച രാത്രി 11.45ഓടെയാണ് സംഭവം. എംഎല്‍എയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കഴുത്തിന് കുത്തേറ്റ തന്‍വീറിന് ഗുരുതര പരിക്കുണ്ട്. 20കാരനായ ഫര്‍ഹാന്‍ പാഷയാണ് കുത്തിയതെന്ന് തിരിച്ചറിഞ്ഞു. വിവാഹ ചടങ്ങില്‍ ഒരിടത്ത് ഇരിക്കുകയായിരുന്ന തന്‍വീറിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഫര്‍ഹാനെ ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

നരംസിംഹരാജ മണ്ഡലം എംഎല്‍എയായ തന്‍വീറിനെ വധിക്കാനായിരുന്നു അക്രമിയുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതിയായ ഫര്‍ഹാന്‍ നേരത്തെ മൂന്ന് തവണ തന്‍വീര്‍ സേഠിനെ വധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ഒരു ഓഫീസര്‍ പറഞ്ഞതായി ഡെക്കന്‍ ഹെരാള്‍ഡ് റിപോര്‍ട്ട് ചെയ്യുന്നു. വധശ്രമത്തിനു പിന്നില്‍ ഒരു സംഘടനയുണ്ടെന്നും ഇവരുടെ സഹായത്തോടെയാണ് ഫര്‍ഹാന്‍ ആക്രമണം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജോലി തരപ്പെടുത്താന്‍ എംഎല്‍എ സഹായിക്കാത്തിനുള്ള പ്രതികാരമായാണ് ഫര്‍ഹാന്‍ കുത്തിയതെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.
 

Latest News