Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസില്‍ പുതിയ മാറ്റം വരുന്നു; തന്ത്രം മെനയാനും തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യാനും സമിതികള്‍

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തടിതപ്പിയതോടെ നാഥനില്ലാ കളരി ആയെന്ന ആക്ഷേപം കേട്ട കോണ്‍ഗ്രസ് അണിയറിയില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കോപ്പുകൂട്ടുന്ന തിരക്കിലാണ്. താല്‍ക്കാലിക അധ്യക്ഷയായി മുന്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധി വന്നതോടെ കോണ്‍ഗ്രസിന്റെ പഴയ തന്ത്രജ്ഞര്‍ സജീവമായി രംഗത്തുണ്ട്. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ രണ്ടു പ്രധാന പ്രത്യേക സമിതികള്‍ക്ക് കോണ്‍ഗ്രസ് പുതുതായി രൂപം നല്‍കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പുകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നിര്‍വഹിക്കുന്നതിനും ഒരു സമിതിയും സര്‍ഗാത്മകവും തന്ത്രപരവുമായ നയങ്ങള്‍ ഉണ്ടാക്കുന്നതിന് മറ്റൊരു സമിതിയുമാണ് വരുന്നതെ ഇതുമായി ബന്ധപ്പെട്ട പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസിന്റെ കേന്ദ്ര പ്രവര്‍ത്തക സമിതിക്കും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിക്കും സമാനമായിരിക്കും തെരഞ്ഞെടുപ്പു കൈകാര്യം ചെയ്യുന്ന പുതിയ സമിതി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുന്നതും വിവിധ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങള്‍ക്ക് നയം ഉണ്ടാക്കുന്നതും ഈ സമിതി ആയിരിക്കും. പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള ഒരു സ്ഥിരം സമിതി ആയാണ് ഇതിനെ വിഭാവം ചെയ്തിരിക്കുന്നത്. കൂടാതെ ഈ സമിതിയില്‍ സോഷ്യല്‍ മീഡിയ, ഡേറ്റ അനലിറ്റിക്‌സ്, കമ്യൂണിക്കേഷന്‍, ഗവേഷണം എന്നിവയ്ക്കായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘങ്ങളും ഉണ്ടാകും. ഈ സമിതിയുടെ അധ്യക്ഷനായി കോണ്‍ഗ്രസിന്റ മുഖ്യതന്ത്രജ്ഞന്‍ ജയ്‌റാം രമേശിനെയാണ് പരിഗണിക്കപ്പെടുന്നതെന്നും റിപോര്‍ട്ട് പറയുന്നു.

രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാനും പുതിയ ആശയങ്ങള്‍ കണ്ടെത്താനുമാണ് രണ്ടാമത്തെ സമിതി. മാറിമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് ആവശ്യമായ തന്ത്രങ്ങളും നയങ്ങളും ഈ സമിതി പാര്‍ട്ടിക്കു നല്‍കും. രചനാത്മക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പൊതു പ്രചാരണ വകുപ്പിനെ പുതുക്കി പണിതാണ് ഈ സമിതി രൂപീകരിക്കുന്നത്. ഈ സമിതി വിവിധ സന്നദ്ധ സംഘടനകളുമായും പൗരാവകാശ പ്രവര്‍ത്തകരുമായും ചേര്‍ന്നു പ്രവര്‍ത്തിക്കും. ദേശീയ തലത്തില്‍ വിവിധ സംഘടനകളുമായും ആക്ടിവിസ്റ്റുകളുമായും കൈകോര്‍ക്കാനാണു പദ്ധതി.

2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പു കാലത്ത് നടപ്പിലാക്കിയ തന്ത്രങ്ങളുടെ വിജയമാണ് ഈ രണ്ടു സ്ഥിരം സമിതികള്‍ക്ക് ദേശീയ തലത്തില്‍ രൂപം നല്‍കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ആദ്യമായി ഗുജറാത്തിലാണ് തെരഞ്ഞെടുപ്പിനു മാത്രമായി ഡേറ്റ അനലിറ്റിക്‌സ്, സോഷ്യല്‍ മീഡിയ, ഗവേഷണം എന്നിവയ്ക്കു മാത്രമായി ഒരു സംഘത്തെ നിയോഗിച്ചത്. ഇതു ഫലം ചെയ്തതോടെ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി ഇത്തരം സംഘങ്ങളെ ഉപയോഗിച്ചു. ഇത് ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ സ്ഥിരം സംവിധാനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ രണ്ടു സമിതികളും വരുന്നത്.
 

Latest News