Sorry, you need to enable JavaScript to visit this website.

സൗദിയില്‍ സാദാ തൊഴിലുകള്‍ തരം തിരിക്കും; ഫീസ് ഈടാക്കില്ല

പ്രൊഫഷനൽ എക്‌സാമിനേഷൻ പ്രോഗ്രാം ഡയറക്ടർ നായിഫ് അൽഉമൈർ

റിയാദ്- സാദാ തൊഴിലാളി (ആമിൽ) എന്ന പദത്തെ കുറിച്ച കൃത്യമായ വിശദാംശങ്ങൾ തയാറാക്കി തൊഴിലുകൾ തരംതിരിക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം.  മന്ത്രാലയത്തിലെ പ്രൊഫഷനൽ എക്‌സാമിനേഷൻ പ്രോഗ്രാം ഡയറക്ടർ നായിഫ് അൽഉമൈറാണ് ഇക്കാര്യം പറഞ്ഞത്. ഇഖാമകളിലും വിസകളിലും തൊഴിലുകളുടെ പേരുകൾ പുനഃക്രമീകരിക്കാനാണ് നീക്കം.

ഈ പ്രൊഫഷനുകൾ മാറ്റാൻ ഫീസ് ഈടാക്കില്ല. എന്നാൽ പുതിയ തൊഴിലിന് അനുസൃതമായി പ്രൊഫഷനൽ പരീക്ഷ പാസാകേണ്ടിവരും. 
സർക്കാർ പദ്ധതികൾക്കുള്ള ടെണ്ടറുകൾക്കൊപ്പം കമ്പനികളിലെ തൊഴിലാളികളുടെ പട്ടിക കൂടി സമർപ്പിക്കണമെന്ന വ്യവസ്ഥയും ബാധകമാക്കും. സമർപ്പിക്കുന്ന പട്ടികകളും തൊഴിലാളികളുടെ പ്രൊഫഷനുകളും തമ്മിൽ ഒത്തുപോകണമെന്ന വ്യവസ്ഥ ഭാവിയിൽ നടപ്പാക്കും. മുഴുവൻ ഗവൺമെന്റ് പദ്ധതികളിലെയും തൊഴിലാളികൾക്ക് പ്രൊഫഷനൽ പരീക്ഷാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.


ഒന്നിലധികം തൊഴിലുകളിൽ പാടവമുള്ള തൊഴിലാളികളുടെ നൈപുണ്യ റെക്കോർഡ് പ്രൊഫഷനൽ എക്‌സാമിനേഷൻ പ്രോഗ്രാം വിലയിരുത്തും. നൈപുണ്യ റെക്കോർഡിന് ഉചിതമായ സംവിധാനം ഇതുവരെ തയാറാക്കിയിട്ടില്ല. എന്നാൽ, അതിനുള്ള പോംവഴികൾ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. ഒന്നിലധികം തൊഴിലുകളിൽ പാടവമുള്ള തൊഴിലാളികൾക്ക് പ്രൊഫഷനൽ പരീക്ഷാ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് അനുയോജ്യമായ സംവിധാനം തയാറാക്കുമെന്നും നായിഫ് അൽഉമൈർ പറഞ്ഞു. 


ഭൂരിഭാഗം സൗദി തൊഴിലാളികൾക്കും സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റുള്ള കാര്യം കണക്കിലെടുത്ത് പ്രൊഫഷനൽ എക്‌സാമിനേഷൻ പരീക്ഷാ പ്രോഗ്രാം സൗദി തൊഴിലാളികളെ ലക്ഷ്യമിടുന്നില്ല. തൊഴിൽ നേടാൻ സ്വദേശികളെ സഹായിക്കും. തൊഴിൽ പരീക്ഷാ പ്രോഗ്രാമിന് വിധേയരാകുന്ന തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് സ്ഥാപനങ്ങൾക്ക് സൗജന്യമായാണ് തൊഴിൽ പരീക്ഷാ സർട്ടിഫിക്കറ്റ് അനുവദിക്കുക. 


സൗദി അറേബ്യക്കകത്തു വെച്ച് വിദേശികൾക്ക് നടത്തുന്ന തൊഴിൽ പരീക്ഷക്ക് 400 റിയാൽ മുതൽ 500 റിയാൽ വരെയും വിദേശങ്ങളിൽ വെച്ചുള്ള പരീക്ഷക്ക് 150 റിയാൽ മുതൽ 200 റിയാൽ വരെയുമാകും ഫീസ്. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദേശികൾക്ക് സർട്ടിഫിക്കറ്റ് അനുവദിക്കുക. വിദേശ തൊഴിലാളികൾ സ്വദേശത്തേക്ക് തിരിച്ചു പോകുന്നതിന്റെ ഫലമായി തൊഴിൽ പരീക്ഷാ സർട്ടിഫിക്കറ്റ് റദ്ദാക്കില്ല. പരീക്ഷാ ഫീസ് തിരിച്ചുനൽകില്ല. സർട്ടിഫിക്കറ്റ് തൊഴിലാളികളുടെ അവകാശമാണ്. സർട്ടിഫിക്കറ്റിന്റെ കാലാവധി അഞ്ചു വർഷമായിരിക്കും. നിരവധി വിദേശ തൊഴിലാളികളുടെ സി.വികൾ യാഥാർഥ്യത്തിന് വിരുദ്ധമാണ്. 
സൗദി അറേബ്യക്കുള്ളിലോ വിദേശത്തോ പരീക്ഷക്ക് തൊഴിലാളികളെ ഹാജരാക്കാൻ റിക്രൂട്ട്‌മെന്റ് കമ്പനികൾക്ക് സ്വാതന്ത്ര്യം നൽകും. മൂന്നു തവണ വരെ അവസരം നൽകും. 


ആറു മാസത്തിനുള്ളിൽ പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും. പരീക്ഷാ പ്രക്രിയ ക്യാമറകൾ വഴി നിരീക്ഷിക്കും. കൂടാതെ പരീക്ഷകൾ ആറു സർക്കാർ വകുപ്പുകൾ സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്യും. പരീക്ഷാ ഫലങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്യും. 


ഓരോ സർട്ടിഫിക്കറ്റിനും പ്രൊഫഷനൽ എക്‌സാമിനേഷൻ പ്രോഗ്രാമുമായി ബന്ധിപ്പിച്ച പ്രത്യേക നമ്പറും നൽകും. പ്രൊഫഷനൽ പരീക്ഷയിൽ പരാജയപ്പെടുന്ന തൊഴിലാളികളെ നിലനിർത്തുന്നതിന് ആഗ്രഹിക്കുന്ന കമ്പനികളെ ഔദ്യോഗിക കത്തുകളുടെ അടിസ്ഥാനത്തിൽ അതിനനുവദിക്കും. എന്നാൽ സർക്കാർ പദ്ധതികളിൽ ഈ തൊഴിലാളികളെ വിലക്കും. ഇവരുടെ ഇഖാമയും വർക്ക് പെർമിറ്റും റദ്ദാക്കുകയില്ല. എന്നാൽ മറ്റു കമ്പനികളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന പക്ഷം അവർ പ്രൊഫഷനൽ പരീക്ഷ പാസാകേണ്ടിവരുമെന്നും നായിഫ് അൽഉമൈർ പറഞ്ഞു.
 

Latest News