Sorry, you need to enable JavaScript to visit this website.

ജോർദാനിൽ ഒഴുക്കിൽ പെട്ട് മറിഞ്ഞ കാറിലെ സൗദികളെ രക്ഷപ്പെടുത്തി

കിഴക്കൻ ജോർദാനിലെ അൽഅസ്‌റഖ് ഏരിയയിലെ വാദി റാജിലിൽ മലവെള്ളപ്പാച്ചിലിൽ മറിഞ്ഞ കാറിലെ യാത്രക്കാരായ സൗദികളെ ജോർദാൻ സുരക്ഷാ വകുപ്പുകളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുന്നു.

റിയാദ്- കിഴക്കൻ ജോർദാനിൽ മലവെള്ളപ്പാച്ചിലിൽ അകപെട്ട് മറിഞ്ഞ കാറിലെ സൗദികളായ നാലു യാത്രക്കാരെ ജോർദാൻ സുരക്ഷാ വകുപ്പുകളും നാട്ടുകാരും രക്ഷപ്പെടുത്തി. കിഴക്കൻ ജോർദാനിലെ അൽഅസ്‌റഖ് ഏരിയയിലെ വാദി റാജിലിൽ ആണ് സൗദി പൗരന്മാർ സഞ്ചരിച്ച കാർ ഒഴുക്കിൽ പെട്ട് മറിഞ്ഞത്.

ഇതേ കുറിച്ച് സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ വകുപ്പുകൾ കുതിച്ചെത്തി നാട്ടുകാരുടെ സഹായത്തോടെ കാർ യാത്രക്കാരെ രക്ഷപ്പെടുത്തുകയായിരുന്നെന്ന് ജോർദാൻ പൊതുസുരക്ഷാ വകുപ്പ് വക്താവ് ലെഫ്. കേണൽ ആമിർ അൽസർതാവി പറഞ്ഞു. 


അപകട വിവരമറിഞ്ഞയുടൻ സൗദി പൗരന്മാരെ രക്ഷപ്പെടുത്തിയ ജോർദാൻ സുരക്ഷാ ഭടന്മാരെ അമ്മാൻ സൗദി എംബസി വക്താവ് അബ്ദുസ്സലാം അൽഅനസി പ്രശംസിക്കുകയും അവർക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത ഹെൽത്ത് സെന്ററിൽ എത്തിച്ച് സൗദി പൗരന്മാർക്ക് ആവശ്യമായ ആരോഗ്യ പരിചരണങ്ങൾ നൽകി. ഇവർ പിന്നീട് സ്വദേശത്തേക്ക് മടങ്ങിയതായും സൗദി എംബസി വക്താവ് അറിയിച്ചു. 

Latest News