കാസര്‍കോട്- മയിച്ചയില്‍ വിവാഹ ഘോഷയാത്രക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാലുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് ഘോഷയാത്രയായി വധൂവരന്മാര്‍ക്ക് അകമ്പടി പോയവര്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്.
മയിച്ച വയല്‍ക്കര ഓഡിറ്റോറിയത്തില്‍ വിവാഹം കഴിഞ്ഞ് ചെറുവത്തൂര്‍ കാര്യങ്കോട് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം. ബൈക്കുകള്‍ അശ്രദ്ധമായി കൂട്ടത്തോടെ ദേശീയ പാതയിലേക്ക് കയറുകയായിരുന്നു. ഇടിയുടെ ആഘാത്തില്‍ രണ്ടു പേര്‍ ദൂരേക്ക് തെറിച്ചു വീണു. റോഡില്‍ വീഴാതെ സമീപത്തെ വള്ളി പടര്‍പ്പിലേക്ക് വീണത് കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്.
കാര്യങ്കോട് സ്വദേശികളായ അഭിഷേക്, അമൃതരാജ്, അനില്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരന്റെ സഹോദരനാണ് അഭിഷേക്.






