Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇതര സംസ്ഥാന തൊഴിലാളികൾക്കും  റേഷൻ ആനുകൂല്യം 

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം മാധ്യമ ശിൽപശാല എറണാകുളം പ്രസ് ക്ലബ്ബിൽ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി - ദേശീയ ഭക്ഷ്യഭദ്രത നിയമത്തിന്റെ ചുവട് പിടിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കും റേഷൻ വിതരണം ചെയ്യുന്ന നടപടികൾ ആരംഭിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ. ദേശീയ ഭക്ഷ്യഭദ്രതാ നിയമം പൂർണമായും നടപ്പിലാക്കുമ്പോൾ ഏറ്റവും വലിയ ഗുണഭോക്താവാകുന്നത് ഇതര സംസ്ഥാന തൊഴിലാളികളായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എറണാകുളം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ദേശീയ ഭക്ഷ്യഭദ്രതാ നിയമം മാധ്യമ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. 
നിലവിൽ സംസ്ഥാനത്ത് 40 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരിൽ പലരും കുടുംബ സമേതമാണ് കേരളത്തിൽ തൊഴിൽ തേടിയെത്തുന്നത്. എന്നാൽ ഇവർക്ക് റേഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുമ്പോൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കേരളത്തിൽ നിന്ന് റേഷൻ വാങ്ങുന്നതിനുള്ള സൗകര്യം നടപ്പിലാകും. ഇത് കേരളത്തിന്റെ കമ്പോളത്തിലാകെ ചലനമുണ്ടാക്കും. ദേശീയ ഭക്ഷ്യഭദ്രതാ നിയമം പൂർണമായും നടപ്പിലാക്കുന്നതോടെ റേഷൻ കാർഡ് ഉടമകൾക്ക് രാജ്യത്തിന്റെ ഏത് സംസ്ഥാനത്ത് നിന്നും റേഷൻ മേടിക്കുവാൻ സാധിക്കുമെന്നത് വലിയ പ്രത്യേകതയാണ്. അതിന്റെ ആദ്യപടിയായി 10 സംസ്ഥാനങ്ങളെ ഉൾക്കൊള്ളിച്ച് ക്ലസ്റ്റർ രൂപീകരിച്ച് കഴിഞ്ഞു. കേരളത്തിനൊപ്പം കർണാടകയാണ് ഈ ക്ലസ്റ്ററിലുള്ളത്. മംഗലാപുരത്തുള്ള കാർഡ് ഉടമയ്ക്ക് കാസർകോട്ട് നിന്നും തിരിച്ചും റേഷൻ വാങ്ങിക്കുവാൻ ഇതിലൂടെ സാധിക്കും. വീടുകളിലേക്ക് റേഷൻ എത്തിച്ച് നൽകുന്ന പദ്ധതിയും ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ചുവട് പിടിച്ച് നടപ്പിലാക്കും. ആദിവാസി ഊരുകളിൽ നിലവിൽ പദ്ധതി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. 
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ.  ബി രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ ജ്യോതി കൃഷ്ണ ബി, പ്രസ് ക്ലബ്ബ് സെക്രട്ടറി പി ശശികാന്ത് തുടങ്ങിയവർ സംസാരിച്ചു. മീഡിയ അക്കാദമി സെക്രട്ടറിയായി ചുമതലയേറ്റ ചന്ദ്രഹാസൻ വടുതലയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർ സഹീർ ടി വിഷയം അവതരിപ്പിച്ചു. കൊച്ചി താലൂക്ക് സപ്ലൈ ഓഫീസർ ശോഭ ടി നന്ദി പറഞ്ഞു.  

 

Latest News