Sorry, you need to enable JavaScript to visit this website.

സൗദിയില്‍ നികുതി സീലില്ലാത്ത സിഗരറ്റ് വിൽപനക്ക് ഇന്നു മുതൽ വിലക്ക്

റിയാദ്- നികുതി സീലില്ലാത്ത സിഗരറ്റ് പാക്കറ്റുകളുടെ വിൽപനയും ക്രയവിക്രയവും ഇന്നു മുതൽ വിലക്കുമെന്ന് സകാത്ത്, നികുതി അതോറിറ്റി അറിയിച്ചു. ഹാനികരമായ ഉൽപന്നങ്ങൾക്ക് അധിക നികുതി വ്യവസ്ഥ ചെയ്യുന്ന സെലക്ടീവ് ടാക്‌സ് നിയമാവലിയുടെ അടിസ്ഥാനത്തിലാണ് സിഗരറ്റ് പാക്കറ്റുകൾക്ക് നികുതി സീൽ നിർബന്ധമാക്കിയിരിക്കുന്നത്. കാലാവധിയുള്ളതും ആക്ടിവേറ്റ് ചെയ്തതുമായ നികുതി സീലില്ലാത്ത സിഗരറ്റ് പാക്കറ്റുകളുടെ ഇറക്കുമതി മൂന്നു മാസം മുമ്പു മുതൽ വിലക്കാൻ തുടങ്ങിയിട്ടുണ്ട്. 


സൗദി കസ്റ്റംസുമായി സഹകരിച്ചാണ് ഇറക്കുമതി വിലക്ക് നടപ്പാക്കുന്നത്. എൻക്രിപ്റ്റഡ് ഡിജിറ്റൽ വിവരങ്ങൾ അടങ്ങിയ സ്റ്റിക്കറിന്റെയോ ഇമേജിന്റെയോ രൂപത്തിലുള്ള പ്രത്യേക അടയാളമാണ് നികുതി സീൽ. സെലക്ടീവ് ടാക്‌സ് ബാധകമായ ഹാനികരമായ ഉൽപന്നങ്ങളിൽ പതിക്കുന്ന ഇവ ഇലക്‌ട്രോണിക് രീതിയിലാണ് ആക്ടിവേറ്റ് ചെയ്യുന്നത്. പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ച് അച്ചടിക്കുന്ന നികുതി സീലുകൾ ട്രാക്കിംഗ് പ്രോഗ്രാം വഴി സകാത്ത്, നികുതി അതോറിറ്റി അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷിക്കും. നികുതി സീൽ നടപ്പാക്കുന്നത് പൂർണ തോതിൽ നികുതി വസൂലാക്കുന്നത് ഉറപ്പുവരുത്തുന്നതിന് സഹായിക്കുമെന്നും സകാത്ത്, നികുതി അതോറിറ്റി പറഞ്ഞു.


ഹാനികരമായ ഉൽപന്നങ്ങൾ നിയമാനുസൃതമായാണ് രാജ്യത്ത് പ്രവേശിക്കുന്നതെന്ന് ഉറപ്പു വരുത്തുന്നതിനും നികുതി സീൽ ബന്ധപ്പെട്ട വകുപ്പുകളെ സഹായിക്കുന്നു. നികുതി സീലുകളുടെ നിയമസാധുത സകാത്ത്, നികുതി അതോറിറ്റി പുറത്തിറക്കിയ ആപ്പ് വഴി പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ഉപയോക്താക്കൾക്ക് സാധിക്കും. സിഗരറ്റ് പാക്കറ്റുകളിലെ ബാർ കോഡുകൾ ആപ്പ് വഴി സ്‌കാൻ ചെയ്ത് നികുതി സീലുകളുടെ നിയമ സാധുത ആർക്കും ഉറപ്പുവരുത്താൻ കഴിയും. നിയമവിരുദ്ധ ഉൽപന്നങ്ങളെ കുറിച്ച് സകാത്ത്, നികുതി അതോറിറ്റി വെബ്‌സൈറ്റ് വഴി ഉപയോക്താക്കൾ അതോറിറ്റിയെ അറിയിക്കണം. ഏകീകൃത കോൾ സെന്ററിൽ 19993 എന്ന നമ്പറിൽ ബന്ധപ്പെട്ടും സകാത്ത്, നികുതി അതോറിറ്റി വെബ്‌സൈറ്റ് വഴിയും അതോറിറ്റി പുറത്തിറക്കിയ ആപ്പ് വഴിയും നികുതി സീലില്ലാത്ത ഉൽപന്നങ്ങളെ കുറിച്ച് ഉപയോക്താക്കൾക്ക് പരാതികൾ നൽകാൻ കഴിയുമെന്ന് അതോറിറ്റി പറഞ്ഞു.


നികുതി സീലുകൾ ലഭിക്കുന്നതിന് വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണമെന്ന് പുകയില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന കമ്പനികളോടും സ്ഥാപനങ്ങളോടും മെയ് അവസാനത്തിൽ സകാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സിഗരറ്റ് പാക്കറ്റുകളിൽ നികുതി സീൽ ബാധകമാക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പുകൾ മെയ് 31 നാണ് അതോറിറ്റി ആരംഭിച്ചത്. ഹുക്കയിൽ ഉപയോഗിക്കുന്ന പുകയില അടക്കമുള്ള മറ്റു പുകയില ഉൽപന്നങ്ങൾക്ക് പിന്നീട് നികുതി സീൽ ബാധകമാക്കും. ഇതിനു ശേഷം എനർജി ഡ്രിങ്കുകൾക്കും ശീതള പാനീയങ്ങൾക്കും നികുതി സീൽ നിർബന്ധമാക്കും. സിഗരറ്റ് അടക്കമുള്ള പുകയില ഉൽപന്നങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും 100 ശതമാനവും ശീതള പാനീയങ്ങൾക്ക് 50 ശതമാനവും സെലക്ടീവ് ടാക്‌സ് ആണ് ബാധകം. 

 

Latest News